“സെല്‍ഫി വന്നതോടെ തൊട്ടുരുമ്മി നിന്ന് ഫോട്ടോയെടുക്കണം. അതുപറ്റില്ലെന്ന് ആണിനെയും പെണ്ണിനെയും ഞാന്‍ വിലക്കി. ഒപ്പം നിന്ന് ഫോട്ടോ എടുക്കുന്നതില്‍ വിരോധമില്ല. ദേഹത്തുരസിയുള്ള സെല്‍ഫി വേണ്ട.”
“സദാചാര” ക്ലാസുമായി ഗായകന്‍ യേശുദാസ് വീണ്ടും. നേരത്തെ പെണ്‍കുട്ടികള്‍ ജീന്‍സ് ധരിക്കുന്നത് വിലക്കിയ യേശുദാസ് ഇപ്പോള്‍ സെല്‍ഫിയെടുക്കലിനെ വിമര്‍ശിച്ചാണ് രംഗത്തുവന്നിരിക്കുന്നത്.
ദേഹത്തുരസിയുള്ള സെല്‍ഫിവേണ്ട എന്നാണ് യേശുദാസ് പറയുന്നത്. കലാകൗമുദിയ്ക്കുവേണ്ടി വി.ഡി ശെല്‍വരാജ് നടത്തിയ അഭിമുഖത്തിലാണ് യേശുദാസ് ഇങ്ങനെ പറയുന്നത്. ഈ പ്രസ്താവന മാതൃഭൂമിയുടെ കേട്ടതും കേള്‍ക്കേണ്ടതും എന്ന കോളത്തില്‍ വന്നതോടെയാണ് ഇത് വിവാദമായത്.
“സെല്‍ഫി വന്നതോടെ തൊട്ടുരുമ്മി നിന്ന് ഫോട്ടോയെടുക്കണം. അതുപറ്റില്ലെന്ന് ആണിനെയും പെണ്ണിനെയും ഞാന്‍ വിലക്കി. ഒപ്പം നിന്ന് ഫോട്ടോ എടുക്കുന്നതില്‍ വിരോധമില്ല. ദേഹത്തുരസിയുള്ള സെല്‍ഫി വേണ്ട.” യേശുദാസ് പറയുന്നു.
പെണ്‍കുട്ടികള്‍ തന്നെപ്പോലുള്ളവരെ കാണുമ്പോള്‍ ഒപ്പം നിന്ന് ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിക്കുന്നതു തന്നെ മോശമാണ് എന്നാണ് പരോക്ഷമായി യേശുദാസ് പറഞ്ഞുവെക്കുന്നത്.
“എണ്‍പതുകള്‍ക്കു മുമ്പ് ഒരു പെണ്‍കുട്ടി വന്ന് ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിക്കാറില്ല. അതായിരുന്നു അടക്കവും ഒതുക്കവും. ഇത് കുറ്റപ്പെടുത്തലല്ല. ” ഇത് എന്റെ ഭാര്യ, മകള്‍” എന്ന് പരിചയപ്പെടുത്തിയാല്‍ തന്നെയും അവര്‍ അകലം പാലിക്കുമായിരുന്നു. ഇന്ന് അങ്ങനെയല്ല.” അദ്ദേഹം പറയുന്നു.
Also Read:അധികാരത്തിലെത്തിയശേഷം മോദി നടത്തിയ 10 യൂടേണുകള്‍: എല്ലാ മോദി ആരാധകരും വായിച്ചിരിക്കാന്‍
നേരത്തെ പെണ്‍കുട്ടികള്‍ ജീന്‍സ് ധരിക്കുന്നതിനെ യേശുദാസ് വിമര്‍ശിച്ചിരുന്നു. ജീന്‍സ് പോലുള്ള വസ്ത്രങ്ങള്‍ ധരിച്ച് ആകര്‍ഷണ ശക്തികൊടുത്ത് മറ്റുള്ളവരെ വേണ്ടാധീനം ചെയ്യിക്കാന്‍ ശ്രമിക്കരുതെന്നായിരുന്നു യേശുദാസിന്റെ പരാമര്‍ശം.
സ്ത്രീകള്‍ പുരുഷന്മാരെ ആകര്‍ഷിക്കുന്ന തരത്തിലുള്ള വസ്ത്രം ധരിക്കരുത്. ജീന്‍സ്, ലെഗ്ഗിന്‍സ് പോലുള്ള വസ്ത്രങ്ങള്‍ ധരിക്കരുതെന്നാണ് തന്റെ അഭിപ്രായം. സൗമ്യതയാണ് സ്ത്രീകളുടെ ആകര്‍ഷണമെന്നും യേശുദാസ് പറഞ്ഞിരുന്നു. 2014ല്‍ സ്വാതി തിരുനാള്‍ സംഗീത കോളജില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയായിരുന്നു യേശുദാസിന്റെ ഈ പരാമര്‍ശം. ഇത് വലിയ വിവാദങ്ങള്‍ക്കു വഴിവെച്ചിരുന്നു.