കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ടൊബാക്കോ കമ്പനി പതിനഞ്ച് ദിവസത്തിനകം പായ്ക്കറ്റിന് മുകളില്‍ കാണിച്ചിരിക്കുന്ന പോഷകാംശങ്ങളെ കുറിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് ആവശ്യപ്പെട്ടിട്ടുള്ളത്. വെള്ളിയാഴ്ചയാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഭക്ഷ്യവകുപ്പ് കത്തയച്ചത്. ഐ.ടി.സിയുടെ സണ്‍ഫീസ്റ്റ് ബ്രാന്‍ഡിലാണ് യിപ്പി നൂഡില്‍സ് വിറ്റഴിക്കുന്നത്.
എനര്‍ജി, പ്രോട്ടീന്‍, കാര്‍ബോ ഹൈഡ്രേറ്റ്, പഞ്ചസാര, കാത്സ്യം എന്നീ പോഷകാംശങ്ങള്‍ യിപ്പി നൂഡില്‍സിലുണ്ടെന്നാണ് പാക്കറ്റിന് മുകളില്‍ എഴുതി വെച്ചിരിക്കുന്നത്. ഈ ഘടകങ്ങളെല്ലാം ഉല്‍പന്നത്തില്‍ അടങ്ങിയിട്ടുണ്ടെന്ന് തെളിയിക്കുന്ന വിശദമായ റിപ്പോര്‍ട്ടും എഫ്.എസ്.എസ്.ഐയുടെ (Food Safety and Standards Authority of India) ലാബ് റിപ്പോര്‍ട്ടും നൂഡില്‍സിലെ രുചിക്കൂട്ടുകളുടെ ഗുണനിലവാരം ഉറപ്പു വരുത്തിയ വെജിറ്റേറിയന്‍ സര്‍ട്ടിഫിക്കറ്റും ഭക്ഷ്യസുരക്ഷാ വകുപ്പിന് മുന്നില്‍ കമ്പനി ഹാജരാക്കേണ്ടതുണ്ട്.
ഹരിദ്വാറിലെ കാലിയാറിലെ കടയില്‍ നിന്ന് യിപ്പി നൂഡില്‍സിന്റെ മാജിക് മസാല, ക്ലാസിക് മസാല എന്നിവയുടെ സാമ്പിളുകള്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് ശേഖരിച്ചിട്ടുണ്ട്. കമ്പനിയുടെ അവകാശവാദം ശരിയാണോ എന്നറിയാന്‍ സാമ്പിളുകള്‍ ലാബിലയച്ച് പരിശോധിക്കും. മാഗി വിവാദം വന്നതോടെ മോണോ സോഡിയം ഗ്ലൂട്ടോമേറ്റ് (MSG) അടങ്ങിയിട്ടില്ലെന്ന അവകാശവാദം യിപ്പിയുടെ പുതിയ പായ്ക്ക്റ്റുകളില്‍ നിന്നും ഐ.ടി.സി നീക്കം ചെയ്തിട്ടുണ്ട്.