സനാ: യെമനില്‍ സ്‌കൂള്‍ ബസിന് നേരെ സൗദി സഖ്യസേനയുടെ വ്യോമാക്രമണത്തില്‍ കുട്ടികളടക്കം നിരവധി പേര്‍ കൊല്ലപ്പെട്ടു. കൂടുതല്‍ പേരും പത്തുവയസ്സിന് താഴെയുള്ള കുട്ടികളാണ്. സാദ പ്രവിശ്യയിലെ ദഹ്‌യാന്‍ മാര്‍ക്കറ്റിലൂടെ കടന്നു പോകുകയായിരുന്ന വാഹനം. ഖുര്‍ആന്‍ ക്ലാസ് കഴിഞ്ഞു പോകുന്ന കുട്ടികളാണ് കൊല്ലപ്പെട്ടതെന്ന് ഹൂതി ടി.വി നെറ്റവര്‍ക്ക് ആയ അല്‍ മസീറ റിപ്പോര്‍ട്ട് ചെയ്തു.
ആക്രമണത്തില്‍ 43 പേര്‍ കൊല്ലപ്പെട്ടതായി ഹൂതി നിയന്ത്രണത്തിലുള്ള യെമന്‍ ആരോഗ്യമന്ത്രാലയം പറഞ്ഞു. ഹൂതി നിയന്ത്രണത്തിലുള്ള നഗരമാണ് ദഹ്‌യാന്‍. എന്നാല്‍ ആക്രമണം നടക്കുന്ന സമയത്ത് നഗരത്തില്‍ വിമത സാന്നിധ്യം ഇല്ലായിരുന്നുവെന്ന് യെമനി മാധ്യമപ്രവര്‍ത്തകന്‍ നാസ്സര്‍ അറാബി പറഞ്ഞു.
ബുധനാഴ്ച രാത്രി ജിസാനില്‍ ഹൂതികള്‍ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തിനുള്ള മറുപടിയാണ് ആക്രമണമെന്ന് സൗദി പ്രതികരിച്ചിട്ടുണ്ട്. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി സൗദി സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
യെമനില്‍ മൂന്നുവര്‍ഷത്തെ യുദ്ധത്തിനിടയില്‍ പതിനായിരത്തിലധികം പേരാണ് കൊല്ലപ്പെട്ടിട്ടുള്ളത്. ജൂണില്‍ സൗദി-യു.എ.ഇ സഖ്യം 250 വ്യോമാക്രമണങ്ങളാണ് യെമനില്‍ നടത്തിയത്. ഇതില്‍ മൂന്നിലൊന്ന് സ്ഥലങ്ങള്‍ സൈനികേതര മേഖലകളാണ്.