| Saturday, 2nd April 2016, 7:10 am

പലര്‍ക്കും 'അല്ലാഹു' എന്ന പേരിന്റെ അര്‍ത്ഥമറിയില്ല, ലോകത്തിന്റെ ഇപ്പോഴത്തെ പോക്കില്‍ ദു:ഖിതനെന്ന് യേശുദാസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ലോകത്തിന്റെ ഇന്നത്തെ പോക്കില്‍ താന്‍ ദു:ഖിതനാണെന്ന് യേശുദാസ്. ജാതിമത ചിന്തകളാല്‍ കലുഷിതമാണ് ഇന്നത്തെ സമൂഹമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ചാവറ കള്‍ചറല്‍ സെന്ററില്‍ നടന്ന പുസ്തക പ്രകാശനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യാ-പാക് സൗഹൃദം പ്രമേയമാക്കി ഫാ. സിറിയക് തുണ്ടിയില്‍ എഴുതിയ ലാഹോര്‍ എക്‌സ്പ്രസ് എന്ന ഇംഗ്ലീഷ് നോവലിന്റെ പ്രകാശന ചടങ്ങിലാണ് യേശുദാസ് ഇങ്ങനെ പറഞ്ഞത്.

പുസ്തകം പ്രകാശനം ചെയ്തശേഷം “ബിസ്മി” ചൊല്ലിക്കൊണ്ടാണ് യേശുദാസ് തുടങ്ങിയത്. “ബിസ്മി” പറയുന്നതിലല്ല, ഭാഷ അറിയാത്തതിനാലാണ് പ്രശ്‌നമുണ്ടാകുന്നത്. ഒരു സ്റ്റേജ് പരിപാടിയില്‍ ഉണ്ടായ അനുഭവത്തെ ഓര്‍ത്തെടുത്ത് അദ്ദേഹം പറഞ്ഞു. പലര്‍ക്കും “അല്ലാഹു” എന്ന പേരിന്റെ അര്‍ഥമോ അതിന്റെ ഒന്ന് വിശദീകരിക്കാനോ അറിയില്ല. പല കാരണങ്ങളാലും ഉള്‍വലിഞ്ഞ് “ആമ”യായി ഇരിക്കാന്‍ ശീലിക്കുകയാണ് താനെന്നും അദ്ദേഹം പറഞ്ഞു.

ജാതിമത ചിന്തകളെ അതിജീവിക്കാനുള്ള ശുദ്ധമായ അറിവ് പകരാന്‍ വായനയ്ക്കു സാധിക്കും. എല്ലാ മതങ്ങളും പകരുന്ന സന്ദേശം ഒന്നുതന്നെയാണെന്ന തിരിച്ചറിവാണ് നല്ല ഗ്രന്ഥങ്ങള്‍ വായിക്കുന്നതിലൂടെ നമുക്ക് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

“നിങ്ങളും കുറെ പുസ്തകം വായിക്കണം. വേണ്ടാത്തത് നിര്‍ഗളിക്കരുത്” എന്ന് മാധ്യമ പ്രവര്‍ത്തകരോട് അദ്ദേഹം നിര്‍ദ്ദേശിച്ചു.

തിരക്കഥാകൃത്ത് ജോണ്‍പോള്‍ യേശുദാസില്‍നിന്ന് പുസ്തകം ഏറ്റുവാങ്ങി. നോവല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു സമര്‍പ്പിക്കുകയാണെന്ന് ഫാദര്‍ സിറിയക് തുണ്ടിയില്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more