| Sunday, 13th September 2020, 10:38 am

കലാപത്തിന് പ്രേരിപ്പിച്ചെന്ന് പറയുന്ന എന്റെ പ്രസംഗത്തിലെ ഒരുവരിയെങ്കിലും എന്തുകൊണ്ടാണ് അവര്‍ എടുത്തുപറയാത്തത്?; ദല്‍ഹി പൊലീസിനെതിരെ യോഗേന്ദ്ര യാദവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹി കലാപത്തില്‍ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ആരോപിച്ച് അനുബന്ധ കുറ്റപത്രം ചുമത്തിയ ദല്‍ഹി പൊലീസ് നടപടിക്കെതിരെ സ്വരാജ് അഭിയാന്‍ നേതാവ് യോഗേന്ദ്ര യാദവ്.

തന്റെ എല്ലാ വീഡിയോകളും തന്റെ ഫേസ്ബുക്ക് പേജിലുണ്ടെന്നും താന്‍ എവിടെ നിന്നാണ് സംസാരിക്കുന്നതെന്നും ഉപരോധം പിന്‍വലിക്കാന്‍ പ്രതിഷേധക്കാരോട് പറയുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ വീഡിയോയില്‍ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.

തന്നെ കുറ്റക്കാരനാക്കിയ ദല്‍ഹി പൊലീസ് എന്തുകൊണ്ടാണ് കലാപത്തിന് പ്രേരിപ്പിച്ചതെന്ന് അവര്‍ പറയുന്ന തന്റെ പ്രസംഗത്തില്‍ നിന്നും ഒരു വരിയെങ്കിലും ദല്‍ഹി പൊലീസ് ഉദ്ധരിക്കാത്തതെന്ന് യോഗേന്ദ്ര യാദവ് ചോദിച്ചു.

”കലാപത്തിന് എരികേറ്റിയ അല്ലെങ്കില്‍ കുറ്റകരമായി പൊലീസ് കണക്കാക്കുന്ന എന്റെ പ്രസംഗത്തിലെ ഒരു വരിയെങ്കിലും ദല്‍ഹി പൊലീസ് ഉദ്ധരിക്കാത്തതെന്തുകൊണ്ടാണ്?” അദ്ദേഹം ചോദിച്ചു.

ശനിയാഴ്ചയാണ് ദല്‍ഹി കലാപത്തില്‍ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ആരോപിച്ച് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സ്വരാജ് അഭിയാന്‍ നേതാവ് യോഗേന്ദ്ര യാദവ്, എക്കണോമിസ്റ്റ് ജയതി ഘോഷ്, ഡി.യു പ്രൊഫസറും ആക്ടിവിസ്റ്റുമായ അപൂര്‍വാനന്ദ്, ഡോക്യൂമെന്ററി ഫിലിം മേക്കര്‍ രാഹുല്‍ റോയി എന്നിവര്‍ക്കെതിരെ
ദല്‍ഹി പൊലീസ് അനുബന്ധ കുറ്റപത്രം ചുമത്തിയത്.

പൊലീസിന്റെ നടപടിക്കെതിരെ നേരത്തെ സീതാറാം യെച്ചൂരിയും മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണും രംഗത്തുവന്നിരുന്നു.

ബി.ജെ.പിയുടെ നിയമവിരുദ്ധമായ ഭീഷണിപ്പെടുത്തല്‍ സി.എ.എ പോലുള്ള വിവേചനപരമായ നിയമങ്ങളെ എതിര്‍ക്കുന്നതില്‍ നിന്ന് ആളുകളെ തടയില്ലെന്നാണ് യെച്ചൂരി പ്രതികരിച്ചത്.

ജാതി, നിറം, മതം, പ്രദേശം, ലിംഗഭേദം, രാഷ്ട്രീയ ബന്ധം എന്നിവ കണക്കിലെടുക്കാതെ എല്ലാ ഇന്ത്യക്കാരും തുല്യരാണെന്ന് വാദിക്കുന്നത് നമ്മുടെ അവകാശം മാത്രമല്ല നമ്മുടെ കടമയാണെന്നും തങ്ങളത് ചെയ്യുക തന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

കപില്‍ മിശ്രയേയും കൂട്ടാളികളേയും വെറുതെ വിടുകയും അതേസമയം യെച്ചൂരി, യോഗേന്ദ്ര യാദവ്, ജയതി ഘോഷ്,അപൂര്‍വാനന്ദ്, രാഹുല്‍ റോയി എന്നിവര്‍ക്കെതിരെ കുറ്റപത്രം ചുമത്തുകയും ചെയ്ത നടപടിയില്‍ നിന്ന് ദല്‍ഹി കലാപത്തിന്റെ അന്വേഷണത്തില്‍ ദല്‍ഹി പൊലീസിന്റെ വഞ്ചനാപരമായ സ്വഭാവമാണ് വെളിവാകുന്നതെന്നാണ്    പ്രശാന്ത് ഭൂഷണ്‍ പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

yogendr yadav aganinst delhi police on delhi riot

We use cookies to give you the best possible experience. Learn more