കോഴിക്കോട്: യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ മോചനത്തിനായി കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ദയാധനമായി ആവശ്യപ്പെട്ടത് 50 മില്യണ്‍ റിയാല്‍(ഏകദേശം 85 ലക്ഷം രൂപ) യമനിലെ ഉദ്യോഗസ്ഥര്‍ ജയിലില്‍ എത്തി നിമിഷപ്രിയയെ കണ്ടു.
ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം നിമിഷ പ്രിയയുടെ മോചനത്തിനായി ശ്രമിക്കുന്നതിനിടെയാണ് ദയാധനവുമായി ബന്ധപ്പെട്ട് യമനിലെ ഉദ്യോഗസ്ഥര്‍ ജയിലിലെത്തി നിമിഷ പ്രിയയെ കണ്ടത്.
കൊല്ലപ്പെട്ടയാളുടെ കുടുംബം പണം സ്വീകരിച്ച് മാപ്പ് നല്‍കിയാല്‍ നിമിഷക്ക് ജീവിതത്തിലേക്ക് മടങ്ങി വരാന്‍ സാധിക്കും. എന്നാല്‍ ഇതിനായി നടത്തിയ ശ്രമങ്ങള്‍ ആദ്യം വിജയിച്ചിരുന്നില്ല. കേന്ദ്രസര്‍ക്കാര്‍ നയതന്ത്ര ഇടപെടല്‍ സാധ്യമല്ലെന്നും അറിയിച്ചിരുന്നു.
യമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദിയെ നിമിഷപ്രിയയും കൂട്ടുകാരിയും ചേര്‍ന്നു കൊലപ്പെടുത്തി മൃതദേഹം വീടിനു മുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചു എന്നതാണ് ഇവര്‍ക്കെതിരെയുള്ള കേസ്.
2017 ജൂലൈ 25നാണ് യമന്‍ പൗരനായ തലാല്‍ കൊല്ലപ്പെട്ടത്. യമനില്‍ നേഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായ വാഗ്ദാനവുമായി വന്ന തലാല്‍, പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് നിമിഷപ്രിയ പറയുന്നത്.
അതേസമയം, യമനിലേക്ക് പോകാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി കിട്ടിയാല്‍ ജയിലില്‍ നിമിഷ പ്രിയയെ കാണാന്‍ അമ്മയ്ക്കും മകള്‍ക്കും അവസരം ഒരുക്കാനും ശ്രമം നടക്കുന്നുണ്ട്. മനപൂര്‍വമല്ലാതെ സംഭവിച്ചത് പാളിച്ചയാണെന്നും മരിച്ച തലാലിന്റെ കുടുംബവും യമന്‍ ജനതയും ക്ഷമിക്കുമെന്നാണ് പ്രതീക്ഷയെന്നും കഴിഞ്ഞ ആഴ്ച്ച നിമിഷ അമ്മയ്ക്ക് അയച്ച കത്തില്‍ പറയുന്നു.
തുടര്‍ന്ന് ജീവിക്കാന്‍ പറ്റുമോ, ദയവുണ്ടാകുമോ എന്നുള്ള ആശങ്കകളും ആക്ഷന്‍ കൗണ്‍സിലിന് അയച്ച കത്തില്‍ നിമിഷ പങ്കുവയ്ക്കുന്നു. അമ്മയും മകളും അടക്കമുള്ള സംഘത്തെ എത്രയും വേഗം യമനിലെത്തിച്ച് നിമിഷയുടെ മോചനം സാധ്യമാക്കാനാകുമെന്ന പ്രതീക്ഷയിലാണ് ആക്ഷന്‍ കൗണ്‍സില്‍.