| Tuesday, 30th August 2016, 9:09 am

യോഗ്വോശ്വര്‍ ദത്തിന്റെ ഒളിമ്പിക്‌സ് വെങ്കല മെഡല്‍ വെള്ളിയായേക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലണ്ടന്‍ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ യോഗേശ്വര്‍ ദത്ത് ഗുസ്തിയില്‍ നേടിയ വെങ്കല മെഡല്‍ വെള്ളിമെഡലായി മാറാന്‍ സാദ്ധ്യത. ലണ്ടനില്‍ വെള്ളിമെഡല്‍ നേടിയ റഷ്യന്‍ താരം നിരോധിത ഉത്തേജക മരുന്നുപയോഗിച്ചിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്.

ഇത് ശരിയാണെങ്കില്‍ ഇന്ത്യന്‍ താരത്തിന്റെ വെങ്കലം വെള്ളിയായി മാറിയേക്കാം. റഷ്യന്‍ ഏജന്‍സിയായ ഫ്‌ളൊറെസ്ലിങ്.ഓര്‍ഗാണ് ലണ്ടനില്‍ വെള്ളി മെഡല്‍ നേടിയ റഷ്യന്‍ താരം ബെസിക് കുഡുക്കോവ് നിരോധിത ഉത്തേജക മരുന്നുപയോഗിച്ചിരുന്നതായ വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്.

നാല് തവണ ലോക ചാമ്പ്യനും രണ്ട് തവണ ഒളിമ്പിക്‌സ് മെഡലും നേടിയിട്ടുള്ള കുഡുക്കോവ് ലോക ഉത്തേജക വിരുദ്ധ ഏജന്‍സിയായ വാഡ നടത്തിയ ടെസ്റ്റില്‍ നിരോധിത മരുന്നുപയോഗിച്ചിരുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്.

അങ്ങിനെയെങ്കില്‍ ലണ്ടനില്‍ 60 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ദത്ത് നേടിയ വെങ്കലം വെള്ളിയായി മാറിയേക്കാം. ഇതോടെ ഗുസ്തിയില്‍ ഒരിന്ത്യന്‍ താരതതിന്റെ മികച്ച ഒളിമ്പിക്‌സ് മെഡല്‍ നേട്ടത്തിനൊപ്പമെത്തും ദത്ത്.

ലണ്ടനില്‍ വെളളി മെഡല്‍ നേടിയ സുശീല്‍ കുമാറിന്റേതാണ് ഇത് വരെയുള്ള ഇന്ത്യയുടെ ഗുസ്തിയിലെ മികച്ച നേട്ടം. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്ദ്യോഗിക റിപ്പോര്‍ട്ടുകളൊന്നും ഇത് വരെ പുറത്ത് വന്നിട്ടില്ല. യൂണൈറ്റഡ് വേള്‍ഡ് വ്‌റെസ്ലിംഗ് അസോസിയേഷനും, അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മിറ്റിയുമാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത്.

ഇക്കാര്യത്തില്‍ ലോക ഗുസ്തി അസോസിയേഷനില്‍ നിന്ന് ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യക്കും ഇത് വരെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. ലോക ഗുസ്തി ഫെഡറേഷനില്‍ നിന്ന് ഇന്ത്യന്‍ ഫെഡറേഷന് ഇക്കാര്യം സംബന്ധിച്ച് അറിയിപ്പ് ലഭിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ ഔദ്ദ്യോഗിക സ്ഥിരീകരണമാവൂ.

We use cookies to give you the best possible experience. Learn more