ലണ്ടന്‍: ഇടിക്കൂട്ടില്‍ നിന്നും ഇന്ത്യക്ക് അഞ്ചാം മെഡല്‍ സമ്മാനിച്ച് യോഗേശ്വര്‍ ദത്ത്. 60 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയിലാണ് നാല് മല്ലന്മാരെ മലര്‍ത്തിയടിച്ച് ഇരുപത്തിയൊമ്പത്കാരനായ യോഗേശ്വര്‍ ദത്ത് ഇന്ത്യയ്ക്കായി വെങ്കല മെഡല്‍ നേടിയത്. റെപ്പഷാജ് റൗണ്ടിലെ അവസാനത്തെ മത്സരത്തില്‍ ദക്ഷിണ കൊറിയയുടെ യോങ് മ്യോങ് റിയെ മലര്‍ത്തിയടിച്ചാണ് യോഗേശ്വര്‍ വെങ്കലം നേടിയത്. ഇതോടെ ഒളിമ്പിക്‌സ് ചരിത്രത്തില്‍ അഞ്ച് മെഡല്‍ നേടി ഇന്ത്യ ചരിത്രം കുറിച്ചിരിക്കുകയാണ്. []
അഞ്ചുവട്ടം ലോക ചാമ്പ്യനായ റഷ്യയുടെ ബെസിക് കുഡുഖോവിനോട് പ്രീ ക്വാര്‍ട്ടറില്‍ യോഗേശ്വര്‍ പരാജയപ്പെടുകയും ബെസിക് ഫൈനലില്‍ എത്തിയതുമാണ് യോഗേശ്വറിന് റെപ്പഷേഗ റൗണ്ടില്‍ മത്സരിക്കാന്‍ അവസരം ലഭിച്ചത്. മത്സരത്തില്‍ അസര്‍ബൈജാന്റെ തൊഗ്രുല്‍ അസ്ഗരോവിനാണ് സ്വര്‍ണം. കുഡുഖൊവ് വെള്ളി നേടി രണ്ടാമനായി.
ആരെയും ത്രസിപ്പിക്കുന്നതായിരുന്നു യോഗേശ്വറിന്റെ വെങ്കല പോരാട്ടം. ഒരു രാത്രി കൊണ്ട് നാല് ലോകത്തര മല്ലന്മാരെ മലര്‍ത്തിയടിച്ചാണ് യോഗേശ്വര്‍ മെഡല്‍ നേടിയത്. യോഗ്യതാറൗണ്ടില്‍ ഒരു പോയിന്റിന് ആദ്യ പീരിയഡ് നഷ്ടമാക്കിയശേഷമാണ് യോഗേശ്വര്‍ കൂടുതല്‍ കരുത്തോടെയ തിരിച്ചുവന്നത്. ഇരുപത് മിനിറ്റിന്റെ ഇടവേളയില്‍ നടന്ന മൂന്ന് ഗുസ്തികളിലും കരുത്തറിയിച്ച യോഗേശ്വര്‍ ലോകചാമ്പ്യന്‍ഷിപ്പിലെ വെള്ളി മെഡല്‍ ജേതാവായ ബള്‍ഗേറിയയുടെ അനാറ്റൊലി ഗ്വിദിയയെയടക്കം അട്ടിമറിച്ചിരുന്നു. റെപ്പഷാജ് റൗണ്ടില്‍ തുടര്‍ച്ചയായ രണ്ട് ജയത്തിന് ശേഷം കൊറിയയുടെ മ്യോങ് ജോ റിയെ മൂന്നാം റൗണ്ടില്‍ തോല്‍പ്പിച്ചാണ് യോഗേശ്വര്‍ ദത്ത് ഇന്ത്യയ്ക്ക് മെഡല്‍ സമ്മാനിച്ചത്.
ഒളിമ്പിക് ഗുസ്തിയില്‍ ഇത് ഇന്ത്യയുടെ രണ്ടാമത്തെ മെഡലാണ്. കഴിഞ്ഞ തവണ ബീജിങ്ങില്‍ സുശീല്‍കുമാറാണ് വെങ്കലം നേടിയത്. ഏഷ്യന്‍ ഗെയിംസില്‍ രണ്ട് സ്വര്‍ണവും ഒരു വെങ്കലവും കോമണ്‍വെല്‍ത്ത് ഗെയിംസില്‍ രണ്ട് സ്വര്‍ണവും യോഗേശ്വര്‍ നേടിയിട്ടുണ്ട്.