| Saturday, 7th March 2020, 6:59 pm

യെസ് ബാങ്കില്‍ നിന്നും ഗുജറാത്ത് കമ്പനി പിന്‍വലിച്ചത് 265 കോടി; നീക്കം മോറട്ടോറിയം പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: യെസ് ബാങ്കിനുമേല്‍ ആര്‍.ബി.ഐ മോററ്റോറിയം പ്രഖ്യാപിക്കുന്നതിന് രണ്ട് ദിവസം മുമ്പ് ഗുജറാത്തില്‍നിന്നുള്ള കമ്പനി ബാങ്കില്‍നിന്നും കോടികള്‍ പിന്‍വലിച്ചെന്ന് റിപ്പോര്‍ട്ട്. വഡോദര സ്മാര്‍ട്ട് സിറ്റി ഡെവലപ്‌മെന്റ് കമ്പനിയാണ് യെസ്ബാങ്കില്‍നിന്നും 265 കോടി രൂപ പിന്‍വലിച്ചത്.

വ്യാഴാഴ്ച മുതല്‍ 50,000 രൂപയ്ക്കു മുകളില്‍ ബാങ്കില്‍ നിന്നും തുക പിന്‍വലിക്കുന്നത് തടയാന്‍ റിസര്‍വ് ബാങ്ക് യെസ് ബാങ്കിനോട് ആവശ്യപ്പെട്ടിരുന്നു. യെസ് ബാങ്കിന്റെ ഓഹരികള്‍ ഏറ്റെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ എസ്.ബി.ഐക്ക് നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെയായിരുന്നു ഇത്.

വഡോദര മുന്‍സിപല്‍ കോര്‍പറേഷനുവേണ്ടി എസ്.പി.വി നിര്‍മ്മിച്ച് നല്‍കാനുള്ള കരാര്‍ വഡോദര സ്മാര്‍ട്ട് സിറ്റി ഡെവലപ്‌മെന്റ് കമ്പനിക്കാണ്. മുന്‍സിപല്‍ കോര്‍പറേഷനിലെ ഉന്നത ഉദ്യോഗസ്ഥനായ സുധീര്‍ പട്ടേലാണ് പണം പിന്‍വലിച്ചത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.

സ്മാര്‍ട്ട് സിറ്റി പദ്ധതിക്ക് കേന്ദ്രം അനുവദിച്ച ഗ്രാന്റ് ആണ് ആ തുക. അത് യെസ് ബാങ്കിന്റെ ബ്രാഞ്ചിലേക്കായിരുന്നു നിക്ഷേപിച്ചിരുന്നതെന്നും സുധീര്‍ പട്ടേല്‍ പറഞ്ഞു.

യെസ് ബാങ്ക് നിലവില്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് രണ്ട് ദിവസം മുമ്പ് ബാങ്കില്‍നിന്നും തുക പിന്‍വലിച്ച് ബാങ്ക് ഓഫ് ബരോഡയില്‍ നിക്ഷേപിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ആര്‍.ബി.ഐ യെസ് ബാങ്കിന് മോറട്ടോറിയം ഏര്‍പ്പെടുത്തിയത്. ഇതോടെ ബാങ്കില്‍നിന്നും പിന്‍വലിക്കാവുന്ന പരമാവധി തുക 50,000 രൂപയാക്കി ചുരുക്കുകയായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more