ന്യൂദല്‍ഹി: കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന സമരം നിര്‍ണായക ഘട്ടത്തിലേക്ക്. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ദല്‍ഹിയിലെ ജന്തര്‍ മന്തറിലെത്തിയ 200 കര്‍ഷകര്‍ കിസാന്‍ പാര്‍ലമെന്റ് സംഘടിപ്പിച്ച് പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ് ഇപ്പോള്‍.
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം നടക്കുന്ന പശ്ചാത്തലത്തിലാണ് കര്‍ഷകരുടെ പുതിയ പ്രതിഷേധ രീതി. സമരം നടത്തുന്ന കര്‍ഷകരെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുള്‍പ്പെടെയുള്ള നേതാക്കളും രംഗത്തെത്തിയിരിക്കുകയാണ്.
തങ്ങള്‍ വിഡ്ഢികളല്ലെന്ന് കേന്ദ്രത്തെ ബോധ്യപ്പെടുത്താനാണ് കര്‍ഷകര്‍ ജന്തര്‍ മന്തറിലേക്ക് വന്നതെന്ന് സ്വരാജ് പാര്‍ട്ടി നേതാവ് യോഗേന്ദ്ര യാദവ് പറഞ്ഞു. ബ്രിട്ടീഷ് പാര്‍ലമെന്റ് വരെ ഇന്ത്യയിലെ കര്‍ഷകരുടെ അവസ്ഥയെപ്പെറ്റി ചര്‍ച്ച ചെയ്യുമ്പോഴും കേന്ദ്രം കണ്ണടയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷക സംഘടനകള്‍ നടത്തുന്ന സമരം വിവിധ തലങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ തീരുമാനിച്ചതിന്റെ ഭാഗമായി നേരത്തെ തന്നെ വിവിധയിടങ്ങളില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. തുടര്‍ന്നാണ് ജൂലൈ 22 മുതല്‍ പാര്‍ലമെന്റിന് മുന്നില്‍ സമരം നടത്താന്‍ കര്‍ഷക സംഘടനകള്‍ തീരുമാനിച്ചത്.