കൊല്ലപ്പെട്ട എട്ടുപേരും ധരിച്ച വസ്ത്രങ്ങളുടെയും ഷൂവിന്റെയും കാര്യവും ഇവര്‍ നിരായുധരായിരുന്നു എന്ന ഗ്രാമീണരുടെ മൊഴിയും മാദ്ധ്യമങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ഇക്കാര്യം അന്വേഷിക്കുന്നുണ്ട് എന്നുമാത്രമായിരുന്നു പൊലീസിന്റെ മറുപടി.
ഭോപ്പാല്‍: അതീവ സുരക്ഷ ഏര്‍പ്പെടുത്തിയിരുന്ന ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലിന്റെ ബാരക്ക് “ടൂത്ത് ബ്രഷും തടിക്കഷണവും” ഉപയോഗിച്ചാണ് സിമി പ്രവര്‍ത്തകര്‍ തുറന്നതെന്ന് പൊലീസ്. സംഭവത്തെക്കുറിച്ച് സംശയങ്ങള്‍ നിലനില്‍ക്കുന്നതിനിടെ മധ്യപ്രദേശ് ഐജി യോഗേഷ് ചൗധരി വാര്‍ത്താസമ്മേളനത്തിലാണ് ഇത്തരമൊരു വിശദീകരണം നല്‍കിയത്.
രണ്ടു ബാരക്കുകളായി വിചാരണ തടവുകാരായ 29 സിമി പ്രവര്‍ത്തകരാണുണ്ടായിരുന്നത്. അവര്‍ ടൂത്ത് ബ്രഷും മറ്റു ചില വസ്തുക്കളും ഉപയോഗിച്ച് ബാരക്ക് വാതിലുകള്‍ തുറക്കാനുള്ള താക്കോലുണ്ടാക്കി. ജയില്‍ വാര്‍ഡന്‍ രാമേശ്വര്‍ യാദവിന്റെ തൊണ്ടകീറി. മറ്റൊരു ജയില്‍ വാര്‍ഡനായ ചന്ദന്‍ സിങ്ങിനെ കെട്ടിയിടുകയും ചെയ്തു.
Also Read: സിമിപ്രവര്‍ത്തകരുടെ കൊലപാതകം; പോലീസ് മൊഴികളിലെ വൈരുദ്ധ്യങ്ങള്‍
പിന്നീട് ബെഡ്ഷീറ്റുകള്‍ ഉപയോഗിച്ച് 25 അടി ഉയരുമുള്ള ജയില്‍ മതില്‍ കടന്നു. ഗംഗ പോലീസ് സ്‌റ്റേഷന്‍ ഏരിയയുടെ ഭാഗമായ ഖജ്ര നുള്ളയില്‍ വെച്ച് പൊലീസ് ഇവരെ വളഞ്ഞപ്പോള്‍ സിമി പ്രവര്‍ത്തകര്‍ പൊലീസിനുനേരെ വെടിയുതിര്‍ത്തു. അവര്‍ മുര്‍ച്ഛയുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് പൊലീസിനെ ആക്രമിച്ചെന്നും യോഗേഷ് ചൗധരി പറയുന്നു.
ആക്രമണത്തില്‍ മൂന്ന് പോലീസുകാര്‍ക്ക് പരുക്കേറ്റെന്നും ഡി.ജി.പി പറയുന്നു. എട്ട് സിമി പ്രവര്‍ത്തകരെ വധിക്കാന്‍ പൊലീസ് 43 റൗണ്ട് വെടിവെച്ചെന്നും ചൗധരി അവകാശപ്പെടുന്നു.
സിമി പ്രവര്‍ത്തകരില്‍ നിന്നും നാലു നാടന്‍ തോക്കുകളും മൂന്ന് കത്തികളും കണ്ടെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മൊബൈല്‍ ഫോണൊന്നും കണ്ടെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലപ്പെട്ട എട്ടുപേരും ധരിച്ച വസ്ത്രങ്ങളുടെയും ഷൂവിന്റെയും കാര്യവും ഇവര്‍ നിരായുധരായിരുന്നു എന്ന ഗ്രാമീണരുടെ മൊഴിയും മാദ്ധ്യമങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ഇക്കാര്യം അന്വേഷിക്കുന്നുണ്ട് എന്നുമാത്രമായിരുന്നു പൊലീസിന്റെ മറുപടി.
നിലവില്‍ നടന്ന അന്വേഷണത്തില്‍ നിന്നും വ്യക്തമായ കാര്യം മാത്രമാണ് മാദ്ധ്യമങ്ങളുമായി പങ്കുവെച്ചതെന്നും അദ്ദേഹം പറഞ്ഞു.