| Tuesday, 30th July 2024, 3:51 pm

റെയിൽവേ അപകടങ്ങളിൽ കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്. റെയിൽവേ മന്ത്രിക്ക് ഭരണത്തിൽ യാതൊരുവിധ ഉത്തരവാദിത്തമില്ലെന്നും കോൺഗ്രസിൻ്റെ മുതിർന്ന നേതാക്കാൾ വിമർശനമുന്നയിച്ചു.

ചൊവ്വാഴ്ച പുലർച്ചെ ജാർഖണ്ഡിലെ സെറൈകെല-ഖർസവൻ ജില്ലയിൽ ഹൗറ-മുംബൈ മെയിലിൻ്റെ 18 കോച്ചുകൾ പാളം തെറ്റി രണ്ട് പേർ മരിക്കുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. തുടർച്ചയായ ഉണ്ടായി കൊണ്ടിരിക്കുന്ന ഇത്തരം അപകടങ്ങൾ മുൻനിർത്തായാണ് പരാമർശം.

‘2024 ജൂൺ, ജൂലൈ മാസങ്ങളിൽ മാത്രം, 17 ഇന്ത്യക്കാരുടെ ജീവൻ നഷ്ടപ്പെടുത്തുകയും 100 പേർക്ക് പരിക്കേൽക്കുകയും ചെയ്ത മൂന്ന് റെയിൽവേ അപകടങ്ങൾക്കാണ് ഫെയ്ൽ മിനിസ്റ്റർ മേൽനോട്ടം വഹിച്ചത് ‘ കോൺ ഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ ഫെയ്ൽ മിനിസ്റ്റർ എന്ന് വിശേഷിപ്പിച്ച അദ്ദേഹം അപകടങ്ങളിൽ സർക്കാർ നോക്കി നിൽക്കുകയാണെന്നും കുറ്റപ്പെടുത്തി.

‘ജൂലൈ 18 ന് ചണ്ഡീഗഡ്-ദിബ്രുഗഡ് എക്‌സ്പ്രസ് പാളം തെറ്റി, 4 പേർ മരിച്ചു. 31 പേർക്ക് പരിക്ക് പറ്റി. ജൂലൈ 21 ന് രാജസ്ഥാനിലെ ആൽവാറിൽ 3 വാഗണുകൾ പാളം തെറ്റി. ജാർഖണ്ഡിലെ ചക്രധർപൂരിൽ ഹൗറ-സി.എസ്.എം.ടി എക്‌സ്പ്രസ് ട്രെയിനിൻ്റെ നിരവധി കോച്ചുകൾ പാളം തെറ്റി, 2 പേർ മരിച്ചു, 20 പേർക്ക് പരിക്ക് പറ്റി. ഇങ്ങനെ നിരവധി അപകടങ്ങൾ ഉണ്ടായി. എന്നാൽ സാധാരണഗതിയിൽ, വൈകുന്നേരത്തോടെ വൈഷ്ണവ് തൻ്റെ പി.ആർ ടീമിനൊപ്പം സൈറ്റ് സന്ദർശിക്കും, ശേഷം ഒരു റീൽ അപ്‌ലോഡ് ചെയ്യും. അത്രയേ നടക്കൂ, ‘ കോൺഗ്രസിൻ്റെ മാധ്യമ പബ്ലിസിറ്റി വിഭാഗം മേധാവി പവൻ ഖേര പറഞ്ഞു.

മോദിയുടെ പുതിയ ഇന്ത്യയിൽ, ഉത്തരവാദിത്തമില്ല, രാജിയില്ല, ആരും ഉപയോഗിക്കാത്ത അപ്രസക്തമായ റെയിൽ പദ്ധതികളെക്കുറിച്ചുള്ള ഗംഭീരമായ സംസാരങ്ങൾ മാത്രമേയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹൗറ-മുംബൈ മെയിലിൻ്റെ 18 കോച്ചുകൾ ബരാബാംബൂവിനു സമീപം പാളം തെറ്റി അപകടം സംഭവിക്കുകയായിരുന്നു. അപകടത്തിൽ രണ്ട് പേർ മരിക്കുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നിലവിൽ ,രക്ഷാപ്രവർത്തനം തുടരുകയാണ്.

ദുരിതാശ്വാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും പരിക്കേറ്റവരെ സഹായിക്കാനും ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.

Content Highlight: Yet another rail accident but ‘PR machine of Fail Minister’ continues: Congress

We use cookies to give you the best possible experience. Learn more