|

ഒവൈസിയുടെ പാര്‍ട്ടി ഹിന്ദുത്വ രാഷ്ട്രീയം കാത്തിരുന്ന പങ്കാളി: യോഗേന്ദ്ര യാദവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അസദുദ്ദീന്‍ ഒവൈസിയുടെ എ.ഐ.എം.ഐ.എമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി സാമൂഹ്യപ്രവര്‍ത്തകനായ യോഗേന്ദ്ര യാദവ്. എ.ഐ.എം.ഐ.എം മുന്നോട്ടുവെക്കുന്ന ‘മുസ്‌ലിം സവിശേഷ രാഷ്ട്രീയം’ ഹിന്ദു – ഭൂരിപക്ഷ രാഷ്ട്രീയത്തിന്റെ വളര്‍ച്ചക്കാണ് വേദിയൊരുക്കുകയെന്ന് യോഗേന്ദ്ര യാദവ് പറഞ്ഞു.

‘ദേശീയ തലത്തിലേക്ക് വളരുന്ന ‘മുസ്‌ലിം സവിശേഷ രാഷ്ട്രീയം’ ഹിന്ദു ഭൂരിപക്ഷ രാഷ്ട്രീയം കാത്തിരുന്ന ഏറ്റവും മികച്ച പങ്കാളിയാണ്. ഇതോടുകൂടി ഹിന്ദു-മുസ് ലിം ഐക്യത്തിന് സഹായിക്കുന്ന എല്ലാ രാഷ്ട്രീയ സാധ്യതകളും ഇരുവശങ്ങളിലും ഇല്ലാതാകുന്നു. ബി.ജെ.പിയെ രണ്ടാം തവണയും വോട്ട് ചെയ്ത് അധികാരത്തിലെത്തിച്ചതിലൂടെ ഹിന്ദു ഭൂരിപക്ഷം മതേതര രാഷ്ട്രീയത്തെ പുറന്തള്ളിക്കഴിഞ്ഞു. രാജ്യത്തെ ന്യൂനപക്ഷങ്ങളും മതേതര രാഷ്ട്രീയത്തെ കൈയ്യൊഴിഞ്ഞാല്‍, അത് ഭരണഘടനയില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന ‘മതേതര ഇന്ത്യ’ എന്ന ആശയത്തിന്റെ തന്നെ അന്ത്യമായിരിക്കും. സ്വയം മാറ്റത്തിന് വിധേയമാക്കി കൊണ്ട് ഈ അപകടത്തിനെ പ്രതിരോധിക്കാന്‍ മതേതര രാഷ്ട്രീയം തയ്യാറാകണം.’ ദി പ്രിന്റില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ യോഗേന്ദ്ര യാദവ് വ്യക്തമാക്കുന്നു.

എ.ഐ.എം.ഐ.എം എന്ന സംഘടനയല്ല, അത് മുന്നോട്ടുവെക്കുന്ന ആശയങ്ങളാണ് യഥാര്‍ത്ഥ പ്രശ്‌നമെന്നും യോഗേന്ദ്ര യാദവ് ചൂണ്ടിക്കാണിക്കുന്നു. മുസ്‌ലിങ്ങള്‍ക്കിടയില്‍ നിലനിന്നിരുന്ന ആശങ്കകളെല്ലാം നരേന്ദ്ര മോദി ഭരണത്തിന് കീഴില്‍ കൂടുതല്‍ മോശമായ രീതിയില്‍ യാഥാര്‍ത്ഥ്യമായി കഴിഞ്ഞു. സ്വന്തം രാജ്യത്തെ രണ്ടാംകിട പൗരന്മാരായാണ് അവര്‍ക്ക് അനുഭവപ്പെടുന്നത്. അതിനേക്കാള്‍ ഭീകരമായതാണ് വരാനിരിക്കുന്നതെന്ന് അവര്‍ ഭയപ്പെടുന്നു. പേടിയും ഉത്കണ്ഠയും നിറഞ്ഞുനില്‍ക്കുന്ന ഈ സാഹചര്യം അസദുദ്ദീന്‍ ഒവൈസിയുടെ രാഷ്ട്രീയ വളര്‍ച്ചക്ക് ഏറെ ഉപകാരപ്രദമാണെന്നും അതിന് അദ്ദേഹത്തെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും യോഗേന്ദ്ര യാദവ് ചൂണ്ടിക്കാണിക്കുന്നു.

അമേരിക്കയിലെ കറുത്ത വര്‍ഗകാര്‍ക്ക് തുല്യമാണ് ഇന്ത്യയിലെ മുസ്‌ലിങ്ങളുടെ അവസ്ഥയെന്നും എങ്ങനെയാണ് അവര്‍ ‘മുസ്‌ലിം സവിശേഷ രാഷ്ട്രീയം’ തെരഞ്ഞെടുക്കാനുള്ള സാഹചര്യമൊരുങ്ങിയതെന്നും യോഗേന്ദ്ര യാദവ് വ്യക്തമാക്കുന്നു.

‘ഇന്ത്യന്‍ മുസ്‌ലിങ്ങള്‍ നേരിടുന്ന ആത്മസംഘര്‍ഷം അമേരിക്കയിലെ കറുത്ത വര്‍ഗക്കാരുടേതിന് സമമാണ്. കറുത്ത വര്‍ഗക്കാരുടെ വോട്ട് കിട്ടില്ല എന്നുറപ്പുള്ളതിനാല്‍ റിപ്പബ്ലിക്കന്‍സ് അവരെ ശ്രദ്ധിക്കുന്നില്ല. വോട്ട് ഉറപ്പായതിനാല്‍ ഡെമോക്രാറ്റുകളും അവരെ ശ്രദ്ധിക്കുന്നില്ല. വിഭജനാനന്തര ഇന്ത്യയില്‍ മലബാര്‍, ഹൈദരാബാദ് തുടങ്ങിയ ചില ചെറിയ പോക്കറ്റുകളെ ഒഴിച്ചുനിര്‍ത്തിയാല്‍ മുസ്‌ലിങ്ങളൊരിക്കലും മുസ് ലിം പാര്‍ട്ടികളിലോ നേതാക്കളിലോ രാഷ്ട്രീയ വിശ്വാസമര്‍പ്പിച്ചിരുന്നില്ല. ജവഹര്‍ലാല്‍ നെഹ്‌റു, വി.പി സിംഗ്, മുലായം സിംഗ് യാദവ് തുടങ്ങിയ നേതാക്കളെയായിരുന്നു ഉറ്റുനോക്കിയിരുന്നത്. ഭൂരിപക്ഷ സമുദായങ്ങള്‍ കൂടി വിശ്വാസമര്‍പ്പിച്ചിരുന്ന ‘മതേതര’ പാര്‍ട്ടികള്‍ക്ക് വോട്ട് ചെയ്തു.

പക്ഷെ കോണ്‍ഗ്രസിന്റെ ബ്രാന്‍ഡായ മതേതര രാഷ്ട്രീയത്തില്‍ മുസ്‌ലിങ്ങള്‍ക്ക് മനം മടുത്തു കഴിഞ്ഞു. വോട്ട് ബാങ്കായി മാത്രം ഉപയോഗിക്കുന്നതിനെ അവര്‍ എതിര്‍ക്കാന്‍ തുടങ്ങി. കാരണം ഈ തരത്തിലുള്ള മതേതര രാഷ്ട്രീയത്തിന് മുസ്‌ലിങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ പോലും നിറവേറ്റാനായില്ല. അവരുടെ പ്രശ്‌നങ്ങള്‍ തുറന്നുപറയാന്‍ വേദിയും ലഭിച്ചില്ല. സമാജ്‌വാദി പാര്‍ട്ടിയുടെയും രാഷ്ട്രീയ ജനതാദളിന്റെയുമൊക്കെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിച്ചത്.

ഇവിടെയാണ് എ.ഐ.എം.ഐ.എം അവര്‍ക്ക് വേദിയൊരുക്കുന്നത്. തുല്യരായ പൗരന്മായി പരിഗണിക്കപ്പെടുന്നില്ലെങ്കില്‍ കുറഞ്ഞ പക്ഷം മുസ്‌ലിമായെങ്കിലും ഇരിക്കാമല്ലോ എന്നതാണ് ഇതിലെ യുക്തി. ഇതൊരു പരിഹാരമല്ല, പക്ഷെ പെട്ടെന്ന് ഒരു പരിഹാരം പോലെ തോന്നും.’ യോഗേന്ദ്ര യാദവ് പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Yogendra Yadhav against Asaduddin Owaisi and AIMIM says it will not solve Indian Muslims’ issues