| Tuesday, 18th April 2017, 11:53 am

പുരുഷന് സ്ത്രീയുടെ കഴിവ് കിട്ടിയാല്‍ അവര്‍ വിശുദ്ധരാവും ;സ്ത്രീക്ക് പുരുഷന്റെ കഴിവ് കൂടി ലഭിച്ചാല്‍ അവര്‍ പിശാചുക്കളാകും: യോഗി ആദിത്യനാഥ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: കടുത്ത സ്ത്രീ വിരുദ്ധ പ്രസ്താവനയുമായി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഒരു പുരുഷന് സ്ത്രീയുടെ കഴിവ് കൂടി ലഭിച്ചാല്‍ അവര്‍ വിശുദ്ധരും പുണ്യവാന്‍മാരുമാകും. എന്നാല്‍ എന്നാല്‍ ഒരു സ്ത്രീയ്ക്ക് പുരുഷന്റെ കഴിവ് കൂടി ലഭിച്ചാല്‍ അവര്‍ പിശാചുക്കളും രക്തരക്ഷസുകളുമായി മാറും. – ഇതായിരുന്നു യോഗിയുടെ വാക്കുകള്‍. യോഗി ആദിത്യനാഥിന്റെ വെബ്‌സൈറ്റില്‍ അദ്ദേഹം എഴുതിയ ലേഖനത്തിലായിരുന്നു സ്ത്രീകള്‍ക്കെതിരായ ഈ വിമര്‍ശനം.

രാജ്യത്തെ സ്ത്രീകളെ അപമാനിക്കുന്ന വിധമാണ് യോഗി ആദിത്യനാഥിന്റെ പ്രസ്താവനയെന്നും വിഷയത്തില്‍ യോഗി ആദിത്യനാഥ് മാപ്പുപറയണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഇനി മേലില്‍ ഇത്തരത്തിലുള്ള പ്രസ്താവനകള്‍ നടത്തരുതെന്ന് ആദ്യത്യനാഥിനോട് പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായും ആവശ്യപ്പെടണമെന്നും കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജേവാല ആവശ്യപ്പെട്ടു.

സ്ത്രീകളെ കുറിച്ചുള്ള ബി.ജെ.പിയുടെ ധാരണകളാണ് തന്റെ ലേഖനത്തിലൂടെ ആദിത്യനാഥ് എഴുതിയിരിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.

സ്ത്രീകളെ സ്വതന്ത്രരാക്കേണ്ട സാഹചര്യം ഇല്ലെന്നും അവര്‍ക്ക് ഒരിക്കലും സ്വതന്ത്രരായി നിലനില്‍ക്കാന്‍ കഴിയില്ലെന്നുമാണ് ലേഖനത്തില്‍ യോഗി പറയുന്നത്. സ്ത്രീകള്‍ ഏപ്പോഴും സുരക്ഷ ലഭിക്കണം. എന്നാല്‍ സ്വാതന്ത്ര്യം വേണ്ട.

ആദ്യ ഘട്ടത്തില്‍ പിതാവിന്റെ സുരക്ഷ പിന്നീട് ഭര്‍ത്താവിന്റെ സുരക്ഷ അതിന് ശേഷം മകന്റെ സുരക്ഷ -ഇതില്‍ നിന്നും സ്ത്രീ ഒരിക്കലും സ്വാതന്ത്ര്യം അര്‍ഹിക്കുന്നില്ലെന്നാണ് അദ്ദേഹം പറയുന്നത്- സുര്‍ജേവാല പറഞ്ഞു.


Dont Miss പൊലീസ് രജിസ്റ്റര്‍ ചെയ്ത 42 കേസുകളില്‍ യു.എ.പി.എ നിലനില്‍ക്കില്ലെന്ന് ഡി.ജി.പിയുടെ റിപ്പോര്‍ട്ട് 


ജനാധിപത്യത്തിലൂടെ ജനങ്ങള്‍ തിരഞ്ഞെടുത്ത ഒരു ഭരണാധികാരി ഇത്രയും സ്ത്രീവിരുദ്ധമായ പ്രസ്താവന ഇതിന് മുന്‍പൊരിക്കലും നടത്തിയിട്ടില്ലെന്നും രാജ്യത്തെ സ്ത്രീകളെ മാത്രമല്ല രാജ്യത്തെ ഒന്നടങ്കം അപമാനിക്കുന്ന പ്രസ്താവനയാണ് ഇതെന്നും സുര്‍ജേവാല വ്യക്തിമാക്കി. എത്രയും പെട്ടെന്ന് തന്റെ ഈ പ്രസ്താവന പിന്‍വലിച്ച് യോഗി ആദ്യത്യനാഥ് മാപ്പുപറയണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു.

We use cookies to give you the best possible experience. Learn more