[] ഇഞ്ചിയോണ്‍: ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റില്ല. ഏഷ്യന്‍ ഗെയിംസ് ഗുസ്തിയില്‍ ഇന്ത്യയുടെ യോഗേശ്വര്‍ ദത്ത് സ്വര്‍ണം നേടി. പുരുഷന്മാരുടെ 65 കിലോ ഫ്രീസ്റ്റൈലില്‍ താജിക്കിസ്ഥാന്‍ താരം സലിംഖാന്‍ യുസുപോവിനെ മലര്‍ത്തിയടിച്ചാണ് യോഗേശ്വര്‍ സ്വര്‍ണം സ്വന്തമാക്കിയത്.
ചൈനീസ് താരം കത്തായ് യീര്‍ലാന്‍ബികിയെ പരാജയപ്പെടുത്തിയാണ് യോഗേശ്വര്‍ ഫൈനലില്‍ കടന്നത്. ഒളിമ്പിക്‌സ് വെങ്കല മെഡല്‍ ജേതാവായ യോഗേശ്വര്‍ ഗ്ലാസ്‌ഗോയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലും സ്വര്‍ണം നേടിയിരുന്നു.
വനിത വിഭാഗം ബോക്‌സിംഗില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ മേരി കോം സെമിയില്‍ കടന്നു. വനിതകളുടെ 48-51 കിലോഗ്രാം വിഭാഗത്തില്‍ ചൈനയുടെ സി ഹൈജുവാനെയാണ് ക്വാര്‍ട്ടറില്‍ മേരി കോം പരാജയപ്പെടുത്തിയത്. എതിരില്ലാത്ത മൂന്ന് സെറ്റുകള്‍ക്കായിരുന്നു ഇന്ത്യന്‍ താരത്തിന്റെ വിജയം.
ഇതോടെ ഇഞ്ചിയോണിലെ ഇന്ത്യയുടെ സ്വര്‍ണനേട്ടം നാലായി. നാല് സ്വര്‍ണമടക്കം 30 മെഡലുകള്‍ നേടിയ ഇന്ത്യ മെഡല്‍പട്ടികയില്‍ എട്ടാം സ്ഥാനത്താണ്. അതേസമയം 101 സ്വര്‍ണമടക്കം 205 മെഡലുകളുമായി ഏഷ്യന്‍ ഗെയിംസില്‍ ചൈന മുന്നേറ്റം തുടരുകയാണ്.