ന്യൂദല്‍ഹി : യെസ് ബാങ്ക് പ്രതിസന്ധി പരിഹരിക്കാന്‍ എസ്.ബി.ഐ മുന്നിട്ടിറങ്ങിയതിന് പിന്നാലെ യെസ് ബാങ്കില്‍ ഓഹരി വാങ്ങാന്‍ താല്പര്യം പ്രകടിപ്പിച്ച് മറ്റ് സ്വകാര്യ ബാങ്കുകളും. യെസ് ബാങ്കില്‍ 5 ശതമാനം ഓഹരിക്കായി 1000 കോടി രൂപ നിക്ഷേപിക്കാന്‍ തയാറാണെന്ന് ഐ.സി.ഐ.സി .ഐ ബാങ്ക് അറിയിച്ചിട്ടുണ്ട്.
ആക്‌സിസ് ബാങ്ക്, കൊടാക് മഹീന്ദ്ര, എച്ച്.ഡി.എഫ്.സി തുടങ്ങിയ സ്വകാര്യ ബാങ്കുകളും യെസ് ബാങ്കില്‍ ഓഹരി എടുക്കാന്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. 600 കോടി നിക്ഷേപിക്കാന്‍ തയ്യാറാണെന്ന് ആക്‌സിസ് ബാങ്കും അഞ്ച് ശതമാനം ഓഹരി എടുക്കാന്‍ തയ്യാറാണെന്ന് എച്ച്.ഡി.എഫ്.സിയും പറഞ്ഞു.
യെസ് ബാങ്ക് പ്രതിസന്ധി പരിഹരിക്കാനായുള്ള റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് ഇന്ന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കിയിരുന്നു.ബാങ്കിന്റെ 49 ശതമാനം ഓഹരി എസ്.ബി.ഐ വാങ്ങാന്‍ ധാരണയായിട്ടുണ്ട്. ബാങ്ക് പുനഃസംഘടനയ്ക്കായുള്ള റെഗുലേഷന്‍ ആക്ട് 1949 പ്രകാരമാണ് കേന്ദ്രത്തിന്റെ അംഗീകാരം.
രക്ഷാപദ്ധതിയുടെ വിജ്ഞാപനം ഇറങ്ങി മുന്നുദിവസത്തിനകം മൊറട്ടോറിയം നീക്കുമെന്നു ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കിയിട്ടുണ്ട്. റിസര്‍വ്വ് ബാങ്ക് മൊറോട്ടോറിയം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് യെസ് ബാങ്കില്‍ പ്രതിസന്ധി ആരംഭിച്ചത്.
മൊറട്ടോറിയം പ്രഖ്യാപിച്ചതിന് പിന്നാലെ യെസ് ബാങ്കിന്റെ ഇ-ബാങ്കിംഗ് സേവനങ്ങളടക്കം തടസ്സപ്പെടുകയും യെസ് ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നതിനും തടസ്സം നേരിടുകയും ചെയ്തിരുന്നു.
യെസ് ബാങ്കിനോട് സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ഫോണ്‍പേ ആപ്പുകളുടെ സേവനങ്ങളും തടസ്സപ്പെട്ടിരുന്നു. പാര്‍ലമെന്റ് സ്ട്രീറ്റിലെ ഒരു പോസ്റ്റ് ഓഫീസില്‍ യെസ് ബാങ്കിലെ ചെക്കുകള്‍ ക്ലിയര്‍ ചെയ്യുന്നില്ലെന്ന് നോട്ടീസ് പതിച്ചിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ