അമേരിക്കൻ കപ്പലിന് നേരെ വീണ്ടും ഹൂത്തികൾ; 'ചെങ്കടലിലെ യു.എസ് മേധാവിത്വത്തിന് വേദനാജനകമായ അന്ത്യമുണ്ടാകും'
World News
അമേരിക്കൻ കപ്പലിന് നേരെ വീണ്ടും ഹൂത്തികൾ; 'ചെങ്കടലിലെ യു.എസ് മേധാവിത്വത്തിന് വേദനാജനകമായ അന്ത്യമുണ്ടാകും'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 1st February 2024, 9:23 am

സനാ: അമേരിക്കൻ വാണിജ്യ കപ്പലിന് നേരെ വീണ്ടും ഹൂത്തികളുടെ മിസൈൽ ആക്രമണം.

കെ.ഒ.ഐ എന്ന കപ്പലിന് നേരെ മിസൈൽ ആക്രമണം നടത്തിയതായി ഹൂത്തികളുടെ വക്താവ് ബ്രിഗേഡിയർ ജനറൽ യഹിയ സരീ അറിയിച്ചു.

ചെങ്കടലിൽ യെമൻ തീരത്തോട് ചേർന്ന് അമേരിക്കയുടെ യുദ്ധക്കപ്പലിന് നേരെ നിരവധി മിസൈലുകൾ ഉതിർത്ത് മണിക്കൂറുകൾക്കകമാണ് വാണിജ്യ കപ്പലിന് നേരെ ആക്രമണമുണ്ടാകുന്നത്.

ചെങ്കടലിലെ യു.എസ് മേധാവിത്വത്തിന് വേദനാജനകമായ അന്ത്യം നൽകുമെന്ന് പ്രതിജ്ഞ ചെയ്തിരിക്കുകയാണ് യെമൻ.

ഇസ്രഈലിന്റെ ക്രൂരതകളെ പിന്തുണയ്ക്കുന്ന യു.എസ് തീവ്രവാദ രാഷ്ട്രം ആണെന്നും തീവ്രവാദികളെ സ്പോൺസർ ചെയ്യുകയാണെന്നും യെമനിലെ പ്രതിരോധ മന്ത്രി മേജർ ജനറൽ മുഹമ്മദ് നാസർ അൽ ആസിഫി പറഞ്ഞിരുന്നു.

യെമന്റെ പരമാധികാരത്തിന്റെ കരുത്ത് യു.എസും യു.കെയും തിരിച്ചറിയണമെന്നും ഫലസ്തീനികൾക്കെതിരെ കുറ്റകൃത്യങ്ങൾ നടത്തുന്ന സയണിസ്റ്റുകളെ തീറ്റിപ്പോറ്റാനുള്ള മാർഗമായി ചെങ്കടലിനെ വിട്ടുനൽകില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഗസയിലെ ആക്രമണങ്ങൾ അവസാനിപ്പിക്കുന്നത് വരെ ഇസ്രഈലി കപ്പലുകളെ ചെങ്കടലിൽ ആക്രമിക്കുന്നത് തുടരുമെന്ന് ഹൂത്തികൾ അറിയിച്ചിരുന്നു. ചെങ്കടലിൽ ഗതാഗതം പ്രതിസന്ധിയിലാവുകയും ആഗോള തലത്തിൽ ഇത് ബാധിക്കുകയും ചെയ്തതോടെ യെമനിൽ ബ്രിട്ടനും യു.എസും ആക്രമണം നടത്തിയിരുന്നു.

തുടർന്ന് യു.എസിന്റെയും യു.കെയുടെയും കപ്പലുകളെയും ലക്ഷ്യമിടുകയാണ് ഹൂത്തികൾ.

പിന്നാലെ ഹൂത്തികളെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചിരിക്കുകയാണ് യു.എസ്. ചെങ്കടലിലെ ആക്രമണങ്ങൾ അവസാനിപ്പിച്ചാൽ പ്രഖ്യാപനം പിൻവലിക്കുമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ അറിയിച്ചിരുന്നു.

Content Highlight: Yemen vows to put ‘painful end’ to US hegemony in Red Sea