മുസ്‌ലിം ലീഗിനെതിരായ വൈറസ് പരാമര്‍ശം: യോഗി ആദിത്യനാഥിന്റെ ട്വീറ്റുകള്‍ ട്വിറ്റര്‍ മരവിപ്പിച്ചു
national news
മുസ്‌ലിം ലീഗിനെതിരായ വൈറസ് പരാമര്‍ശം: യോഗി ആദിത്യനാഥിന്റെ ട്വീറ്റുകള്‍ ട്വിറ്റര്‍ മരവിപ്പിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 17th April 2019, 11:05 am

 

ലക്‌നൗ: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിവാദ ട്വീറ്റുകള്‍ ട്വിറ്റര്‍ മരവിപ്പിച്ചു. മുസ്‌ലിം ലീഗിനെ വൈറസ് എന്നാരോപിക്കുന്ന യോഗിയുടെ രണ്ടു ട്വീറ്റുകളാണ് ട്വിറ്റര്‍ മരവിപ്പിച്ചത്.

ട്വീറ്റിനെതിരെ മുസ്‌ലിം ലീഗ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശത്തെ തുടര്‍ന്നാണ് ട്വിറ്റര്‍ യോഗി ആദിത്യനാഥിനെതിരെ നടപടിയെടുത്തത്.

വൈറസ് പരാമര്‍ശത്തിനു പുറമേ ഇന്ത്യാ വിഭജനത്തില്‍ മുസ്‌ലിം ലീഗിന് പങ്കുണ്ടെന്ന് ആരോപിക്കുന്ന ട്വീറ്റും ട്വിറ്റര്‍ നീക്കിയിട്ടുണ്ട്. ബി.ജെ.പി അനുഭാവികളായ 31 ട്വിറ്റര്‍ ഹാന്‍ഡിലുകളിലെ 34 ട്വീറ്റുകള്‍ മരവിപ്പിച്ചിട്ടുണ്ട്. ലീഗ് പതാക കാട്ടി പാക് പതാകയെന്ന് ആരോപിക്കുന്ന ട്വീറ്റുകളാണ് മരവിപ്പിച്ചത്.

യോഗി ആദിത്യനാഥിന്റേതിനു പുറമേ കേന്ദ്രമന്ത്രി ഗിരിരാജ് സിങ്, ബി.ജെ.പി ഐ.ടി സെല്‍ തലവന്‍ അമിത് മാളവ്യ, എന്‍.ഡി.എ എം.എല്‍ എം.എസ് സിര്‍സ എന്നിവരുടെ ട്വീറ്റുകളും ട്വിറ്റര്‍ മരവിപ്പിച്ചിട്ടുണ്ട്.

മുസ്‌ലിം ലീഗ് വൈറസാണെന്നും കോണ്‍ഗ്രസിനെ ഈ വൈറസ് ബാധിച്ചിട്ടുണ്ടെന്നുമായിരുന്നു യോഗി ആദിത്യനാഥിന്റെ ട്വീറ്റ്. ഈ വൈറസിനാല്‍ രാജ്യം ഒരിക്കല്‍ വിഭജിക്കപ്പെട്ടെന്നും യോഗി ട്വീറ്റ് ചെയ്തിരുന്നു.

കോണ്‍ഗ്രസ് ജയിച്ചാല്‍ രാജ്യത്താകെ ഈ വൈറസ് പടരുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിനു പിന്നാലെയാണ് യോഗി ഇത്തരമൊരു പരാമര്‍ശവുമായി രംഗത്തെത്തിയത്. രാഹുല്‍ ഗാന്ധിക്ക് മുസ്‌ലിം ലീഗുമായി ഒരു അജണ്ടയുണ്ടെന്നും യോഗി ട്വിറ്റ് ചെയ്തിരുന്നു.

വയനാട്ടില്‍ രാഹുല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിനു പിന്നാലെ തന്നെ ബി.ജെ.പി വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്ന തരത്തില്‍ ഇതിനെ ഉപയോഗിച്ചിരുന്നു.

നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്ന തരത്തില്‍ ഉപയോഗിച്ചിരുന്നു. ഉത്തരേന്ത്യയിലെ ഹിന്ദുസമുദായത്തെ ഭയന്നാണ് രാഹുല്‍ വയനാട്ടിലേക്ക് പോയതെന്നായിരുന്നു മോദിയുടെ പരാമര്‍ശം.

രാഹുല്‍ വയനാട് ചുരംവഴി കേരളത്തില്‍ എത്തുന്നതിനു പിന്നില്‍ കോണ്‍ഗ്രസ് മാര്‍ക്സിസ്റ്റ് ജിഹാദി എന്ന സംയുക്ത കൂട്ടുകെട്ടാണെന്നാണ് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിയംഗവും എന്‍.ഡി.എ സംസ്ഥാന കണ്‍വീനറുമായ പി.കെ കൃഷ്ണദാസ് പറഞ്ഞത്.