| Wednesday, 3rd July 2024, 1:04 pm

ഗസയ്ക്ക് പിന്തുണ; ഇസ്രഈല്‍ അധിനിവേശ കേന്ദ്രങ്ങളില്‍ യെമന്‍-ഇറാഖ് സേനകളുടെ സംയുക്താക്രമണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

സനാ: ഇറാഖ് പ്രതിരോധ സേനയുമായി ചേര്‍ന്ന് ഇസ്രഈലിനെതിരെ ആക്രമണം നടത്തിയതായി യെമന്‍ സായുധ സേന. ഇസ്രഈല്‍ അധിനിവേശ പ്രദേശമായ ഫലസ്തീനിലെ ഹൈഫ തുറമുഖത്തെക്ക് മിസൈല്‍ വിക്ഷേപിച്ചതായി യെമന്‍ സായുധ സേന ബ്രിഗേഡിയര്‍ ജനറല്‍ യഹ്യ സാരി പറഞ്ഞു.

ഗസയിലെ ഫലസ്തീനികള്‍ക്ക് നേരെയുള്ള ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ഇസ്രഈലിലെ സയുക്ത സൈനിക ആക്രമണം.

പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ഇസ്രഈലി സര്‍ക്കാര്‍ ഗസയിലെ അതിക്രമങ്ങള്‍ നിര്‍ത്തുന്നതുവരെ ഇസ്രഈലിനെതിരായ ആക്രമണം തുടരുമെന്ന് യഹ്യ സാരി വ്യക്തമാക്കി. ഇറാഖിലെ ഇസ്‌ലാമിക് റെസിസ്റ്റന്‍സും യെമന്‍ സേനയും മുന്‍കൂട്ടി നിശ്ചയിച്ച പദ്ധതി ഇസ്രഈലി അധിനിവേശ പ്രദേശങ്ങളില്‍ കൃത്യമായി നടപ്പിലാക്കിയെന്നും അദ്ദേഹം പറഞ്ഞു.

‘യെമനിലെ ജനതയ്ക്ക് ചുവന്ന വരകളില്ല, നിങ്ങള്‍ക്ക് ഒരുപക്ഷെ ഉണ്ടായിരിക്കാം. ചുവന്ന വരകള്‍ ഇല്ലാത്തതിനാല്‍ യെമന്‍ ജനത എവിടെയും തടഞ്ഞുനില്‍ക്കപ്പെടുന്നില്ല. ഇത് ഇസ്രഈലിനോടും അവരെ പിന്തുണക്കുന്നവരോടും ഞങ്ങള്‍ ആദ്യമേ പറഞ്ഞതാണ്,’ എന്ന് യഹ്യ സാരി പറഞ്ഞു. ഇസ്രഈല്‍ എന്ന ശത്രു ചിന്തിക്കാത്ത നിലയില്‍ യെമന്‍ പ്രവര്‍ത്തിക്കുമെന്നും ബ്രിഗേഡിയര്‍ ജനറല്‍ ഊന്നിപ്പറഞ്ഞു.

അമേരിക്കയ്ക്ക് പോലും സാധ്യമല്ലാത്ത രീതിയില്‍ ആക്രമണം തൊടുത്തുവിടുമെന്നും യെമന്‍ സേന വക്താവ് ഇസ്രഈലിന് മുന്നറിയിപ്പ് നല്‍കി. ഗസയില്‍ ഇസ്രഈല്‍ ആക്രമണം തുടരുകയാണെങ്കില്‍ അഞ്ചും ആറും ഘട്ടങ്ങളായി ഇസ്രഈലിനെ പ്രതിരോധിക്കുമെന്നും യഹ്യ സാരി കൂട്ടിച്ചേര്‍ത്തു.

ഇസ്രഈല്‍-ഫലസ്തീന്‍ സംഘര്‍ഷത്തില്‍ നെതന്യാഹു സര്‍ക്കാരിന് പിന്തുണ നല്‍കുന്ന അമേരിക്കയെ ആക്രമിക്കാന്‍ കഴിഞ്ഞത് വലിയ ബഹുമതിയാണെന്ന് അന്‍സാറുള്ള നേതാവ് അബ്ദുല്‍ മാലിക് അല്‍ ഹൂത്തി പറഞ്ഞു.

ഗസയില്‍ ഇസ്രഈല്‍ ആക്രമണം ആരംഭിച്ചതുമുതല്‍ ഫലസ്തീന്‍ ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ഇസ്രഈലിനെ പ്രതിരോധിക്കുകയാണ് യെമന്‍. ഗസയിലെ കരയാക്രമണവും വ്യോമാക്രണവും അവസാനിപ്പിച്ചില്ലെങ്കില്‍ വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് യെമന്‍ അറിയിച്ചിരുന്നു.

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം, 38000ത്തില്‍ അധികം ഫലസ്തീനികള്‍ ഇസ്രഈലി സൈന്യത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതില്‍ സ്ത്രീകളും കുട്ടികളുമാണ് കൂടുതല്‍.

Content Highlight: Yemeni armed forces have attacked Israel together with Iraqi defense forces

We use cookies to give you the best possible experience. Learn more