ന്യൂദല്‍ഹി: അസദുദ്ദീന്‍ ഒവൈസിയുടെ എ.ഐ.എം.ഐ.എമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി സാമൂഹ്യപ്രവര്‍ത്തകനായ യോഗേന്ദ്ര യാദവ്. എ.ഐ.എം.ഐ.എം മുന്നോട്ടുവെക്കുന്ന ‘മുസ്‌ലിം സവിശേഷ രാഷ്ട്രീയം’ ഹിന്ദു – ഭൂരിപക്ഷ രാഷ്ട്രീയത്തിന്റെ വളര്‍ച്ചക്കാണ് വേദിയൊരുക്കുകയെന്ന് യോഗേന്ദ്ര യാദവ് പറഞ്ഞു.
‘ദേശീയ തലത്തിലേക്ക് വളരുന്ന ‘മുസ്‌ലിം സവിശേഷ രാഷ്ട്രീയം’ ഹിന്ദു ഭൂരിപക്ഷ രാഷ്ട്രീയം കാത്തിരുന്ന ഏറ്റവും മികച്ച പങ്കാളിയാണ്. ഇതോടുകൂടി ഹിന്ദു-മുസ് ലിം ഐക്യത്തിന് സഹായിക്കുന്ന എല്ലാ രാഷ്ട്രീയ സാധ്യതകളും ഇരുവശങ്ങളിലും ഇല്ലാതാകുന്നു. ബി.ജെ.പിയെ രണ്ടാം തവണയും വോട്ട് ചെയ്ത് അധികാരത്തിലെത്തിച്ചതിലൂടെ ഹിന്ദു ഭൂരിപക്ഷം മതേതര രാഷ്ട്രീയത്തെ പുറന്തള്ളിക്കഴിഞ്ഞു. രാജ്യത്തെ ന്യൂനപക്ഷങ്ങളും മതേതര രാഷ്ട്രീയത്തെ കൈയ്യൊഴിഞ്ഞാല്‍, അത് ഭരണഘടനയില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന ‘മതേതര ഇന്ത്യ’ എന്ന ആശയത്തിന്റെ തന്നെ അന്ത്യമായിരിക്കും. സ്വയം മാറ്റത്തിന് വിധേയമാക്കി കൊണ്ട് ഈ അപകടത്തിനെ പ്രതിരോധിക്കാന്‍ മതേതര രാഷ്ട്രീയം തയ്യാറാകണം.’ ദി പ്രിന്റില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ യോഗേന്ദ്ര യാദവ് വ്യക്തമാക്കുന്നു.
എ.ഐ.എം.ഐ.എം എന്ന സംഘടനയല്ല, അത് മുന്നോട്ടുവെക്കുന്ന ആശയങ്ങളാണ് യഥാര്‍ത്ഥ പ്രശ്‌നമെന്നും യോഗേന്ദ്ര യാദവ് ചൂണ്ടിക്കാണിക്കുന്നു. മുസ്‌ലിങ്ങള്‍ക്കിടയില്‍ നിലനിന്നിരുന്ന ആശങ്കകളെല്ലാം നരേന്ദ്ര മോദി ഭരണത്തിന് കീഴില്‍ കൂടുതല്‍ മോശമായ രീതിയില്‍ യാഥാര്‍ത്ഥ്യമായി കഴിഞ്ഞു. സ്വന്തം രാജ്യത്തെ രണ്ടാംകിട പൗരന്മാരായാണ് അവര്‍ക്ക് അനുഭവപ്പെടുന്നത്. അതിനേക്കാള്‍ ഭീകരമായതാണ് വരാനിരിക്കുന്നതെന്ന് അവര്‍ ഭയപ്പെടുന്നു. പേടിയും ഉത്കണ്ഠയും നിറഞ്ഞുനില്‍ക്കുന്ന ഈ സാഹചര്യം അസദുദ്ദീന്‍ ഒവൈസിയുടെ രാഷ്ട്രീയ വളര്‍ച്ചക്ക് ഏറെ ഉപകാരപ്രദമാണെന്നും അതിന് അദ്ദേഹത്തെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും യോഗേന്ദ്ര യാദവ് ചൂണ്ടിക്കാണിക്കുന്നു.
അമേരിക്കയിലെ കറുത്ത വര്‍ഗകാര്‍ക്ക് തുല്യമാണ് ഇന്ത്യയിലെ മുസ്‌ലിങ്ങളുടെ അവസ്ഥയെന്നും എങ്ങനെയാണ് അവര്‍ ‘മുസ്‌ലിം സവിശേഷ രാഷ്ട്രീയം’ തെരഞ്ഞെടുക്കാനുള്ള സാഹചര്യമൊരുങ്ങിയതെന്നും യോഗേന്ദ്ര യാദവ് വ്യക്തമാക്കുന്നു.