| Thursday, 28th December 2023, 12:00 pm

അമേരിക്കന്‍ പിന്തുണയോടെ ഫലസ്തീനെതിരെ യുദ്ധം തുടര്‍ന്നാല്‍ തിരിച്ചടി കടുത്തതായിരിക്കും; മുന്നറിയിപ്പുമായി യെമന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

സന: ഫലസ്തീനെതിരായ വംശഹത്യ തുടര്‍ന്നാല്‍ കടുത്ത തിരിച്ചടി ഈസ്രഈല്‍ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി യെമന്‍.

ഫലസ്തീനിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും ഗസയ്ക്കെതിരായ ഇസ്രഈലിന്റെ ആക്രമണവും അവലോകനം ചെയ്യുന്നതിനായി യെമനിലെ സായുധ, സുരക്ഷാ സേനകളുടെ നേതാക്കള്‍ നടത്തിയ യോഗത്തിന് പിന്നാലെയായിരുന്നു യെമന്റെ പ്രതികരണം.

ഫലസ്തീനെതിരായ ആക്രമണങ്ങള്‍ തുടരുകയോ യെമന്റെ സുരക്ഷയും പരമാധികാരവും ലംഘിക്കാനും യെമനെതിരെ ആക്രമണം ആരംഭിക്കാനുമാണ് തയ്യാറെടുക്കുന്നതെങ്കില്‍ ഏറ്റവും ശക്തവുമായ രീതിയില്‍ പ്രതികരിക്കാന്‍ തങ്ങള്‍ തയ്യാറാണെന്നായിരുന്നു യെമന്‍ മേജര്‍ ജനറലും പ്രതിരോധമന്ത്രിയുമായ മുഹമ്മദ് അല്‍-അതിഫി പറഞ്ഞത്.

‘യെമന് മുന്‍പില്‍ നിരവധി സാധ്യതകളുണ്ട്, ആവശ്യമെങ്കില്‍ അവ സ്വീകരിക്കാന്‍ മടിക്കില്ല,’ എന്നായിരുന്നു രാജ്യത്തെ സൈനിക-സുരക്ഷാ നേതാക്കളുടെ സംയുക്ത യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് അതിഫി പറഞ്ഞത്.

സായുധ സേനയുമായി സഹകരിച്ചും ഏകോപനത്തോടെയും തങ്ങളുടെ ജോലി നിര്‍വഹിക്കാന്‍ എല്ലാ സുരക്ഷാ സേനകളും തയ്യാറാണെന്നും അവര്‍ ജാഗ്രതയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഫലസ്തീനികള്‍ക്കെതിരെ ഇസ്രഈല്‍ നടത്തുന്ന വംശഹത്യയില്‍ യെമന്റെ നിലപാട് വ്യക്തമാണ്. മാനുഷികപരമായ സമീപനമാണ് ഞങ്ങള്‍ ഇതില്‍ സ്വീകരിക്കുന്നത്. അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് അനുസൃതമാണ് അത്. മാത്രമല്ല, അത് ധാര്‍മികവുമാണ്, മുഹമ്മദ് അല്‍ അതിഫി പറഞ്ഞു.

ചെങ്കടലില്‍ ഹൂത്തികള്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ നാവിക സഖ്യം രൂപീകരിച്ചുകൊണ്ട് മുന്നോട്ടുപോകുന്ന അമേരിക്കയ്ക്കുള്ള മുന്നറിയിപ്പും യെമന്‍ നല്‍കി.

‘കടല്‍ സൈനികവല്‍ക്കരിക്കുകയും ഇസ്രഈലിന് വേണ്ടി നടത്തുന്ന സേവനവും അന്താരാഷ്ട്ര സുരക്ഷയെ ദോഷകരമായി ബാധിക്കുന്നതാണ്. ഇതിന്റെ അനന്തരഫലങ്ങള്‍ ഭീകരമായിരിക്കുമെന്ന് ഞങ്ങള്‍ യു.എസിന് മുന്നറിയിപ്പ് നല്‍കുന്നു,’ യെമന്‍ നേതാക്കള്‍ പറഞ്ഞു.

തന്ത്രപ്രധാനമായ ജലപാതയില്‍ ഇസ്രഈല്‍ കപ്പലുകള്‍ക്ക് നേരെ നടത്തുന്ന ആക്രമണം തടയാനായി യു.എസ് നേതൃത്വത്തില്‍ രൂപീകരിച്ച സഖ്യം പരാജയപ്പെടുമെന്നതില്‍ സംശയമില്ല. യു.എസിന്റെ ഈ തന്ത്രം പരാജയമാകും. ഫലസ്തീനെ അടിച്ചമര്‍ത്താമെന്ന് ചിന്തിക്കുന്ന ഏതൊരു സേനയേയും ഞങ്ങള്‍ തടയും. ഇക്കാര്യത്തില്‍ യെമന്‍ സ്വീകരിക്കുന്നത് ഉറച്ച നിലപാടാണ്, നേതാക്കള്‍ പറഞ്ഞു.

‘യമനിലെ എല്ലാ സുരക്ഷാ സേനകളും സായുധ സേനകളും തങ്ങളുടെ കടമ നിര്‍വഹിക്കാനുള്ള തയ്യാറെടുപ്പിലാണ്, യെമനിലെ നേതാവ് അന്‍സറുല്ലയുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാന്‍ അവര്‍ പ്രതിജ്ഞാബദ്ധരാണ്. ചെറുത്തുനില്‍പ്പ് തുടരും, യെമന്‍ ആഭ്യന്തര മന്ത്രിയും മേജര്‍ ജനറലുമായ അബ്ദുള്‍ കരീം അല്‍ ഹൂത്തി പറഞ്ഞു.

വാഷിംഗ്ടണും സഖ്യകക്ഷികളും യെമനെതിരെ സൈനിക ആക്രമണം നടത്തിയാല്‍ ചെങ്കടലില്‍ യു.എസ് സൈനിക യുദ്ധക്കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്താനും സായുധ സേന മടിക്കില്ലെന്നും യെമന്‍ നേരത്തെ അറിയിച്ചിരുന്നു.

ഫലസ്തീനികള്‍ക്കെതിരായ ഇസ്രഈല്‍ ആക്രമണത്തെ പിന്തുണച്ചും ഇസ്രഈലിന് സൈനിക സഹായം നല്‍കിക്കൊണ്ടും ഇസ്രഈല്‍ തുറമുഖങ്ങളിലേക്ക് പോകുന്ന കപ്പലുകള്‍ക്കെതിരെ ചെങ്കടലിലടക്കം യെമന്‍ സൈന്യം മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തുന്നുണ്ട്.

Content Highlight: Yemen says will inflict ‘harshest blow’ if US-backed Israel continues Gaza war

We use cookies to give you the best possible experience. Learn more