| Thursday, 22nd July 2021, 6:15 pm

ബ്രിട്ടീഷ് പാര്‍ലമെന്റ് വരെ ഇന്ത്യയിലെ കര്‍ഷകരെ പറ്റി ചര്‍ച്ചചെയ്യുന്നു, കേന്ദ്രസര്‍ക്കാരിന് അതിനുപോലും നേരമില്ല; യോഗേന്ദ്ര യാദവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന സമരം നിര്‍ണായക ഘട്ടത്തിലേക്ക്. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ദല്‍ഹിയിലെ ജന്തര്‍ മന്തറിലെത്തിയ 200 കര്‍ഷകര്‍ കിസാന്‍ പാര്‍ലമെന്റ് സംഘടിപ്പിച്ച് പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ് ഇപ്പോള്‍.

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം നടക്കുന്ന പശ്ചാത്തലത്തിലാണ് കര്‍ഷകരുടെ പുതിയ പ്രതിഷേധ രീതി. സമരം നടത്തുന്ന കര്‍ഷകരെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുള്‍പ്പെടെയുള്ള നേതാക്കളും രംഗത്തെത്തിയിരിക്കുകയാണ്.

തങ്ങള്‍ വിഡ്ഢികളല്ലെന്ന് കേന്ദ്രത്തെ ബോധ്യപ്പെടുത്താനാണ് കര്‍ഷകര്‍ ജന്തര്‍ മന്തറിലേക്ക് വന്നതെന്ന് സ്വരാജ് പാര്‍ട്ടി നേതാവ് യോഗേന്ദ്ര യാദവ് പറഞ്ഞു. ബ്രിട്ടീഷ് പാര്‍ലമെന്റ് വരെ ഇന്ത്യയിലെ കര്‍ഷകരുടെ അവസ്ഥയെപ്പെറ്റി ചര്‍ച്ച ചെയ്യുമ്പോഴും കേന്ദ്രം കണ്ണടയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷക സംഘടനകള്‍ നടത്തുന്ന സമരം വിവിധ തലങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ തീരുമാനിച്ചതിന്റെ ഭാഗമായി നേരത്തെ തന്നെ വിവിധയിടങ്ങളില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. തുടര്‍ന്നാണ് ജൂലൈ 22 മുതല്‍ പാര്‍ലമെന്റിന് മുന്നില്‍ സമരം നടത്താന്‍ കര്‍ഷക സംഘടനകള്‍ തീരുമാനിച്ചത്.

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം അവസാനിക്കുന്നത് വരെ പ്രതിഷേധം തുടരും. പാര്‍ലമെന്റിന് മുന്നില്‍ സമരം നടത്തി കര്‍ഷകപ്രതിഷേധം കടുപ്പിക്കാനാണ് തീരുമാനമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച നേരത്തെ അറിയിച്ചിരുന്നു.

അതിനിടെ ജന്തര്‍ മന്തറില്‍ സമരം നടത്തുന്നവര്‍ കര്‍ഷകരല്ലെന്ന് ബി.ജെ.പി. എം.പി. മീനാക്ഷി ലേഖി പറഞ്ഞിരുന്നു. യഥാര്‍ത്ഥ കര്‍ഷകരല്ല സമരം ചെയ്യുന്നതെന്നും ചില രാഷ്ട്രീയ താല്‍പ്പര്യം മുന്‍നിര്‍ത്തിയുള്ള സംഘടനകളാണ് സമരത്തിന് പിന്നിലെന്നുമാണ് ലേഖി പറഞ്ഞത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights; Yogendra Yadav Slams Centre Government Over Farmers Protest

We use cookies to give you the best possible experience. Learn more