വെള്ളി നേടിയ റഷ്യയുടെ ബെസിക് കുത്‌കോവ് ഉത്തേജക മരുന്ന് ഉപയോഗിച്ചുവെന്ന പരാതിയില്‍ പുനരന്വേഷണം നടത്തേണ്ടതില്ലെന്ന അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയുടെ തീരുമാനമാണ് യോഗേശ്വറിന് തിരിച്ചടിയായത്.
ന്യൂദല്‍ഹി: ഇന്ത്യന്‍ ഗുസ്തിതാരം യോഗേശ്വര്‍ ദത്ത് ലണ്ടന്‍ ഒളിംപിക്‌സില്‍ നേടിയ വെങ്കല മെഡല്‍ വെള്ളിയാകില്ല.
വെള്ളി നേടിയ റഷ്യയുടെ ബെസിക് കുത്‌കോവ് ഉത്തേജക മരുന്ന് ഉപയോഗിച്ചുവെന്ന പരാതിയില്‍ പുനരന്വേഷണം നടത്തേണ്ടതില്ലെന്ന അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയുടെ തീരുമാനമാണ് യോഗേശ്വറിന് തിരിച്ചടിയായത്.
കുത്‌കോവിനെ അയോഗ്യനാക്കിയിരുന്നെങ്കില്‍ ലണ്ടനില്‍ വെങ്കലം ലഭിച്ച യോഗേശ്വറിന് വെള്ളി ലഭിക്കുമായിരുന്നു. എന്നാല്‍, കുത്‌കോവ് ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് പിടിക്കപ്പെട്ടപ്പോള്‍, ആ വെള്ളി മെഡല്‍ തനിക്കുവേണ്ട, അത് കുത്‌കോവിന്റെ കുടുംബം തന്നെ സൂക്ഷിച്ചോട്ടേ എന്നായിരുന്നു യോഗേശ്വറിന്റെ നിലപാട്.
2012ലെ ഒളിംപിക്‌സിനുശേഷം ഒരു വര്‍ഷം കഴിഞ്ഞ് കുത്‌കോവ് ഒരു വാഹനാപകടത്തില്‍ മരിക്കുകയായിരുന്നു. ലണ്ടന്‍ ഒളിംപിക്‌സ് പ്രീ ക്വാര്‍ട്ടറില്‍ കുത്‌കോവിനോട് പരാജയപ്പെട്ട യോഗേശ്വര്‍ റെപ്പഷാഗെ റൗണ്ടിലൂടെയാണ് വെങ്കല മെഡല്‍ നേടിയത്.
കുത്‌കോവിന്റെ മൂത്രസാമ്പിള്‍ പുന:പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ അതില്‍ നിരോധിക്കപ്പെട്ട സ്റ്റിറോയ്ഡായ ടുറിനാബോളിന്റെ സാന്നിധ്യം കണ്ടെത്തിയെന്ന് റഷ്യന്‍ റസലിങ് ഫെഡറേഷനായിരുന്നു വെളിപ്പെടുത്തിയത്.
ഈ റിപ്പോര്‍ട്ട് സ്വിറ്റ്‌സര്‍ലന്‍ഡുകാരനായ ഡെന്നിസ് ഓസ്‌വാള്‍ഡ്, സ്വീഡിഷുകാരനായ ഗുനില്ല ലിന്‍ഡ്ബര്‍ഗ്, തുര്‍ക്കിക്കാരനായ ഉഗുര്‍ എര്‍ഡെനര്‍ എന്നിവരടങ്ങിയ ഒളിമ്പിക് കമ്മിറ്റിയുടെ അച്ചടക്ക സമിതിയാണ് പുനരന്വേഷണം ആവശ്യമില്ലെന്ന് പറഞ്ഞ് തള്ളിയത്.