| Monday, 3rd August 2020, 7:21 pm

തീണ്ടാപ്പാടിനെ ന്യായീകരിക്കുന്ന ആ എഡിറ്റോറിയല്‍ കേവലം പ്രസ്താവനയല്ല, കേരളത്തില്‍ വേരോടുന്ന ഹിന്ദുത്വമാണ്; യോഗക്ഷേമസഭയുടെ എഡിറ്റോറിയലിനെതിരെ വ്യാപക വിമര്‍ശനം

ജിതിന്‍ ടി പി

കോഴിക്കോട്: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള സാമൂഹിക അകലത്തെ പഴയകാലത്തെ തീണ്ടാപ്പാടിനോട് ഉപമിച്ച യോഗക്ഷേമസഭയുടെ ‘സ്വസ്തി’ ത്രൈമാസികയ്‌ക്കെതിരെ വ്യാപകവിമര്‍ശനം. യോഗക്ഷേമ സഭ കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രസിദ്ധീകരിക്കുന്ന സ്വസ്തി ത്രൈമാസികയുടെ എഡിറ്റോറിയലാണ് തീണ്ടാപ്പാടകലത്തെ പ്രകീര്‍ത്തിച്ച് എഴുതിയത്.

‘നമ്പൂതിരി ആചരിച്ചിരുന്ന ചിലതെല്ലാം നല്ലതായിരുന്നു എന്ന് ഇപ്പോള്‍ പറയാന്‍ തുടങ്ങിയിരിക്കുന്നു’ എന്ന് പറഞ്ഞാണ് എഡിറ്റോറിയല്‍ ആരംഭിക്കുന്നത്. കൊവിഡ് കാലത്തെ മാര്‍ഗനിര്‍ദേശങ്ങളെ കൂട്ടുപിടിച്ചാണ് തീണ്ടാപ്പാടകലത്തെ ന്യായീകരിക്കാന്‍ യോഗക്ഷേമസഭ എഡിറ്റോറിയല്‍ ശ്രമിക്കുന്നത്.

‘തീണ്ടാപ്പാടകലത്തിന്റെ പേരില്‍ നമ്പൂതിരി സമുദായം പഴി കേട്ടിട്ടുണ്ട്. സോഷ്യല്‍ ഡിസ്റ്റന്‍സിംഗിന്റെ ഭാഗമായി എത്ര മീറ്റര്‍ വിട്ടുനില്‍ക്കുന്നതും നല്ലതാണെന്നാണ് പുതിയ നിയമം. മിനിമം ഒരു മീറ്ററാണ് നിര്‍ദേശിക്കുന്നത്. എട്ടു മീറ്റര്‍ നല്ലതാണെന്നും പറയുന്നുണ്ട്. ഈ എട്ട് മീറ്ററിനും അപ്പുറത്തായിരുന്നു നമ്പൂതിരിമാരുടെ തീണ്ടാപ്പാടകലം’, എഡിറ്റോറിയലില്‍ പറയുന്നു.

ചായ മോന്തി കുടിക്കാതിരുന്നിട്ടും കുടിച്ച ഗ്ലാസ് കമഴ്ത്തി വെച്ചിരുന്ന കാലം. പുറത്ത് പോയി വന്ന വേഷം വസ്ത്രം അയിത്തക്കോലില്‍ വെച്ച് മുങ്ങിക്കുളിച്ച് ശുദ്ധമായിരുന്ന കാലം. അകത്ത് പെരുമാറണമെങ്കില്‍ കുളിച്ച് ശുദ്ധമായി വരണം എന്ന് ശഠിച്ചിരുന്ന കാലം, ഇതെല്ലാം കൊവിഡ് കാലത്തെ മുന്‍കരുതലുകളോടാണ് എഡിറ്റോറിയല്‍ ഉപമിക്കുന്നത്.

മറ്റൊരാള്‍ ഭക്ഷണം കഴിച്ചിരുന്നതിനാല്‍ കിണ്ണത്തില്‍ ഉണ്ണാതിരുന്നത് എത്ര കഴുകിയാലും എച്ചില്‍ പോകില്ലെന്നത് കൊണ്ടാണെന്നും എഡിറ്റോറിയല്‍ പറയുന്നുണ്ട്.

അണുക്കളെ നശിപ്പിക്കുന്നതിനായാണ് വാട്ടിയ ഇലയില്‍ ഭക്ഷണം കഴിച്ചിരുന്നത്. സാനിറ്റൈസറും ഡെറ്റോളും ഇല്ലെങ്കിലും കുളിക്കടവില്‍ മഞ്ഞളും പുറ്റുമണ്ണും വെച്ചിരുന്നുവെന്നും എഡിറ്റോറിയലിലുണ്ട്.

അതേസമയം കൊറോണ പോലെ അതീവഗൗരവമുള്ള മഹാമാരി പടരുന്ന ഘട്ടത്തില്‍ തങ്ങളുടെ പാരമ്പര്യമായിരുന്നു ഏറ്റവും ശരി എന്ന് പറയുന്നവര്‍ അത്രമേല്‍ മനുഷ്യവിരുദ്ധരായിരിക്കുമെന്നാണ് പറയാനുള്ളതെന്ന് ദളിത് ചിന്തകനായ സണ്ണി എം. കപിക്കാട് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

സണ്ണി എം. കപിക്കാട്

‘ഈ സമയത്തെ ഒരിക്കല്‍പോലും മറ്റൊന്നിനും ന്യായീകരണമായി എടുക്കാന്‍ പാടില്ല എന്നിരിക്കെ അത് ന്യായീകരിച്ചെടുക്കുന്നു എന്നുള്ളിടത്താണ് അതിന്റെ പ്രശ്‌നം കിടക്കുന്നത്. അവര് പറയുന്ന സാമൂഹിക അകലമല്ല യഥാര്‍ത്ഥത്തില്‍ അയിത്തമെന്നത്.’

കിണ്ടിയെടുത്ത് രണ്ട് കൈയിലെടുത്ത് കഴുകുന്നതും അന്ന് പുലര്‍ത്തിയ വിദൂരസ്ഥതയും എന്തിനായിരുന്നുവെന്നാണ് യോഗക്ഷേമ പറയേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

‘അന്ന് ഏതെങ്കിലും മഹാരോഗത്തിന്റെ ഭാഗമായിട്ടാണോ അങ്ങനെ ചെയ്തത്. മറിച്ച് 64 അടി പുലയന്‍ മാറി നില്‍ക്കണമെന്നാണ് അവര്‍ പറഞ്ഞത്. നായാടി 96 അടി മാറിനില്‍ക്കണമെന്നാണ് പറഞ്ഞിട്ടുള്ളത്. പുലയനും നായാടിയ്ക്കും രോഗമുണ്ടോ അന്ന് അവരാരും പരിശോധിച്ചിട്ടില്ല’, സണ്ണി എം. കപിക്കാട് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

കേരളത്തില്‍ പിടിമുറുക്കുന്ന ഹിന്ദുത്വവല്‍ക്കരണത്തിന്റെ ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണ് യോഗക്ഷേമ സഭാ എഡിറ്റോറിയല്‍ എന്ന് ദളിത് ആക്ടിവിസ്റ്റും തന്ത്രഗവേഷകനുമായ ടി.എസ് ശ്യാം കുമാര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

‘കേരളത്തില്‍ ഇടതുപക്ഷം ഭരിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഇത്തരം കാര്യങ്ങള്‍ പറയാന്‍ ഒരുമടിയുമില്ലാതെ ഇവര്‍ പുറത്തുവരുന്നത് എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. അയിത്തം എന്ന് പറയുന്നത് തികഞ്ഞ അന്ധവിശ്വാസമാണെന്ന് സഹോദരന്‍ അയ്യപ്പന്‍ പറഞ്ഞിട്ടുണ്ട്. അതിനിയും നമ്മള്‍ തലയില്‍ പേറി നടക്കുക എന്ന് പറയുന്നത് ആധുനിക സമൂഹത്തിന് ചേര്‍ന്നതല്ല എന്ന് അദ്ദേഹം കൃത്യമായി പറയുന്നുണ്ട്’, ശ്യാം കുമാര്‍ പറഞ്ഞു.

യോഗക്ഷേമ സഭ ഇത്തരമൊരു കാര്യം പറയുന്നതിലൂടെ അയിത്തമടക്കമുള്ള അനാചാരങ്ങള്‍ ആധുനിക സമൂഹം കൊണ്ടുനടക്കേണ്ട ആചാരമാണ് എന്ന് ഉറപ്പിക്കാനുള്ള ശ്രമമാണ് എന്ന് നാം മനസിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘മാസികയില്‍ പറയുന്ന ഒരു പ്രധാനകാര്യം നമ്പൂതിരിമാരുടെ ആചാരനുഷ്ഠാനങ്ങളിലെ ചില നന്മകള്‍ ആളുകളിപ്പോള്‍ തിരിച്ചറിയുന്നുണ്ടെന്നാണ്. ബ്രാഹ്മണ്യം നമ്മുടെ സമൂഹത്തില്‍ ആഴത്തില്‍ നിലയുറപ്പിക്കാന്‍ ശ്രമിക്കുന്നതായിട്ട് വേണം ഇതിനെ കാണാന്‍’, ടി.എസ് ശ്യാംകുമാര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

സ്വസ്തി എഡിറ്റോറിയലിനെ യോഗക്ഷേമസഭ നടത്തുന്ന കേവലം പ്രസ്താവനയായിട്ടല്ല മറിച്ച് കേരള സമൂഹത്തെ ആഴത്തില്‍ പിടിമുറുക്കിയിരിക്കുന്ന ബ്രാഹ്മണ്യത്തിന്റെ സ്വഭാവസവിശേഷതയായിട്ട് വേണം കാണാനെന്നും അദ്ദേഹം പറഞ്ഞു.

ടി.എസ് ശ്യാം കുമാര്‍

ആധുനിക ജനാധിപത്യസമൂഹത്തില്‍ സമ്പൂര്‍ണ്ണമായിട്ട് തള്ളിക്കളയേണ്ട ഒരു സംഗതി നല്ലതാണെന്ന് പറഞ്ഞ് വരുന്നത് എത്ര അസംബന്ധമാണ് എന്ന് നമ്മള്‍ മനസിലാക്കണം. ബ്രാഹ്മണ്യം നല്ലതാണ് എന്ന് പറഞ്ഞുറപ്പിക്കാന്‍ വേണ്ടിയാണ് ഈ ശ്രമമൊക്കെ നടക്കുന്നത്.

അയിത്തം നല്ലതാണെന്ന് പറയുമ്പോള്‍ അയിത്തം മാത്രമല്ല ഉദ്ദേശിക്കുന്നത്, ബ്രാഹമണ്യം സമ്പൂര്‍ണ്ണമായി നന്മയുടെ കേന്ദ്രമാണെന്ന് വരുത്തിതീര്‍ക്കാനാണ് യോഗക്ഷേമ സഭ ശ്രമിക്കുന്നത്. അങ്ങനെയെങ്കില്‍ സംബന്ധം നല്ലതാണെന്ന് പറയുമോ എന്നാണ് അടുത്തതായി ചോദിക്കാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

‘ഇതിന് പിന്നില്‍ ക്രൂരമായ ജാതി വ്യവസ്ഥയുടെ ചരിത്രമുണ്ട്. കൊറോണയുമായി ബന്ധപ്പെടുത്തി, പൊതുസമ്മതമായി രേഖപ്പെടുത്തി അയിത്തത്തെ ശാസ്ത്രവല്‍ക്കരിക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്’, ടി.എസ് ശ്യാം കുമാര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ബ്രാഹ്മണ്യം എന്നത് ഒരു പൊതുബോധമായി മാറിയതുകൊണ്ടാണ് യോഗക്ഷേമസഭയ്ക്ക് ഇത് പറയാന്‍ സാധിക്കുന്നത്. അത്രയ്‌ക്കൊക്കെ പുരോഗമനമേ കേരളസമൂഹത്തിനുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് പ്രമേയമാക്കി പുരോഗമന കലാസാഹിത്യ സംഘം തൃശൂര്‍ ജില്ലാ കമ്മിറ്റി ഒരു തീണ്ടാപ്പാടകലെ എന്ന പേരില്‍ ഷോര്‍ട് ഫിലിം പുറത്തിറക്കിയിരുന്നു. ഇത് വിവാദമായതിനെ തുടര്‍ന്ന് പിന്‍വലിക്കുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ജിതിന്‍ ടി പി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2017 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

We use cookies to give you the best possible experience. Learn more