വാഷിംഗ്ടണ്‍: യെമനില്‍ സൗദി അറേബ്യ നടത്തുന്ന അടിച്ചമര്‍ത്തലുകള്‍ക്കെതിരെ നിലപാട് കടുപ്പിച്ച് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍. യെമനില്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കായി സൗദിക്ക് ആയുധങ്ങള്‍ നല്‍കുന്ന കരാറുള്‍പ്പെടെയുള്ള പിന്തുണ അവസാനിപ്പിക്കുമെന്നാണ് ജോ ബൈഡന്‍ അറിയിച്ചത്.
‘ഈ യുദ്ധം മനുഷ്യവകാശ പ്രശ്‌നങ്ങളും നയതന്ത്ര രംഗത്ത് വലിയ ദുരന്തങ്ങളുമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ യുദ്ധം അവസാനിച്ചേ തീരു.’ നയതന്ത്ര പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ബൈഡന്‍ പറഞ്ഞു.
യെമന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ അമേരിക്ക കാര്യക്ഷമമായ ഇടപെടലുകള്‍ നടത്തുമെന്നതിന്റെ സൂചനയായാണ് പുതിയ നീക്കങ്ങള്‍ വിലയിരുത്തപ്പെടുന്നത്. ട്രംപ് സര്‍ക്കാരിന്റെ വിദേശനയങ്ങള്‍ തിരുത്തിക്കൊണ്ട് മുന്നോട്ടുപോകാനാണ് ഉദ്ദേശിക്കുന്നതെന്ന് നേരത്തെ ബൈഡന്‍ പറഞ്ഞിരുന്നു.
സൗദിക്ക് ബോംബുകളടക്കമുള്ള ആയുധങ്ങള്‍ വില്‍ക്കുന്ന കരാറിന് ട്രംപ് അനുമതി നല്‍കിയിരുന്നു. യു.എസ് പ്രതിരോധമേഖലയിലുള്ളവര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു എന്നു പറഞ്ഞുകൊണ്ടായിരുന്നു ട്രംപ് ഈ കരാറില്‍ ഏര്‍പ്പെട്ടത്. ഇറാനെതിരെ നടപടി സ്വീകരിക്കുന്നതിനുള്ള നീക്കമായി കൂടി ട്രംപ് ഈ അവസരത്തെ കണ്ടിരുന്നു.
സൗദി അറേബ്യയ്ക്കും, യു.എ.ഇക്കും ആയുധം വില്‍ക്കുന്ന തീരുമാനം പുനഃപരിശോധിക്കുമെന്ന ബൈഡന്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അനുമതി നല്‍കിയ ആയുധ വ്യാപാരം നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി ബ്ലിങ്കണ്‍ പറഞ്ഞിരുന്നു.
അമേരിക്കയുടെ തന്ത്രപരമായ ലക്ഷ്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതും അമേരിക്കയുടെ വിദേശനയത്തെ മുന്നോട്ട് നയിക്കുന്നതുമാണോ കരാര്‍ എന്നു പരിശോധിക്കുമെന്ന് ബുധനാഴ്ച നടത്തിയ ആദ്യ പത്രസമ്മേളനത്തില്‍ ബ്ലിങ്കണ്‍ കൂട്ടച്ചേര്‍ത്തു.
യു.എ.ഇ, സൗദി എന്നീ രാഷ്ട്രങ്ങളുമായി അമേരിക്ക ഏര്‍പ്പെട്ട കോടിക്കണക്കിന് ഡോളറിന്റെ ആയുധ വില്‍പ്പനയ്ക്ക് ബൈഡന്‍ ഭരണകൂടം വിലക്കേര്‍പ്പെടുത്തിയതായി വാള്‍സ്ട്രീറ്റ് ജേണല്‍ ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സൗദി അറേബ്യയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ ചര്‍ച്ചയാകുന്ന സമയത്ത് സൈനിക പിന്തുണ നല്‍കുന്ന അമേരിക്കയുടെ നടപടി വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. സൗദി യെമനില്‍ ആയിരക്കണക്കിന് ആളുകളുടെ ജീവിതമാണ് എടുത്തത്. ഇതേ സൗദിക്ക് ആയുധം വില്‍ക്കുന്നത് തടയാന്‍ കോണ്‍ഗ്രസിന് കഴിയാത്തത് ദൗര്‍ഭാഗ്യകരമാണെന്ന് വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക