സ്വര്‍ണമെഡല്‍ ജേതാവ് മരുന്നടിച്ചു; യോഗേശ്വര്‍ ദത്തിന് സ്വര്‍ണം ലഭിച്ചേക്കും
Daily News
സ്വര്‍ണമെഡല്‍ ജേതാവ് മരുന്നടിച്ചു; യോഗേശ്വര്‍ ദത്തിന് സ്വര്‍ണം ലഭിച്ചേക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 2nd September 2016, 9:16 pm

2012ല്‍ 60 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തി മത്സരത്തില്‍ സ്വര്‍ണം നേടിയ അസര്‍ബൈജാന്‍ താരം തൊഗ്രുല്‍ അസഗരോവ് ഉത്തേജകം ഉപയോഗിച്ചതായി സൂചന ലഭിച്ചതോടെയാണിത്.


ന്യൂദല്‍ഹി: 2012 ലെ ലണ്ടന്‍ ഒളിംപിക്‌സില്‍ വെള്ളിമെഡല്‍ നേടിയ ഇന്ത്യയുടെ യോഗേശ്വര്‍ ദത്തിന് സ്വര്‍ണം ലഭിച്ചേക്കും.
2012ല്‍ 60 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തി മത്സരത്തില്‍ സ്വര്‍ണം നേടിയ അസര്‍ബൈജാന്‍ താരം തൊഗ്രുല്‍ അസഗരോവ് ഉത്തേജകം ഉപയോഗിച്ചതായി സൂചന ലഭിച്ചതോടെയാണിത്.

പ്രാഥമിക പരിശോധനയില്‍ അസഗരോവ് പരാജയപ്പെട്ടുവെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടു ചെയ്തു. മത്സരത്തില്‍ വെള്ളി മെഡല്‍ നേടിയ റഷ്യയുടെ ബെസിക് കുഡുഖോവ് ഉത്തേജകം ഉപയോഗിച്ചതിന് അയോഗ്യനാക്കപ്പെട്ടതിനെ തുടര്‍ന്ന് യോഗേശ്വറിന്റെ വെങ്കലം വെള്ളിയായിരുന്നു.

ഇതിനു പിന്നാലെയാണ് നേട്ടം സ്വര്‍ണത്തിലേക്ക് മാറുന്നുവെന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഇക്കാര്യത്തില്‍ ഔദ്യോഗികമായ സ്ഥിരീകണം ഉണ്ടായിട്ടില്ല.

എന്നാല്‍, വെള്ളി മെഡല്‍ സ്വീകരിക്കാന്‍ ഗുസ്തി താരം യോഗേശ്വര്‍ ദത്ത് വിസമ്മതിക്കുകയായിരുന്നു. നാലു തവണ ലോക ചാംപ്യനായിട്ടുള്ള കുഡുഖോവ് 2013ല്‍ റഷ്യയില്‍ നടന്ന വാഹനാപകടത്തില്‍ മരിച്ചു. 2008 ബെയ്ജിങ് ഒളിംപിക്‌സില്‍ കുഡുഖോവ് വെങ്കലം നേടിയിട്ടുമുമുണ്ട്.

ബേസിക് കുഡുഖോവ് മഹാനായ ഗുസ്തി താരമായിരുന്നെന്നും അദ്ദേഹത്തോടുള്ള ആദരസൂചകമായാണ് താന്‍ ആ മെഡല്‍ സ്വീകരിക്കാതിരിക്കുന്നതെന്നും യോഗേശ്വര്‍ ദത്ത് അറിയിച്ചിരുന്നു. വെള്ളിമെഡല്‍ റഷ്യന്‍ താരത്തിന്റെ കുടുംബത്തിന് തന്നെ സൂക്ഷിക്കാമെന്നും യോഗേശ്വര്‍ ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു.

ബേസിക് കുഡുഖോവ് ഉത്തേജകം ഉപയോഗിച്ചുവെന്നു തെളിഞ്ഞതിനെ തുടര്‍ന്നാണ് ലണ്ടന്‍ ഒളിംപിക്‌സിലെ മറ്റു ഗുസ്തിക്കാരുടെയും മൂത്ര സാമ്പിളുകള്‍ വീണ്ടും പരിശോധിക്കാന്‍ വാഡ തീരുമാനിച്ചത്. ഈ പരിശോധനയിലാണ് സ്വര്‍ണം നേടിയ തൊഗ്രുല്‍ അസഗരോവ് നിരോധിത മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയത്. യോഗേശ്വറിന്റെ മൂത്ര സാമ്പിളും പുനഃപരിശോധനയ്ക്ക് വിധേയമാക്കും.