| Tuesday, 22nd October 2024, 3:06 pm

ഹമാസുമായി ബന്ധമെന്ന് ആരോപണം; യു.എന്‍ ഏജന്‍സിയെ നിരോധിക്കണമെന്ന് യിസ്രായേല്‍ ബെയ്റ്റീനു പാര്‍ട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെല്‍ അവീവ്: അഭയാർത്ഥികള്‍ക്കായി പ്രവര്‍ത്തിക്കുന്ന യു.എന്‍ ഏജന്‍സിയായ (unrwa) അനര്‍വയെ നിരോധിക്കണമെന്ന് ഇസ്രഈലിലെ യിസ്രായേല്‍ ബെയ്റ്റീനു പാര്‍ട്ടി. ഫലസ്തീന്‍ സായുധ സംഘടനയായ ഹമാസുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് യു.എൻ ഏജന്‍സിയെ നിരോധിക്കാന്‍ ബെയ്റ്റീനു പാര്‍ട്ടി ആവശ്യപ്പെടുന്നത്.

യിസ്രായേല്‍ ബെയ്റ്റീനു പാര്‍ട്ടി നേതാവായ അവിഗ്‌ഡോര്‍ ലീബര്‍മാനാണ് യു.എന്‍ ഏജന്‍സിക്കെതിരെ ആഹ്വാനം നടത്തിയത്. തെളിവുകള്‍ പുറത്തുപോകാത്ത വിധത്തിലാണ് ഹമാസുമായുള്ള ബന്ധം ഏജന്‍സി തുടരുന്നതെന്നും ലീബര്‍മാന്‍ പറഞ്ഞു.

2023 ഒക്ടോബര്‍ ഏഴിന് തെക്കന്‍ ഇസ്രഈലില്‍ ആക്രമണം നടത്തിയ ഹമാസിന്റെ സഹകാരിയാണെന്നും ലീബര്‍മാന്‍ കൂട്ടിച്ചേര്‍ത്തു. ജൂതന്മാരെ കൊലപ്പെടുത്താനും തട്ടിക്കൊണ്ടുപോകാനും ബലാത്സംഗം ചെയ്യാനും ഹമാസിന് കൂട്ടുനിന്നത് യു.എന്‍ ഏജന്‍സിയാണെന്നും ലീബര്‍മാന്‍ ആരോപിച്ചു.

പ്രസ്തുത വാദങ്ങള്‍ നിരത്തി ഗസയിലെ അനര്‍വയുടെ പ്രവര്‍ത്തനങ്ങള്‍ നിയമവിരുദ്ധമാക്കണമെന്നാണ് ലീബര്‍മാന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.

2006-2008 വരെയും 2009-2012 വരെയും ഇസ്രഈല്‍ ഉപപ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ച നേതാവാണ് ലീബര്‍മാന്‍. 2021നും 2022നും ഇടയില്‍ ധനമന്ത്രിയായും ലീബര്‍മാന്‍ പ്രവര്‍ത്തിച്ചു.

അവിഗ്ഡോര്‍ ലീബര്‍മാന്‍ സോവിയറ്റ് വംശജനാണ്. സോവിയറ്റ് യൂണിയനിലെ മോള്‍ഡോവയില്‍ ജനിച്ച് വളര്‍ന്ന ലീബര്‍മാന്‍ 1978ല്‍ കുടുംബത്തോടൊപ്പം ഇസ്രഈലിലേക്ക് കുടിയേറുകയായിരുന്നു.

ഇതിനുമുമ്പും സമാനമായ ആരോപണങ്ങള്‍ ഇസ്രഈലി നേതാക്കള്‍ യു.എന്‍ സംഘടനകള്‍ക്കെതിരെ ഉയര്‍ത്തിയിരുന്നു. ഹമാസുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഗസയിലേക്കുള്ള മാനുഷിക സഹായങ്ങള്‍ നിരവധി തവണയാണ് ഐ.ഡി.എഫ് മുടക്കിയത്.

കുടിയിറക്കപ്പെട്ടവര്‍ അഭയം തേടിയിരിക്കുന്ന യു.എന്‍ സ്‌കൂളുകള്‍ക്കും നേരെ ഇസ്രഈലി സൈന്യം ആക്രമണം നടത്തിയിട്ടുണ്ട്. ഗസയിലെ ആശുപത്രികളില്‍ പ്രവര്‍ത്തിക്കുന്ന യു.എന്‍ മെഡിക്കല്‍ സംഘത്തെയും ലക്ഷ്യമിട്ട് ഇസ്രഈല്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നു.

ഫലസ്തീനികള്‍ക്ക് ഭക്ഷണവും മരുന്നുകളും കുടിവെള്ളവും എത്തിക്കുന്ന യു.എന്‍ ഉദ്യോഗസ്ഥരെ ഇസ്രാഈലി സൈന്യം ബോംബെറിഞ്ഞ് കൊലപ്പെടുത്തുകയും ചെയ്തിരുന്നു.

Content Highlight: Yisrael Beiteinu Party wants to ban UN agency

We use cookies to give you the best possible experience. Learn more