ദുബായ്: സൗദി അരംകോ ശുദ്ധീകരണശാലകള്‍ക്ക് നേരെയെടക്കം വിവിധ സ്ഥലങ്ങളില്‍ വ്യോമാക്രമണം നടത്തിയതായി യെമനിലെ ഇറാന്‍ പിന്തുണയുള്ള ഹൂതി ഗ്രൂപ്പുകള്‍.
ജുബെയ്‌ലിലെയും ജെദ്ദയിലെയും ശുദ്ധീകരണശാലകള്‍ക്ക് നേരെയടക്കമാണ് 17 ഡ്രോണുകളും രണ്ട് ബാലിസ്റ്റിക് മിസൈലുകളുമടക്കമുള്ള ആക്രമണം നടത്തിയതെന്ന് ഹൂതി ഗ്രൂപ്പുകള്‍ അറിയിച്ചു.
അതേസമയം സംഭവത്തില്‍ പ്രതികരിക്കാന്‍ സൗദി തയ്യാറായിരുന്നില്ല. സൗദിയിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള അരംകോയ്ക്ക് നേരെ ആക്രമണമുണ്ടായോ ഇല്ലയോ എന്നും സൗദി സ്ഥിരീകരിച്ചിട്ടില്ല. ഉടന്‍ തന്നെ വിവരങ്ങള്‍ അറിയിക്കാമെന്ന് മാത്രമാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്കടക്കം സൗദി മറുപടി നല്‍കിയിട്ടുള്ളത്.
എന്നാല്‍ സൗദിയ്ക്ക് നേരെ 17 ഡ്രോണുകളും രണ്ട് മിസൈലുകളും പ്രയോഗിച്ചെന്ന് തന്നെയാണ് ഹൂതി ഗ്രൂപ്പിന്റെ വക്താവായ യഹ്യ സാരിയ ട്വിറ്ററിലും ആവര്‍ത്തിച്ചത്. തെക്കന്‍ സൗദി മേഖലയിലെ ഖാമിസ് മുശൈത്, ജസാന്‍ എന്നീ അതീവ പ്രധാനമായ സൗദിയുടെ പ്രതിരോധ മേഖലകളിലും ആക്രമണം നടത്തിയെന്നാണ് സാരിയ അവകാശപ്പെടുന്നത്.
അതേസമയം ഹൂതികളുടെ ആറ് ഡ്രോണുകള്‍ പിടിച്ചെടുത്ത് നശിപ്പിച്ചതായി സൗദി പിന്തുണയുള്ള യെമനിലെ സര്‍ക്കാര്‍ അറിയിച്ചു.