പാട്‌ന: ബീഹാറില്‍ വീണ്ടും പാലം തകര്‍ന്നു. ഒരു മാസത്തില്‍ ഇതുവരെ 15 പാലങ്ങളാണ് തകര്‍ന്നുവീണത്. അരാരിയ ജില്ലയില്‍, അംഹാര ഗ്രാമത്തിലെ പര്‍മാന്‍ നദിക്ക് കുറുകയുള്ള പാലമാണ് അവസാനമായി തകര്‍ന്നുവീണത്. വെള്ളപ്പൊക്കത്തില്‍ പാലം ഒന്നാകെ ഒലിച്ചുപോവുകയായിരുന്നുവെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
2008ല്‍ റൂറല്‍ വര്‍ക് ഡിപ്പാര്‍ട്‌മെന്റ് പണികഴിപ്പിച്ച പാലമാണ് ഇപ്പോള്‍ തകര്‍ന്നുവീണിരിക്കുന്നത്.
2017ലെ വെള്ളപ്പൊക്കത്തില്‍ കേടുപാടുകള്‍ സംഭവിച്ച് ഈ പാലം കുറച്ചുകാലം അടച്ചിട്ടിരുന്നു. എന്നാല്‍ 2020-21 സമയങ്ങളില്‍ ഈ പാലത്തിന്റെ അറ്റകുറ്റ പണികള്‍ പൂര്‍ത്തിയാക്കിയതായി റൂറല്‍ വര്‍ക്‌സ് ഡിപ്പാര്‍ട്‌മെന്റ് അരാരിയ ഡിവിഷന്‍ എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ പ്രബിന്‍ കുമാര്‍ പറഞ്ഞു.
സിവാന്‍, സരണ്‍, മധുബാനി, അരാരിയ, ഈസ്റ്റ് ചമ്പാരന്‍, കിഷന്‍ഗഞ്ച് തുടങ്ങിയ ജില്ലകളിലും സമാനമായ സംഭവങ്ങള്‍ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ജൂലൈ 15നാണ് ബീഹാറില്‍ പതിനാലാമത് പാലം തകര്‍ന്നുവീണത്. ഗയ ജില്ലയിലെ ഗുള്‍സ്‌കാരി നദിക്ക് കുറുകെയുള്ള പാലമാണ് തകര്‍ന്നുവീണത്. സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തുകയും 15 എഞ്ചിനീയര്‍മാരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.
ഭഗ്വതി ഗ്രാമത്തെയും ശര്‍മ ഗ്രാമത്തെയും ബന്ധിപ്പിക്കുന്ന പാലമാണ് തകര്‍ന്നിരിക്കുന്നത്. ഗയയിലെ പാല തകര്‍ച്ച ജനങ്ങളെ വലച്ചതായി വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. ബീഹാറിലെ പാല തകര്‍ച്ച പരമ്പരയായി തുടരുന്ന സാഹചര്യത്തിലാണ് സംഭവം.
സംസ്ഥാനത്തെ എല്ലാ പഴയ പാലങ്ങളുടെയും സര്‍വേ നടത്തി അടിയന്തരമായി അറ്റകുറ്റപ്പണി ആവശ്യമുള്ളവ കണ്ടെത്തണമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശവും നല്‍കിയിരുന്നു. പാലം പരിപാലിക്കുന്നതിന് വേണ്ടി മാത്രം ബീഹാര്‍ ഒരു പ്രത്യേക നയവും നടപ്പിലാക്കിയിരുന്നു. ഇത്തരത്തില്‍ നയം നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണ് ബീഹാര്‍.