| Wednesday, 27th August 2014, 7:12 pm

ഒരു ഹിന്ദു പെണ്‍കുട്ടിക്ക് പകരം 100 മുസ്‌ലിം പെണ്‍കുട്ടികളെ മതം മാറ്റണം: ബി.ജെ.പി എം.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] ന്യൂദല്‍ഹി: ഒരു ഹിന്ദു പെണ്‍കുട്ടിയെ മതം മാറ്റിയാല്‍ 100 മുസ്‌ലിം പെണ്‍കുട്ടികളെ മതം മാറ്റണമെന്ന് ബി.ജെ.പി എം.പി യോഗി ആദിത്യനാഥ്. ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂര്‍ എം.പിയായ യോഗി ആയിരത്തിലധികം വരുന്ന ജനങ്ങളോടാണ്  മുസ്‌ലിം പെണ്‍കുട്ടികളെ മതം മാറ്റി വിവാഹം കഴിക്കണമെന്ന് ആഹ്വാനം ചെയ്തത്.

യോഗിയുടെ പ്രകോപനപരമായ പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങളും ഇതിനകം തന്നെ വിവാദമായി കഴിഞ്ഞു. ഹിന്ദുപെണ്‍കുട്ടികള്‍ അപമാനിക്കപ്പെടുന്നത് സംസ്‌കാരമുള്ള സമൂഹം ഒരിക്കലും അംഗീകരിക്കില്ല. ആഭ്യന്തര കലഹമുണ്ടാക്കാന്‍ ഒരു സമൂഹം ശ്രമിക്കുകയാണ്. ഇതിനെതിരെ ഗവണ്‍മെന്റ് പ്രതികരിക്കാതിരുന്നാല്‍ ഹിന്ദുക്കള്‍ നിയമം കയ്യിലെടുക്കുമെന്നും യോഗി പറഞ്ഞു.

എന്നാല്‍ യോഗിയുടെ പ്രസംഗം നടന്ന സ്ഥലവും തീയതിയും ഇതു വരെ വ്യക്തമായിട്ടില്ല. ഈ വിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന് ചൊവ്വാഴ്ച രാത്രി യോഗി പ്രതികരിച്ചിരുന്നു.

ഗൊരഖ്പൂര്‍ വര്‍ഗീയ കലാപത്തില്‍ ആരോപണ വിധേയനായ ആദിത്യനാഥ് തന്റെ വിവാദ പരാമര്‍ശങ്ങളെ തുടര്‍ന്ന് എന്നും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ലൗ ജിഹാദ് പോലുള്ള വിഷയങ്ങള്‍ ഹിന്ദുക്കള്‍ കൈകാര്യം ചെയ്യുമെന്നും പാക്കിസ്ഥാന്റെ അജണ്ടയുമായി പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസുകാരെ അപലപിക്കണെമന്നുമുള്ള അദ്ദേഹത്തിന്റെ പരാമര്‍ശം വിവാദമായിരുന്നു.

അതേസമയം ലൗ ജിഹാദ് പോലുള്ള സംഭവങ്ങള്‍ ഇന്ത്യയില്‍ നടക്കുന്നില്ലെന്ന് മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് അംഗം ഖാലിദ് റഷീദ് ഫിറാംഗി മഹലി വ്യക്തമാക്കി. വിവാഹിതരാവാനായി ചിലര്‍ മതം മാറുന്ന ഒറ്റപ്പെട്ട സംഭവങ്ങള്‍ക്ക് ഒരു സമൂഹത്തെ മുഴുവന്‍ പഴിക്കുന്നത് വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കാനുള്ള ബി.ജെ.പിയുടെ അടവാണെന്നും അദ്ദേഹം പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more