| Wednesday, 7th November 2018, 11:19 am

ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി കയറി വിവാദത്തിലായവരില്‍ ഗായകന്‍ യേശുദാസും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ശബരിമലയില്‍ ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി കയറി വിവാദത്തിലായവരില്‍ ഗായകന്‍ യേശുദാസും. ശബരിമല മുന്‍മേല്‍ശാന്തിയായിരുന്ന ശങ്കരന്‍ നമ്പൂതിരിയ്‌ക്കെതിരെയും ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി കയറിയതിന് ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു.

യേശുദാസും മേല്‍ശാന്തിയും ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി കയറി ആചാരലംഘനം നടത്തിയായി സ്‌പെഷ്യല്‍ കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ദേവസ്വം ബെഞ്ച് സ്വമേധയാ കേസെടുത്തത്. 2017 ഓഗസ്റ്റ് 21 നായിരുന്നു ഇത്. പടിപൂജയ്ക്ക് ശേഷം മേല്‍ശാന്തി കെട്ടില്ലാതെപടി കയറുകയായിരുന്നു.

ഇത്തരം ആചാര ലംഘനം തടയാന്‍ നടപടിയെടുക്കണമെന്ന് ദേവസ്വം ബോര്‍ഡ് നല്‍കിയ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ് ആ കേസില്‍ നടപടികള്‍ അവസാനിപ്പിച്ചത്.


സന്നിധാനത്തെത്തിയ സ്ത്രീയ്ക്ക് നേരെ തേങ്ങ എറിയാന്‍ ശ്രമിക്കുന്ന അക്രമിയുടെ ചിത്രം പുറത്ത്


പന്തളം രാജകുടുംബത്തില്‍നിന്നുള്ള ചുമതലപ്പെട്ടയാള്‍, പടിപൂജ നടത്തുന്ന കുടുംബത്തില്‍പ്പെട്ടയാള്‍ ഇങ്ങനെയുള്ളവര്‍ക്ക് പടി കയറാമെന്നാണ് കമ്മീഷണര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത്. അങ്ങനെയല്ലാതെ പടി കയറിയതിനാല്‍ ആചാരം ലംഘിക്കപ്പെട്ടതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനൊപ്പം തന്നെ യേശുദാസിന് ആചാരത്തെ കുറിച്ച് അറിയില്ലായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

ആചാര ലംഘനം സംഭവിച്ചെന്നും ഭാവിയില്‍ ഇതുണ്ടാവാതിരിക്കാന്‍ നടപടിയെടുക്കുമെന്നുമാണ് അന്ന് ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചത്. തന്ത്രിയോട് ആലോചിച്ച് നടപടികളെടുക്കുമെന്നും ബോര്‍ഡ് വ്യക്തമാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് ജസ്റ്റിസ് പി.ആര്‍ രാമചന്ദ്രമേനോന്റെ നേതൃത്വത്തിലുള്ള ബെഞ്ച് നടപടികള്‍ അവസാനിപ്പിക്കുകയായിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more