ന്യൂദല്‍ഹി: രാജ്യത്ത് പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളിലെ ജീവനക്കാരുടെ എണ്ണം തുടര്‍ച്ചയായി കുറയുന്നുവെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍. സി.പി.ഐ.എം എം.പി എ.എ. റഹീം രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് രേഖാമൂലം ലഭിച്ച മറുപടിയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നാമമാത്രമായ നിയമനങ്ങള്‍ മാത്രമാണുണ്ടായതെന്നും കേന്ദ്രം പറയുന്നു.
കഴിഞ്ഞ അഞ്ച് വര്‍ഷമായി ഓരോ പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളിലെ (പി.എസ്.ഐ.സി) ജീവനക്കാരുടെ എണ്ണവും നിയമനങ്ങളുടെ എണ്ണവും ധനകാര്യ സഹമന്ത്രി ഡോ.ഭഗവത് കരാദ് നല്‍കി.
എല്ലാ പൊതുമേഖലാ ഇന്‍ഷുറന്‍സ് ജീവനക്കാരുടെ എണ്ണത്തിലും തുടര്‍ച്ചയായ കുറവുണ്ടെന്നും നിയമനങ്ങള്‍ വളരെ കുറവാണെന്നും ഡാറ്റ കാണിക്കുന്നു. ഏറ്റവും വലിയ പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍.ഐ.സിയില്‍ ജീവനക്കാരുടെ എണ്ണം 11,1979ല്‍ നിന്ന് 10,4036 ആയി കുറഞ്ഞിട്ടുണ്ട്.
ന്യൂ ഇന്ത്യ അഷുറന്‍സില്‍ 17,880ല്‍ നിന്ന് 13,929 ആയി. യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സില്‍ 15,926ല്‍ നിന്ന് 11,523 ആയി. ഓറിയന്റല്‍ ഇന്‍ഷുറന്‍സില്‍ 13,667ല്‍ നിന്ന് 94,40ലായി. നാഷണല്‍ ഇന്‍ഷ്വറന്‍സില്‍ 13,440ല്‍ നിന്ന് 9,569 ആയി കുറഞ്ഞു.
ഓറിയന്റല്‍ ഇന്‍ഷ്വറന്‍സ് 2017-18 മുതല്‍ ഒരു നിയമനം പോലും നടത്തിയിട്ടില്ല. 2018-19 മുതല്‍ നാഷണല്‍ ഇന്‍ഷ്വറന്‍സ് ഒരു നിയമനം പോലും നടത്തിയിട്ടില്ല. യുണൈറ്റഡ് ഇന്ത്യ 2018-19 മുതല്‍ ആകെ 30 നിയമങ്ങളാണ് നടത്തിയത്.
പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളില്‍ ജീവനക്കാരെ തുടര്‍ച്ചയായി കുറച്ചുകൊണ്ട് അവരെ ദുര്‍ബലപ്പെടുത്തുന്നതിനാണ് കേന്ദ്ര സാര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് എ.എ. റഹീം പറഞ്ഞു. ഇത് ഈ പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുമെന്നും അദ്ദേഹം പറഞ്ഞു.
‘കാര്യക്ഷമത കുറയുന്നത് പിന്നീട് പൊതുമേഖലാ ഇന്‍ഷ്വറന്‍സ് കമ്പനികളെ സ്വകാര്യവല്‍ക്കരിക്കാനുള്ള ബി.ജെ.പി സര്‍ക്കാരിന്റെ വാദത്തിന്റെ ഭാഗമാകും.
കോര്‍പ്പറേറ്റുകളുടെ താല്‍പര്യം മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്.
പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളെ ദുര്‍ബലപ്പെടുത്തുന്നതിലൂടെ സര്‍ക്കാര്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള അടിത്തറ കെട്ടിപ്പടുക്കുകയാണ്. ഇത് വളരെ കുറഞ്ഞ വിലയ്ക്ക് ഈ വിലയേറിയ പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളെ വാങ്ങാന്‍ കോര്‍പ്പറേറ്റുകളെ പ്രാപ്തരാക്കും.
സര്‍ക്കാര്‍ അടിയന്തരമായി ഈ നയത്തില്‍ നിന്ന് പിന്മാറണം. പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളെ ശക്തിപ്പെടുത്തുകയും പരിപോഷിപ്പിക്കുകയും വേണം. മതിയായ എണ്ണം പുതിയ നിയമനങ്ങള്‍ നടത്തണം. ദേശീയ ആസ്തികളായ പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളെ ദുര്‍ബലപ്പെടുത്തുകയും സ്വകാര്യവല്‍ക്കരിക്കുകയും ചെയ്യരുത്,’ എ.എ. റഹീം എം.പി കൂട്ടിച്ചേര്‍ത്തു.
Content Highlight: Yet another account of the central government’s anti-workerism, Staff reduction in public sector insurance companies’