'ഞാന്‍ തൊഴില്‍ അന്വേഷിച്ചിരുന്നെങ്കില്‍ താങ്കള്‍ ആ സ്ഥാനത്ത് എത്തില്ലായിരുന്നു'; അരുണ്‍ ജെയ്റ്റ്‌ലിയുടെ പരിഹാസത്തിന് ചുട്ട മറുപടിയുമായി യശ്വന്ത് സിന്‍ഹ
Daily News
'ഞാന്‍ തൊഴില്‍ അന്വേഷിച്ചിരുന്നെങ്കില്‍ താങ്കള്‍ ആ സ്ഥാനത്ത് എത്തില്ലായിരുന്നു'; അരുണ്‍ ജെയ്റ്റ്‌ലിയുടെ പരിഹാസത്തിന് ചുട്ട മറുപടിയുമായി യശ്വന്ത് സിന്‍ഹ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 29th September 2017, 11:06 am

ന്യൂദല്‍ഹി: തന്നെ എണ്‍പത് വയസുകാരനായ തൊഴില്‍ അന്വേഷകന്‍ എന്ന് പരിഹസിച്ച അരുണ്‍ ജെയ്റ്റ്‌ലിക്ക് മറുപടിയുമായി ബി.ജെ.പി എം.പിയും മുന്‍ ധനമന്ത്രിയുമായ യശ്വന്ത് സിന്‍ഹ. ഞാന്‍ തൊഴില്‍ അന്വേഷിച്ച് നടക്കുകയായിരുന്നെങ്കില്‍ താങ്കള്‍ ഒരിക്കലും ആ സ്ഥാനത്ത് എത്തില്ലായിരുന്നു എന്നായിരുന്നു സിന്‍ഹയുടെ മറുപടി.

കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ സാമ്പത്തിക നയങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യശ്വന്ത് സിന്‍ഹ രംഗത്തെത്തിയിരുന്നു. രാജ്യത്തെ സമ്പദ് ഘടനയെ പുനരുജ്ജീവിപ്പിക്കുന്നതില്‍ ജെയ്റ്റ്‌ലി പരാജയപ്പെട്ടെന്നും 2019ലെ പൊതു തെരഞ്ഞെടുപ്പിന് മുമ്പ് മാന്ദ്യം മറികടക്കാന്‍ കഴിയില്ലെന്നുമായിരുന്നു മുന്‍ ധനകാര്യ മന്ത്രികൂടിയായിരുന്ന യശ്വന്ത് സിന്‍ഹയുടെ വിമര്‍ശനം


Also Read തൃപ്പുണിത്തുറയിലെ ഘര്‍വാപ്പസി കേന്ദ്രത്തില്‍ ഗര്‍ഭപരിശോധന നടത്തുന്നതായി ഹൈക്കോടതിയില്‍ യുവതിയുടെ മൊഴി; കേസ് അട്ടിമറിക്കരുതെന്ന് പൊലീസിനോട് കോടതി


ദേശീയ മാധ്യമമായ ഇന്ത്യന്‍ എക്സ്പ്രസില്‍ “എനിക്കിപ്പോള്‍ സംസാരിക്കണം” എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനത്തിലാണ് വാജ്പേയി മന്ത്രിസഭയില്‍ ധനകാര്യ മന്ത്രിയായിരുന്ന സിന്‍ഹ മോദി മന്ത്രിസഭയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. യശ്വന്ത് സിന്‍ഹയെ പിന്തുണച്ചുകൊണ്ട് ബി.ജെ.പിയുടെ രാജ്യ സഭ എം.പി ശത്രുഘ്‌നന്‍ സിന്‍ഹയും രംഗത്തെത്തിയിരുന്നു.

തുടര്‍ന്നായിരുന്നു യശ്വന്തിനെ പരിഹസിച്ചു കൊണ്ട് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി രംഗത്തെത്തിയത്. സര്‍ക്കാര്‍ നയങ്ങള്‍ അഴിമതി ഇല്ലാതാക്കാന്‍ വേണ്ടിയുളളതാണെന്നും മുമ്പ് ധനമന്ത്രി ആയിരുന്നതിന്റെ ആഢംബരം തനിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു കൂടാതെ എണ്‍പത് വയസുകഴിഞ തൊഴില്‍ അന്വേഷകനാണ് യശ്വന്ത് എന്നും ജെയ്റ്റ്‌ലി പരിഹസിച്ചിരുന്നു.