ഖത്തറിന്റെ മണ്ണിൽ വെച്ച് നടന്ന ഫിഫ ലോകകപ്പ് ഫുട്ബോൾ പോരാട്ടത്തിൽ മുൻ ചാമ്പ്യൻമാരായ ഫ്രാൻസിനെ അധിക സമയത്ത് തകർത്ത് വിട്ട് ലോകകപ്പ് കിരീടം സ്വന്തമാക്കാൻ മെസിക്കും കൂട്ടർക്കുമായിരുന്നു.
എന്നാൽ ലോകകപ്പ് നേടിയ ശേഷം ഗോൾ കീപ്പർ എമിലിയാനോ മാർട്ടീനെസടക്കമുള്ള അർജന്റൈൻ താരങ്ങൾ ഫ്രഞ്ച് യുവതാരം എംബാപ്പെയെ അപമാനിച്ചതിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഫുട്ബോൾ ലോകത്ത് നിന്നും ഉയർന്ന് വന്നത്.
കളിക്കളത്തിൽ വെച്ച് താൻ എംബാപ്പെയുമായി വാക്ക് തർക്കത്തിൽ ഏർപ്പെട്ടിരുന്നെന്നും എന്നാൽ അത് കളിയുടെ ഭാഗമാണെന്നും വിവരിച്ചു രംഗത്തെത്തിയിരിക്കുകയാണ് അർജന്റൈൻ യുവതാരമായ എൻസോ ഫെർണാണ്ടസ്.
ഖത്തർ ലോകകപ്പിൽ മിന്നും പ്രകടനം കാഴ്ച വെച്ച എൻസോക്ക് ടൂർണമെന്റിലെ മികച്ച യുവതാരത്തിനുള്ള പുരസ്‌കാരവും ലഭ്യമായിരുന്നു. ഇതോടെ ട്രാൻസ്ഫർ ജാലകത്തിൽ മൂല്യം കുതിച്ചുയർന്ന എൻസോയെ 121 മില്യൺ യൂറോ മുടക്കിയാണ് ചെൽസി ബെൻഫിക്കയിൽ നിന്നും അവരുടെ തട്ടകത്തിലേക്കെത്തിച്ചത്.
ഇതോടെ ട്രാൻസ്ഫർ വിപണിയിൽ അർജന്റൈൻ ഇതിഹാസ താരം മെസിയേക്കാൾ മൂല്യമുള്ള യുവതാരം എന്ന നിലയിൽ എൻസോ വാർത്തകളിൽ ഇടം പിടിച്ചിരുന്നു.
“അതേ, ഞാൻ കളിക്കളത്തിൽ വെച്ച് എംബാപ്പെയുമായി വാക്ക് തർക്കത്തിൽ ഏർപ്പെട്ടിരുന്നു. എന്നാൽ മൈതാനത്ത് എന്താണ് നടന്നത് എന്നതിനെക്കുറിച്ച് കൂടുതൽ വിശദമാക്കാൻ ഞാൻ ഇപ്പോൾ ആഗ്രഹിക്കുന്നില്ല. എംബാപ്പെ മികച്ചൊരു താരമാണെന്നതിൽ എനിക്ക് ഒരു സംശയവുമില്ല. എല്ലാവർക്കും മാതൃകയാക്കാവുന്ന ഒരു പ്ലെയറാണദ്ദേഹം,’ എൻസോ പറഞ്ഞു.
ഗസ്റ്റോൺ എഡുലിന് നൽകിയ അഭിമുഖത്തിലായിരുന്നു എൻസോ എംബാപ്പെയെക്കുറിച്ചുള്ള തന്റെ അഭിപ്രായം തുറന്ന് പറഞ്ഞത്.
അതേസമയം പ്രീമിയർ ലീഗിൽ എൻസോ ഫെർണാണ്ടസിന്റെ ക്ലബ്ബായ ചെൽസി 25 മത്സരങ്ങളിൽ നിന്നും ഒമ്പത് വിജയങ്ങളുമായി 34 പോയിന്റോടെ ലീഗ് ടേബിളിൽ പത്താം സ്ഥാനത്താണ്.
ഫെബ്രുവരി എട്ടിന് ചാമ്പ്യൻസ് ലീഗിൽ ഡോർട്മുണ്ടിനെതിരെയാണ് ക്ലബ്ബിന്റെ അടുത്ത മത്സരം.
Content Highlights:Yes, I argued with Mbappé enzo Enzo Fernandez talks about world cup insiden with Kylian Mbappe during World Cup final