| Wednesday, 31st August 2016, 3:40 pm

ലണ്ടന്‍ ഒളിംപിക്‌സിലെ വെള്ളി മെഡല്‍ നേട്ടം നിരസിച്ച് യോഗേശ്വര്‍ ദത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബേസിക് കുഡുക്കോവ് മഹാനായ ഗുസ്തി താരമായിരുന്നെന്നും അദ്ദേഹത്തോടുള്ള ആദരസൂചകമായാണ് താന്‍ ആ മെഡല്‍ സ്വീകരിക്കാതിരിക്കുന്നതെന്നും യോഗേശ്വര്‍ ദത്ത് അറിയിച്ചു.


ന്യൂദല്‍ഹി: ലണ്ടന്‍ ഒളിംപിക്‌സിലെ വെള്ളി മെഡല്‍ നേട്ടം നിരസിച്ച് ഇന്ത്യന്‍ ഗുസ്തി താരം യോഗേശ്വര്‍ ദത്ത്.

ലണ്ടന്‍ ഒളിംപിക്‌സില്‍ വെള്ളി മെഡല്‍ നേടിയ റഷ്യയുടെ ബേസിക് കുഡുക്കോവ് ഉത്തേജകം ഉപയോഗിച്ചതിന് അയോഗ്യനാക്കപ്പെട്ടതിനെ തുടര്‍ന്നാണ് വെങ്കല മെഡല്‍ നേടിയ യോഗേശ്വറിന്റെ നേട്ടം വെള്ളിയായത്. ഇക്കാര്യം രാജ്യാന്തര ഒളിംപിക് കമ്മിറ്റി ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു. നാലു തവണ ലോകചാംപ്യനായ കുഡുക്കോവ് 2013ല്‍ ഒരു കാറപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു.

ബേസിക് കുഡുക്കോവ് മഹാനായ ഗുസ്തി താരമായിരുന്നെന്നും അദ്ദേഹത്തോടുള്ള ആദരസൂചകമായാണ് താന്‍ ആ മെഡല്‍ സ്വീകരിക്കാതിരിക്കുന്നതെന്നും യോഗേശ്വര്‍ ദത്ത് അറിയിച്ചു. വെള്ളിമെഡല്‍ റഷ്യന്‍ താരത്തിന്റെ കുടുംബത്തിന് തന്നെ സൂക്ഷിക്കാമെന്നും യോഗേശ്വര്‍ ട്വിറ്ററിലൂടെ അറിയിച്ചു.

ഇന്നലെയാണ് ലണ്ടന്‍ ഒളിംപിക്‌സില്‍ താന്‍ നേടിയ വെങ്കല മെഡല്‍ വെള്ളിമെഡലായി മാറിയതായി യോഗേശ്വര്‍ ദത്ത് ട്വിറ്ററിലൂടെ അറിയിച്ചത്.

റഷ്യന്‍ ഏജന്‍സിയായ ഫ്‌ളൊറെസ്ലിങ് ഡോട്ട് ഓര്‍ഗാണ് ലണ്ടനില്‍ വെള്ളി മെഡല്‍ നേടിയ റഷ്യന്‍ താരം ബെസിക് കുഡുക്കോവ് നിരോധിത ഉത്തേജക മരുന്നുപയോഗിച്ചിരുന്നതായ വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്.

We use cookies to give you the best possible experience. Learn more