സന: യു.എസ് ചെങ്കടലിൽ നടത്തിയ ആക്രമണത്തിന് പകരമായി യു.എസിന്റെ കപ്പലുകളെ ആക്രമിച്ചതായി യെമനി സേന. യു.എസ് കപ്പലുകൾ ഡ്രോണുകളും ക്രൂയിസ് മിസൈലുകളും ഉപയോഗിച്ച് ആക്രമിച്ചെന്ന് ഹൂത്തി വക്താവ് ബ്രിഗേഡിയർ ജനറൽ യഹിയ സരി പറഞ്ഞു. സഖ്യകക്ഷികളുമായി ചേർന്നുള്ള സംയുക്ത ഓപ്പറേഷൻ ആയിരുന്നു ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യു.എസ് കപ്പലുകൾ ഇസ്രഈലിന് സഹായം നൽകുകയാണെന്നും, തങ്ങളുടെ രാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കുന്നതിന് എന്ത് ശക്തമായ നടപടി സ്വീകരിക്കാനും മടിക്കില്ലെന്നും യഹിയ സരി പറഞ്ഞു.
ചെങ്കടൽ വഴി സഞ്ചരിക്കുന്ന മറ്റു കപ്പലുകളെ തങ്ങൾ ആക്രമിക്കല്ലെന്നും ഇസ്രഈലിലേക്ക് പോകുന്ന കപ്പലുകളെ മാത്രമാണ് തങ്ങൾ തടയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനിടെ കഴിഞ്ഞദിവസം യമനി സേന അയച്ച 18 ഡ്രോണുകൾ വെടിവെച്ചിട്ടതായി അമേരിക്കൻ സേന അറിയിച്ചു.
ഡിസംബർ 31ന് അമേരിക്കൻ നാവികസേന നടത്തിയ ആക്രമണത്തിൽ മൂന്ന് ഹൂത്തി ബോട്ടുകൾ തകരുകയും ഹൂത്തികൾ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
ചെങ്കടലിൽ ഉണ്ടായിരുന്ന സുരക്ഷ ബോട്ടുകളാണ് യു.എസ് ആക്രമിച്ചതെന്നും ഇതിനെതിരെ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നും യെമനി സൈനിക വൃത്തങ്ങൾ അറിയിച്ചിരുന്നു.
കൂടാതെ യുദ്ധത്തിൽ ഗസക്ക് പൂർണ്ണ പിന്തുണ നൽകുമെന്നും യെമൻ അറിയിച്ചിരുന്നു
ചെങ്കടലിൽ നടക്കുന്ന ആക്രമണത്തെ ഭയന്ന് ഇസ്രഈൽ കപ്പലുകൾ പുതിയ വഴിയാണ് ഇസ്രഈലിലേക്ക് പോകുന്നതെന്ന് റിപ്പോർട്ടുകൾ വരുന്നുണ്ട്. കൂടാതെ ഇസ്രഈലി അധീന പ്രദേശങ്ങളിൽ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള ആക്രമണവും യെമൻ നടത്തുന്നുണ്ട്.
കൂടാതെ യെമനിലെ ഹൂത്തികൾ ചെങ്കടലിൽ വ്യാപകമായി മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണങ്ങൾ നടത്തിയതായി പെന്റഗൺ റിപ്പോർട്ട് ചെയ്തു. ചെങ്കടലിൽ വാണിജ്യ കപ്പലുകൾക്ക് നേരെ ഹൂത്തികൾ നടത്തുന്ന ആക്രമണം സങ്കീർണവും വലുതുമാണെന്നും പെന്റഗൺ പറഞ്ഞു.
ഹൂത്തികളെ ചെറുക്കാൻ അമേരിക്കയുടെ നേതൃത്വത്തിൽ ബഹുരാഷ്ട്ര സേന രൂപീകരിച്ചിരുന്നെങ്കിലും പിന്നീട് നിരവധി രാജ്യങ്ങൾ ഇതിൽ നിന്ന് പിന്മാറിയിരുന്നു.
Content Highlights: Yemeni army launches barrage of missiles, drones at US vessel in Red Sea