ഹരിയാനയിലെ കോണ്‍ഗ്രസ്സ് നേതാവായ ജയ്ഭഗ്‌വാന്‍ ശര്‍മ്മയുടെ മകള്‍ ശീതളിനെയാണ് യോഗേശ്വര്‍ വിവാഹം കഴിക്കുന്നത്.
ന്യൂദല്‍ഹി: 2012ലെ ലണ്ടന്‍ ഒളിമ്പിക്‌സില്‍ എതിരാളികളെ മലര്‍ത്തിയടിച്ച് ഇന്ത്യയ്ക്ക് വെള്ളിമെഡല്‍ നേടി തന്ന താരമാണ് ഹരിയാന സ്വദേശി യോഗേശ്വര്‍ ദത്ത് ഇന്നു വിവാഹിതനാകുന്ന താരം കല്ല്യാണക്കാര്യത്തില്‍ തോല്‍പ്പിച്ചത് സ്ത്രീധന തുക ചോദിച്ചു വാങ്ങുന്ന ജനതയെയാണ്. യോഗേശ്വര്‍ സ്ത്രീധനമായി ചോദിച്ചത് കേവലം ഒരു രൂപ മാത്രമാണ്.
“തനിക്കു രണ്ടു ആഗ്രഹങ്ങളാണ് ഉണ്ടായിരുന്നത്. ഒന്നു ഗുസ്തിയില്‍ അറിയപ്പെടുന്ന താരമാകണം രണ്ട് സ്ത്രീധനം വാങ്ങാതെ വിവാഹം കഴിക്കണം. ഇപ്പോള്‍ ഇതു രണ്ടും യാഥാര്‍ത്ഥ്യമായി മാറി” താരം പറഞ്ഞു. തന്റെ സഹോദരിമാരുടെ വിവാഹസമയത്ത് സ്ത്രീധനത്തിനായി അച്ഛനും അമ്മയും കഷ്ടപ്പെടുന്നത് താന്‍ കണ്ടിട്ടുണ്ട് അതിനാലാണ് വലുതാകുമ്പോള്‍ രണ്ട് സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാകണമെന്ന് ആഗ്രഹിച്ചതെന്നും താരം പറഞ്ഞു.
രണ്ടും കാണാന്‍ അച്ഛന്‍ രാമേഹര്‍ ദത്തും ആദ്യ കോച്ചായ സത്ബീര്‍ സിങും ജീവിച്ചിരിക്കുന്നത് അതിലേറെ സന്തോഷം നല്‍കുന്ന കാര്യവുമാണെന്നും യോഗേശ്വര്‍ കൂട്ടിച്ചേര്‍ത്തു.
ഹരിയാനയിലെ കോണ്‍ഗ്രസ്സ് നേതാവായ ജയ്ഭഗ്‌വാന്‍ ശര്‍മ്മയുടെ മകള്‍ ശീതളിനെയാണ് യോഗേശ്വര്‍ വിവാഹം കഴിക്കുന്നത്. മകന്റെ തീരുമാനത്തെ അമ്മ സുശീല ദേവിയും പ്രശംസിച്ചു. വിവാഹം ജീവിതത്തിലെ പ്രത്യേകതയുള്ള സംഭവമാണെന്നും മറ്റുള്ളവരുടെ കണ്ണ് തട്ടാതിരിക്കാനാണ് വധുവിന്റെ മാതാപിതാക്കളില്‍ നിന്ന് ഒരു രൂപ വാങ്ങുന്നതും എന്നുമായിരുന്നു അമ്മ പറഞ്ഞത്.