| Friday, 29th September 2017, 7:17 pm

റോഹിങ്ക്യകള്‍ അഭയാര്‍ത്ഥികളല്ല; വലിഞ്ഞു കേറിവന്ന ഭീകരവാദബന്ധമുള്ളവരെന്ന് യോഗി ആദിത്യനാഥ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. റോഹിങ്ക്യകള്‍ അഭയാര്‍ത്ഥികളല്ലെന്നും വലിഞ്ഞുകേറിവന്ന ഭീകരവാദ ബന്ധമുള്ളവരാണെന്നും യോഗി പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് യോഗി റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്.

റോഹിങ്ക്യകളുടെ അവസ്ഥയില്‍ ചിലര്‍ ഉത്കണ്ഠയും സഹാനുഭൂതിയും പ്രകടിപ്പിക്കുന്നത് സങ്കടകരവും അപലപനീയവുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“ഇന്ത്യയിലെ റോഹിങ്ക്യകള്‍ അഭയാര്‍ത്ഥികളല്ല, വലിഞ്ഞുകയറി വന്നവരാണ്. അവരുടെ കാര്യത്തില്‍ ചിലര്‍ ഉത്കണ്ഠ പുലര്‍ത്തുന്നത് ദു:ഖകരമാണ്. മ്യാന്‍മറില്‍ നിഷ്‌കളങ്കരായ നിരവധി ഹിന്ദുക്കളാണ് കൊല്ലപ്പെട്ടത്. ഇത് റോഹിംഗ്യകളുമായി ബന്ധമുള്ള തീവ്രവാദ ഗ്രൂപ്പുകള്‍ ചെയ്തതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.” യോഗി പറഞ്ഞു.


Also Read: നാടുകാണി ചുരത്തിലെ ജാറം അജ്ഞാതര്‍ പൊളിച്ച് നീക്കി തെങ്ങ് നട്ടു; ആക്രമണം ഉണ്ടാകുന്നത് മൂന്നാം തവണ


റോഹിങ്ക്യന്‍ വിഷയത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും യോഗി പറഞ്ഞു. നേരത്തെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന നിലപാടായിരുന്നു കേന്ദ്രസര്‍ക്കാരും സ്വീകരിച്ചിരുന്നത്.

റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് അഭയം നല്‍കാന്‍ കഴിയുകയില്ലെന്നും അവര്‍ ഇന്ത്യന്‍ പൗരന്‍മാരുടെ മൗലിക അവകാശങ്ങളെ ദോഷകരമായി ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നേരത്തെ നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് കടുത്ത പരാമര്‍ശങ്ങളുമായി യോഗി ആദിത്യനാഥ് എത്തിയത്.

We use cookies to give you the best possible experience. Learn more