ന്യൂദല്‍ഹി: യെസ് ബാങ്ക് സ്ഥാപകന്‍ റാണാ കപൂറിന്റെ മകള്‍ രോഷ്‌നി കപൂറിനെ മുംബൈ വിമാനത്താവളത്തില്‍ തടഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ ആണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
ബ്രിട്ടീഷ് എയര്‍വേസില്‍ ഇന്ന് ലണ്ടനിലേക്ക് പോകാനിരിക്കുകയായിരുന്നു രോഷ്‌നി. ദേവാന്‍ ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ ഇന്ന് റാണാ കപൂറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രോഷ്‌നിയെ വിമാനത്താവളത്തില്‍ തടഞ്ഞത്.
റാണാ കപൂറിന്റെ ഭാര്യ ബിന്ദുവിനും മക്കളായ രാഖി കപൂറിനും രോഷ്‌നി കപൂറിനും രാധാ കപൂറിനും സാമ്പത്തിക തട്ടിപ്പുമായി ബന്ധമുണ്ടെന്നാണ് ഔദ്യോഗികവൃത്തങ്ങള്‍ അറിയിക്കുന്നത്.
അതേസമയം കസ്റ്റഡിയിലെടുത്ത റാണാ കപൂറിനെ കോടതിയില്‍ ഹാജരാക്കിയ ശേഷം തുടര്‍ അന്വേഷണം നടത്തുമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ആര്‍.ബി.ഐ, യെസ് ബാങ്കിന് മോറട്ടോറിയം ഏര്‍പ്പെടുത്തിയത്.
വായ്പകള്‍ നല്‍കിയതിനെ തുടര്‍ന്ന് തകര്‍ച്ചയിലായ യെസ് ബാങ്കിന്റെ ഓഹരി വാങ്ങാന്‍ എസ്.ബി.ഐയ്ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടങ്ങുന്ന കണ്‍സോര്‍ഷ്യത്തിനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്.