| Saturday, 13th December 2014, 10:16 am

മധ്യപ്രദേശില്‍ യോഗ പാഠ്യപദ്ധതിയുടെ ഭാഗമാക്കി ശിവരാജ് പാട്ടീലിന്റെ ഉത്തരവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: മധ്യപ്രദേശില്‍ യോഗ സ്‌കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കി മുഖ്യമന്ത്രി ശിവരാജ് പാട്ടീലിന്റെ ഉത്തരവ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആവശ്യപ്രകാരം ഐക്യരാഷ്ട്ര സഭ ജൂണ്‍ 21 അന്തര്‍ദേശീയ യോഗ ദിനമായി പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ നീക്കം.

മധ്യപ്രദേശ് നിയമസഭയിലാണ് ചൗഹാന്‍ ഇക്കാര്യം അറിയിച്ചത്. 90 ദിവസത്തിനുള്ളിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശം യു.എന്‍ അംഗീകരിച്ചതെന്നത് അഭിമാനിക്കാവുന്ന കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത അധ്യയന വര്‍ഷം മുതല്‍ മധ്യപ്രദേശ് സര്‍ക്കാര്‍ യോഗ സ്‌കൂള്‍ കരിക്കുലത്തിന്റെ ഭാഗമാക്കുമെന്നും ചൗഹാന്‍ നിയമസഭയില്‍ വ്യക്തമാക്കി.

ഇതാദ്യമായല്ല യോഗയെ സ്‌കൂള്‍ സിലബസിന്റെ ഭാഗമാക്കാനുള്ള നടപടി മധ്യപ്രദേശ് സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടാവുന്നത്. 2007 മുതല്‍ ജനുവരിയില്‍ മധ്യപ്രദേശ് യോഗദിനം ആഘോഷിക്കാറുണ്ട്. അന്നേദിവസം സ്‌കൂള്‍ വിദ്യാര്‍ത്ഥികളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മന്ത്രിമാരും, മുഖ്യമന്ത്രിയുമെല്ലാം പൊതുസ്ഥലത്ത് പ്രാണായാമവും സൂര്യനമസ്‌കാരവും നടത്താറുണ്ട്.

കൂടാതെ സര്‍ക്കാര്‍ ഒരു യോഗനയം പ്രഖ്യാപിച്ചിരുന്നു. ഈ നയം സ്‌കൂള്‍ കരിക്കുലത്തില്‍ ഉള്‍പ്പെടുത്തുമെന്നും പ്രഖ്യാപിച്ചിരുന്നു. യോഗ കൗണ്‍സില്‍ രൂപീകരിക്കുകയും സ്‌കൂളില്‍ യോഗ പരീശീലനം നടത്തുകയും സംസ്ഥാന സര്‍ക്കാറിന്റെ നേതൃത്വത്തില്‍ യോഗ പരിപാടികളില്‍ സംഘടിപ്പിക്കാനും ഈ നയത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. കൂടാതെ യോഗ പ്രചരിപ്പിക്കുന്നതിനായി 1 ലക്ഷം രൂപ മാറ്റിവെക്കാനും തീരുമാനിച്ചിരുന്നു.

എന്നാല്‍ മുസ്‌ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ നിന്നുള്ള കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് സര്‍ക്കാറിന് തീരുമാനത്തില്‍ നിന്നും പിന്‍മാറേണ്ടി വന്നു.

We use cookies to give you the best possible experience. Learn more