സനാ: യെമന്റെ സമുദ്ര പരിധിയിൽ പ്രവേശിക്കും മുമ്പ് മുഴുവൻ കപ്പലുകളും യെമൻ സർക്കാരിന്റെ അനുമതി നേടണമെന്ന് യെമനി ടെലികോം മന്ത്രി മിസ്ഫർ അൽ നുമയ്ർ.
ചെങ്കടലിനടിയിലെ നാല് ഇന്റർനെറ്റ് കേബിളുകൾ മുറിച്ചുമാറ്റിയ നിലയിൽ കണ്ടെത്തിയെന്നും ഇത് ആഗോള ടെലികമ്മ്യൂണിക്കേഷൻ സേവനങ്ങളെ തകിടം മറിക്കുമെന്നും കഴിഞ്ഞ വാരം ഹോങ് കോങ് ആസ്ഥാനമായ ടെലികോം കമ്പനി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യെമന്റെ പുതിയ നീക്കം.
‘യെമനി നാവിക സേനയുടെ കപ്പലുകൾ വഴി പെർമിറ്റുകൾക്കും തിരിച്ചറിയലിനുമുള്ള അഭ്യർത്ഥനകളിൽ സഹായിക്കുവാൻ യെമനി ടെലികോം മന്ത്രാലയം സന്നദ്ധമാണ്. കപ്പലുകളുടെ കാര്യത്തിൽ ഞങ്ങൾക്ക് ആശങ്കയുള്ളതിനാൽ പെർമിറ്റ് നേടേണ്ടത് വളരെ അത്യാവശ്യമാണ്,’ യെമന്റെ അൽ മസിറഹ് ടി.വി നെറ്റ്‌വർക്ക് വഴി അൽ നുമയ്ർ പറഞ്ഞു.
എന്നാൽ കടലിനടിയിലെ കേബിളുകൾ തകർന്നതിന് പിന്നിൽ തങ്ങളാണെന്ന ആരോപണം ഹൂത്തികൾ നിഷേധിച്ചിരുന്നു. പ്രദേശത്തെ രാജ്യങ്ങളുടെ ഇന്റർനെറ്റ് സേവനം ഇല്ലാതാകുന്ന നടപടി തങ്ങൾ സ്വീകരിക്കില്ലെന്നാണ് ഹൂത്തികൾ അറിയിച്ചത്.
അതേസമയം യെമനി തുറമുഖ നഗരമായ ഏദനിൽ നിന്ന് 91 നോട്ടിക്കൽ മൈൽ അകലെ വെച്ച് ഒരു കപ്പലിന് നേരെ സ്ഫോടനമുണ്ടായെന്ന് യു.കെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് ഏജൻസിയും ബ്രിട്ടീഷ് സെക്യൂരിറ്റി സ്ഥാപനമായ ആംബ്രെയും റിപ്പോർട്ട് ചെയ്തിരുന്നു.
ആളപായമില്ലെന്നും കപ്പൽ അടുത്ത തുറമുഖം ലക്ഷ്യമാക്കി നീങ്ങിയെന്നുമാണ് ആംബ്രെയുടെ റിപ്പോർട്ട്.
സിങ്കപ്പൂരിൽ നിന്ന് ജിബൂത്തിയിലേക്ക് യാത്ര നടത്തുന്ന ഇസ്രഈലി ബന്ധമുള്ള കപ്പലാണ് ഇതെന്നാണ് വിവരം.
അതേസമയം അറബിക്കടലിൽ വെച്ച് എം.എസ്.സി സ്കൈ എന്ന കപ്പലിനെ തങ്ങൾ ആക്രമിച്ചതായി യെമനി സേന അറിയിച്ചു.
CONTENT HIGHLIGHT: Yemen: Ships need to obtain permit before entering territorial waters