| Thursday, 2nd January 2025, 6:48 pm

ഗുരുവായൂരില്‍ കേറാന്‍ യേശുദാസ് ഇപ്പോഴും ക്യൂവില്‍; കേരളത്തില്‍ ഇനിയും മാറ്റങ്ങള്‍ ഉണ്ടാവണം; സുകുമാരന്‍ നായര്‍ക്ക് മറുപടിയുമായി ശിവഗിരി മഠം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം: ക്ഷേത്രത്തിലെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് എന്‍.എസ്.എസ് അധ്യക്ഷന്‍ നടത്തിയ പരാമര്‍ശത്തില്‍ മറുപടിയുമായി ശിവഗിരി മഠം. മന്നത്ത് പത്മനാഭന്റെ അഭിപ്രായമല്ല സുകുമാരന്‍ നായര്‍ പറഞ്ഞതെന്നും കാരണം ക്ഷേത്രത്തില്‍ ഷര്‍ട്ട് അഴിച്ചുവെച്ച് പ്രവേശിക്കാന്‍ മന്നം പറഞ്ഞിട്ടില്ലെന്നും ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാന്ദ പറഞ്ഞു.

അതിനാല്‍ സുകുമാരന്‍ നായര്‍ പറഞ്ഞത് സാമൂഹ്യ പരിഷ്‌ക്കാര്‍ത്താക്കളുടെ വാക്കായി കാണാന്‍ സാധിക്കില്ലെന്നും സ്വാമി സച്ചിദാനന്ദ കൂട്ടിച്ചേര്‍ത്തു. ഗുരുവിന്റെ അനുയായി എന്ന നിലയില്‍ തനിക്ക് അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ടെന്നും അതിനാലാണ് ഇക്കാര്യം പറഞ്ഞതെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.

‘സുകുമാരന്‍ നായര്‍ പറയുന്നത് മന്നത്തിന്റെ അഭിപ്രായത്തിന് വിഭിന്നമായിട്ടാണ്. അത് ആളുകള്‍ക്ക് വിട്ടുകൊടുക്കുക. അവര്‍ ഷര്‍ട്ട് ഇടുകയോ ഇടാതിരിക്കുകയോ ചെയ്യട്ടെ. പരിഷ്‌കാരങ്ങളെക്കുറിച്ച് അഭിപ്രായം പറയാന്‍ ജാതി മത ചിന്തകള്‍ക്ക് അതീതമായ വിശ്വദര്‍ശനം അവതരിപ്പിച്ച ഗുരുവിന്റെ അനുയായി എന്ന നിലയില്‍ എനിക്ക് പറയുവാനുള്ള ധാര്‍മിക ചുമതലയുണ്ട്,’ അദ്ദേഹം പറഞ്ഞു.

കേരള സമൂഹത്തില്‍ ഒന്നാകെ മാറ്റങ്ങളും പരിഷ്‌കാരങ്ങളും വരേണ്ടതുണ്ടെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു. യേശുദാസിനെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാത്തത്‌ ചൂണ്ടിക്കാട്ടിയായിരുന്നു സ്വാമി സച്ചിദാനന്ദയുടെ ഊ പരാമര്‍ശമെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ക്ഷേത്രങ്ങളിലും ഉത്സവങ്ങളിലും ആനയും വെടിക്കെട്ടും വേണ്ടെന്ന് കോടതി തന്നെ പറഞ്ഞെന്നും നൂറ് വര്‍ഷം മുമ്പ് ശ്രീനാരായണ ഗുരുവും ഇതേകാര്യം പറഞ്ഞെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗുരുവും നമുക്ക് കരിയും കരിമരുന്നും വേണ്ടെന്ന് പറഞ്ഞിരുന്നു. ഇപ്പോള്‍ അത് കോടതികളും അംഗീകരിച്ചു. പക്ഷെ സുകുമാരന്‍ നായരെപ്പോലുള്ള ആളുകള്‍ ഇപ്പോഴും അത് അംഗീകരിച്ചിട്ടില്ലെന്നും ഇപ്പോഴും അവര്‍ നൂറു വര്‍ഷം പുറകിലാണെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.

കാലാകാലങ്ങളായി ക്ഷേത്രങ്ങളില്‍ തുടരുന്ന ആചാരങ്ങള്‍ ശരിയല്ലെന്ന് എന്ത് അടിസ്ഥാനത്തിലാണ് പറയുന്നതെന്നായിരുന്നു സുകുമാരന്‍ നായരുടെ പരാമര്‍ശം. ക്ഷേത്രങ്ങളില്‍ വസ്ത്രം ഊരി ദര്‍ശനം നടത്തേണ്ടതില്ലെന്ന് പറയുന്നവര്‍ ആരാണെന്നും ജി. സുകുമാരന്‍ നായര്‍ ചോദിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ നിലപാടിനെ പിന്തുണക്കരുതായിരുന്നുവെന്നും തെറ്റായി പോയെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. മന്നം ജയന്തിയാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Content Highlight: Yesudas is still in the queue for Guruvayur; There should be more changes in Kerala says Sivagirimadam in reply to Sukumaran Nair

We use cookies to give you the best possible experience. Learn more