ന്യൂദല്‍ഹി: ലണ്ടന്‍ ഒളിമ്പിക്‌സില്‍ ഗുസ്തിയില്‍ താന്‍ നേടിയ വെങ്കല മെഡല്‍ വെള്ളിമെഡലായി മാറിയതായി യോഗേശ്വര്‍ ദത്ത്. ട്വിറ്ററിലൂടെയാണ് യോഗേശ്വര്‍ ഇക്കാര്യം സ്ഥിരീകരിച്ചത്.
” എന്റെ ഒളിമ്പിക് മെഡല്‍ വെള്ളിയായി ഉയര്‍ത്തിയെന്ന് ഇന്നു രാവിലെ എനിക്ക് അറിയാന്‍ കഴിഞ്ഞു. എന്റെ രാജ്യത്തെ ജനങ്ങള്‍ക്ക് ഈ മെഡല്‍ സമര്‍പ്പിക്കുന്നു.” യോഗേശ്വര്‍ ദത്ത് ട്വീറ്റു ചെയ്തു.
ലണ്ടനില്‍ വെള്ളിമെഡല്‍ നേടിയ റഷ്യന്‍ താരം നിരോധിത ഉത്തേജക മരുന്നുപയോഗിച്ചിരുന്നു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണിതെന്നാണ് റിപ്പോര്‍ട്ട്.
റഷ്യന്‍ ഏജന്‍സിയായ ഫ്‌ളൊറെസ്ലിങ്.ഓര്‍ഗാണ് ലണ്ടനില്‍ വെള്ളി മെഡല്‍ നേടിയ റഷ്യന്‍ താരം ബെസിക് കുഡുക്കോവ് നിരോധിത ഉത്തേജക മരുന്നുപയോഗിച്ചിരുന്നതായ വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്.
നാല് തവണ ലോക ചാമ്പ്യനും രണ്ട് തവണ ഒളിമ്പിക്‌സ് മെഡലും നേടിയിട്ടുള്ള കുഡുക്കോവ് ലോക ഉത്തേജക വിരുദ്ധ ഏജന്‍സിയായ വാഡ നടത്തിയ ടെസ്റ്റില്‍ നിരോധിത മരുന്നുപയോഗിച്ചിരുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്.
ലണ്ടനില്‍ 60 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയിലാണ് ദത്ത് വെങ്കലം നേടിയത്. ഇതോടെ ഗുസ്തിയില്‍ ഒരിന്ത്യന്‍ താരത്തിന്റെ മികച്ച ഒളിമ്പിക്‌സ് മെഡല്‍ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ദത്ത്.
ലണ്ടനില്‍ വെളളി മെഡല്‍ നേടിയ സുശീല്‍ കുമാറിന്റേതാണ് ഇത് വരെയുള്ള ഇന്ത്യയുടെ ഗുസ്തിയിലെ മികച്ച നേട്ടം.
എന്നാല്‍ ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ന്നിട്ടില്ല. ലോക ഗുസ്തി ഫെഡറേഷനില്‍ നിന്ന് ഇന്ത്യന്‍ ഫെഡറേഷന് ഇക്കാര്യം സംബന്ധിച്ച് അറിയിപ്പ് ലഭിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ ഔദ്ദ്യോഗിക സ്ഥിരീകരണമാവൂ.