ടെല്‍ അവീവ്: യോവ് ഗാലന്റിനെ ഇസ്രഈല്‍ പ്രതിരോധ മന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കിയതിന് പിന്നാലെ പുതിയ പ്രതിരോധ മന്ത്രിയായി ഇസ്രഈല്‍ കാറ്റ്‌സിന്റെ നിയമനം അംഗീകരിച്ച് സെനറ്റ്. കാറ്റ്‌സ് വിദേശകാര്യമന്ത്രി സ്ഥാനം ഒഴിഞ്ഞതോടെ ഗിദിയന്‍ സാറിനെ പുതിയ വിദേശകാര്യ മന്ത്രിയായും സെനറ്റ് അംഗീകാരം നല്‍കി.
58 അംഗങ്ങളുടെ പിന്തുണയോടെയാണ് സെനറ്റ് ഈ തീരുമാനത്തെ അംഗീകരിച്ചത്. വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുമ്പ് പ്രതിപക്ഷ അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നിരുന്നു.
സെഷനില്‍ പ്രതിപക്ഷ അംഗങ്ങളുടെ രോഷാകുലമായ പ്രസംഗങ്ങളും വാക്കേറ്റവും ഉണ്ടായി. ഗാലന്റിന്റെ പിരിച്ചുവിടല്‍ നെതന്യാഹുവിന്റെ ഒരു നികൃഷ്ട നീക്കമാണെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം.
അതേസമയം യൊവ് ഗാലന്റിനെ പ്രതിരോധ മന്ത്രി സ്ഥാനത്ത് നിന്ന് നീക്കിയതില്‍ ഇസ്രഈലില്‍ ഇപ്പോഴും പ്രതിഷേധങ്ങള്‍ ശക്തമായി തുടരുകയാണ്.
ഏറെ നാളുകളായി നെതന്യാഹുവും യൊവ് ഗാലന്റും തമ്മില്‍ അസ്വാരസ്യങ്ങള്‍ നിലനിന്നിരുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിരോധ മന്ത്രിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും അദ്ദേഹത്തിന് നിരവധി വീഴ്ചകള്‍ സംഭവിച്ചെന്നും പറഞ്ഞ് സ്ഥാനഭ്രഷ്ടനാക്കിയത്.
പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. തൊട്ടുപിന്നാലെ എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ ഇസ്രഈലിന്റെ സുരക്ഷ ഉറപ്പാക്കുന്നത് എപ്പോഴും തന്റെ ജീവിത ദൗത്യമായി തുടരുമെന്ന് ഗാലന്റ് കുറിച്ചിരുന്നു.
പ്രധാനമന്ത്രിയുടെപ്രസ്താവന പുറത്തുവന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ടെല്‍ അവീവില്‍ ആയിരക്കണക്കിന് ആളുകള്‍ നെതന്യാഹുവിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധിച്ചിരുന്നു. പ്രതിഷേധക്കാര്‍ നഗരത്തിന്റെ പ്രധാന ഹൈവേകള്‍ തടയുകയും ജെറുസലേമിലെ നെതന്യാഹുവിന്റെ വസതിക്ക് മുന്നില്‍ ഒത്തുകൂടുകയും ചെയ്തതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇസ്രഈല്‍ ഗസയിലും ലെബനനിലും നടത്തുന്ന ആക്രമണങ്ങളില്‍ യോവ് ഗാലന്റിന് വിയോജിപ്പ് ഉണ്ടായിരുന്ന കാര്യം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി യോവ് ഗാലന്റ് നെതന്യാഹുവിന് അയച്ച രഹസ്യക്കത്ത് അടുത്തിടെ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥാനഭ്രഷ്ടനാക്കിയത്.
Content Highlight: Yoav gallant; Senate approves Israel Katz as Israel’s defense minister