Kerala News
യേശുദാസിനെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കണം: പ്രക്ഷോഭത്തിനൊരുങ്ങി ശിവഗിരി മഠം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Mar 17, 06:56 am
Monday, 17th March 2025, 12:26 pm

തൃശൂര്‍: ഗാനഗന്ധര്‍വ്വന്‍ യേശുദാസിനെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് ശിവഗിരി മഠം രംഗത്ത്. കാലം ഇത്രയും മാറിയിട്ടും യേശുദാസിനെപ്പോലൊരു അതുല്യ കലാകാരന് ക്ഷേത്രത്തില്‍ പ്രവേശനം നല്‍കാത്തത് കാലത്തിനോടും അദ്ദേഹത്തോടും ചെയ്യുന്ന അനീതിയാണെന്ന് ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു.

അടുത്തമാസം ആചാര പരിഷ്‌കരണവുമായി ബന്ധപ്പെട്ട്‌ ശിവഗിരി മഠം ഗുരുവായൂര്‍ ദേവസ്വത്തിന് മുന്നില്‍ നടത്തുന്ന പ്രക്ഷോഭത്തിലെ പ്രധാന ആവശ്യമായി ഈ വിഷയം മുന്നോട്ട് വെക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തില്‍ അനുകൂല നിലപാട് ഉണ്ടാവാന്‍ സര്‍ക്കാരും ഇടപെടണമെന്നും സ്വാമി സച്ചിദാനന്ദ ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാല്‍ ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ട് ക്ഷേത്രം ഭരണാധികാരികളാണ് തീരുമാനം എടുക്കേണ്ടതെന്ന് യേശുദാസ് 2018ല്‍ പറഞ്ഞിരുന്നു. തനിക്ക് മാത്രമായി പ്രവേശനം അനുവദിക്കേണ്ടതില്ലെന്നും പൂര്‍ണഭക്തിയോടെ ഗുരുവായൂരപ്പനെ കാണാനെത്തുന്ന എല്ലാവര്‍ക്കും ക്ഷേത്ര പ്രവേശനം ലഭിക്കുന്ന കാലത്ത് അവസാനത്തെ ഭക്തനായെ ക്ഷേത്രത്തില്‍ പ്രവേശിക്കൂ എന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഈ വിഷയത്തില്‍ ഇതാദ്യമായല്ല ശിവഗിരി മഠം പ്രതികരിക്കുന്നത്. മുമ്പ് ക്ഷേത്രത്തിലെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് എന്‍.എസ്.എസ് അധ്യക്ഷന്‍ സുകുമാരന്‍ നായരുമായുണ്ടായ വാഗ്വാദത്തിലും കേരളത്തില്‍ ഇനിയും മാറ്റങ്ങള്‍ ഉണ്ടാവണമെന്നും ഗുരുവായൂരില്‍ കേറാന്‍ യേശുദാസ് ഇപ്പോഴും ക്യൂവിലാണെന്നും ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാന്ദ പറഞ്ഞിരുന്നു.

ഇതുസംബന്ധിച്ച് യേശുദാസുമായും ശിവഗിരി മഠം ചര്‍ച്ച നടത്തിയിരുന്നു. കാലക്രമേണ നിലപാട് മാറുമെന്നാണ് കരുതുന്നതെന്നാണ് അന്ന് യേശുദാസ് പറഞ്ഞത്. ഇപ്പോള്‍ അതിനുള്ള സമയമായെന്ന് സ്വാമി സച്ചിദാനന്ദ ഇതിന് മറുപടിയും നല്‍കിയിരുന്നു.

Content Highlight: Yesudas should be admitted to Guruvayur temple: Sivagiri Madam prepares for protest