| Friday, 15th March 2024, 9:55 pm

ഇസ്രഈലി കപ്പലുകളെ ചെങ്കടല്‍ കടന്ന് ഇന്ത്യന്‍ സമുദ്രത്തിലും ആക്രമിച്ച് യെമന്‍ സേന; റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

സനാ: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇസ്രഈല്‍ ബന്ധമുള്ള കപ്പലുകള്‍ക്ക് നേരെ മിസൈല്‍ ആക്രമണം നടത്തിയതായി യെമന്‍ സേന.

മൂന്ന് ഇസ്രഈലി-അമേരിക്കന്‍ കപ്പലകള്‍ക്കെതിരെ മിസൈല്‍ തൊടുത്തുവിട്ടതായി യെമനി സേന വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ യഹിയ സരി പറഞ്ഞു. ഇസ്രഈലുമായി ബന്ധമുള്ള കപ്പലുകളെ ഇനി മുതല്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലും കേപ്പ് ഓഫ് ഗുഡ് ഹോപ്പിലും ആക്രമിക്കുമെന്ന് അന്‍സാറുള്ള പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സേനയുടെ നീക്കം.

യെമന്‍ സേനയുടെ മൂന്ന് ഓപ്പറേഷനുകളും വിജയിച്ചെന്ന് രാജ്യത്തെ പൗരന്മാരെ അഭിസംബോധന ചെയ്തുകൊണ്ട് യഹിയ സരി പറഞ്ഞു. ഈ വിജയം ഗസയിലെ ഫലസ്തീനികള്‍ക്ക് യെമന്‍ നല്‍കുന്ന പിന്തുണയാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം നാവിക മിസൈലുകള്‍ ഉപയോഗിച്ച് ചെങ്കടലില്‍ ‘പസഫിക് 01’ എന്ന കപ്പലിനെ യെമന്‍ സേന ആക്രമിച്ചതായും സൈന്യത്തിന്റെ വക്താവ് അറിയിച്ചു. അമേരിക്കന്‍ ഡിസ്‌ട്രോയറുകള്‍ക്ക് മേല്‍ പ്രതിരോധം ഏര്‍പ്പെടുത്തിയെന്നും യെമനി സേന പറഞ്ഞു.

മാര്‍ച്ച് 14ന് അന്‍സാറുള്ള (ഹൂത്തികളുടെ ഔദ്യോഗിക സംഘടന) നേതാവ് അബ്ദുല്‍ മാലിക് അല്‍ ഹൂത്തി ടെലിവിഷന്‍ പ്രഭാഷണത്തിലാണ് തങ്ങളുടെ പ്രതിരോധം ചെങ്കടലിനപ്പുറത്തേക്കും വ്യാപിപ്പിക്കുമെന്ന് അറിയിച്ചത്.

ഗസയിലെ ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ചെങ്കടലില്‍ കപ്പലുകളെ ആക്രമിക്കാന്‍ ആരംഭിച്ചത് മുതല്‍ ഇതുവരെ 34 ഹൂത്തി പോരാളികള്‍ കൊല്ലപ്പെട്ടതായി അദ്ദേഹം പറഞ്ഞു. ശത്രുക്കള്‍ പ്രതീക്ഷിക്കാത്ത മേഖലകളിലും സ്ഥലങ്ങളിലും തങ്ങളുടെ ഓപ്പറേഷന്‍ വ്യാപിപ്പിക്കുമെന്ന് അബ്ദുല്‍ മാലിക് പറഞ്ഞു.

ഇതിനുപുറമെ യെമനില്‍ നിന്ന് 76 നോട്ടിക്കല്‍ മൈല്‍ അകലെ മിസൈല്‍ ആക്രമണത്തില്‍ ഒരു വ്യാപാര കപ്പല്‍ തകര്‍ന്നതായി യു.കെ മാരിടൈം ട്രേഡ് ഓപ്പറേഷനും ബ്രിട്ടീഷ് സുരക്ഷാ സ്ഥാപനമായ ആംബ്രേയും വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: Yemeni forces have launched missile attacks on ships associated with Israel in the Indian Ocean

Latest Stories

We use cookies to give you the best possible experience. Learn more