കര്‍ണാടകയില്‍ ബി.ജെ.പിയുടെ പരാജയം; ദക്ഷിണേന്ത്യയില്‍ നിന്നുള്ള അവരുടെ ഒഴിഞ്ഞ് പോക്കിന് കാരണമാകും: യോഗേന്ദ്ര യാദവ്
national news
കര്‍ണാടകയില്‍ ബി.ജെ.പിയുടെ പരാജയം; ദക്ഷിണേന്ത്യയില്‍ നിന്നുള്ള അവരുടെ ഒഴിഞ്ഞ് പോക്കിന് കാരണമാകും: യോഗേന്ദ്ര യാദവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 2nd April 2023, 9:32 am

ബെംഗളൂരു: വരാനിരിക്കുന്ന കര്‍ണാടക പൊതുതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ ദക്ഷിണേന്ത്യയില്‍ ബി.ജെ.പിക്കുള്ള സ്വാധീനം ഇല്ലാതാകുമെന്ന് സ്വരാജ് പാര്‍ട്ടി സ്ഥാപക നേതാവ് യോഗേന്ദ്ര യാദവ്.

ബി.ജെ.പിയെ പരാജയപ്പെടുത്തേണ്ടത് ജനാധിപത്യത്തിന്റെ വീണ്ടെടുക്കലിന് അനിവാര്യമാണെന്നും തെരുവിലെ രാഷ്ട്രീയ പോരാട്ടങ്ങള്‍ക്ക് കരുത്തു പകരുമെന്നും അദ്ദേഹം പറഞ്ഞു. ദി പ്രിന്റില്‍ എഴുതിയ ലേഖനത്തിലാണ് യോഗേന്ദ്ര യാദവിന്റെ പരാമര്‍ശം.

കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് ജയിക്കാനുള്ള അവസരമാണ് കോണ്‍ഗ്രസിന് ലഭിച്ചിരിക്കുന്നതെന്നും ബി.ജെ.പിയുടെ വര്‍ഗീയ രാഷ്ട്രീയത്തെ ചെറുക്കണമെന്നും അദ്ദേഹം പറഞ്ഞു. വ്യക്തമായ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസിന് വിജയിക്കാനായാല്‍ മാത്രമേ സംസ്ഥാനത്ത് അധികാരത്തിലെത്താന്‍ അവര്‍ക്ക് കഴിയൂവെന്നും യോഗേന്ദ്ര യാദവ് കൂട്ടിച്ചേര്‍ത്തു.

‘കര്‍ണാടകയില്‍ ബി.ജെ.പി തോല്‍പ്പിക്കപ്പെട്ടാല്‍ ദക്ഷിണേന്ത്യയില്‍ നിന്നുള്ള അവരുടെ ഒഴിഞ്ഞുപോക്കിനും അത് തുടക്കമിടും. എല്ലാറ്റിനുമുപരിയായി ബി.ജെ.പിയുടെ പരാജയം ജനാധിപത്യ ഇടങ്ങള്‍ വീണ്ടെടുക്കാനുള്ള തെരുവിലെ രാഷ്ട്രീയ പോരാട്ടങ്ങള്‍ക്ക് കരുത്തുപകരും,’ യോഗേന്ദ്ര യാദവ് പറഞ്ഞു.

ജാതി സമവാക്യങ്ങള്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തുന്ന സംസ്ഥാനത്ത് പ്രബലരായ ലിംഗായത്ത്- വൊക്കലിഗ സമുദായങ്ങളോടൊപ്പം ന്യൂനപക്ഷങ്ങളെയും ഒപ്പം നിര്‍ത്താന്‍ കോണ്‍ഗ്രസിന് കഴിയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘കര്‍ണാടകയിലെ സാമൂഹിക പിരമിഡിന്റെ അടിഭാഗത്ത് മൂന്നില്‍ രണ്ട് വരുന്ന മറ്റുപിന്നോക്ക വിഭാകങ്ങള്‍, പട്ടിക ജാതി വര്‍ഗങ്ങള്‍, ന്യൂനപക്ഷങ്ങള്‍ എന്നിവയെ ഫലപ്രദമായി ഒരുമിച്ചു ചേര്‍ക്കാന്‍ കോണ്‍ഗ്രസിന് കഴിയണം. ജെ.ഡി.എസ്, മജ്‌ലിസ്, എസ്.ഡി.പി.ഐ എന്നീ പാര്‍ട്ടികളിലേക്കുള്ള വോട്ട് വീതിക്കപ്പെടുന്നത് തടയാനും ന്യൂനപക്ഷ വോട്ടുകള്‍ സമാഹരിക്കാനും കോണ്‍ഗ്രസിന് സാധിക്കണം.

തെരഞ്ഞെടുത്ത കോണ്‍ഗ്രസ് എം.എല്‍.എ മാര്‍ ബി.ജെ.പിയിലേക്ക് ചേക്കേറുന്നതില്‍ അതൃപ്തി സൂക്ഷിക്കുന്ന മുസ്‌ലിം സമുദായത്തിന്റെ പിന്തുണയെ വിലകുറച്ച് കാണുകയുമരുത്. കൂടാതെ പാര്‍ട്ടിക്കുള്ളില്‍ തന്നെ നിലനില്‍ക്കുന്ന ആഭ്യന്തര പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഭാരത് ജോഡോ യാത്രയുടെ നേട്ടങ്ങളെ സംരക്ഷിച്ച് നിര്‍ത്താനും രാഹുല്‍ ഗാന്ധിയും ഇടപെടേണ്ടതുണ്ട്,’ യോഗേന്ദ്ര യാദവ് പറഞ്ഞു.

Content Highlight: Yogendra yadav says bjp will be out from south india