അമേരിക്ക അല്ല ആര് കാവല്‍ നിന്നാലും ഇസ്രഈലി കപ്പലിനെ ഞങ്ങള്‍ ചെങ്കടല്‍ കടത്തില്ല: യെമന്‍
World News
അമേരിക്ക അല്ല ആര് കാവല്‍ നിന്നാലും ഇസ്രഈലി കപ്പലിനെ ഞങ്ങള്‍ ചെങ്കടല്‍ കടത്തില്ല: യെമന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 4th January 2024, 5:59 pm

സന: അമേരിക്ക എത്ര സുരക്ഷ ഒരുക്കിയാലും ഇസ്രഈല്‍ കപ്പല്‍ ചെങ്കടലില്‍ തടയുമെന്ന് യെമന്‍. ചെങ്കടലിലൂടെ ഇസ്രഈലിലേക്ക് പോകുന്ന ഒരു കപ്പല്‍ കൂടി സൈന്യം പിന്തുടരുന്നതായി യെമന്‍ വക്താവ് പറഞ്ഞു.

എന്നാല്‍ ചെങ്കടലില്‍ ഹൂത്തികള്‍ നടത്തുന്ന കപ്പല്‍ ആക്രമണങ്ങള്‍ തുടരുകയാണെങ്കില്‍ വലിയ പ്രത്യാക്രമണങ്ങള്‍ ഉണ്ടാക്കും എന്ന് യു.എസ് അറിയിച്ചു. നിയമവിരുദ്ധമായി കപ്പലുകള്‍ ആക്രമിക്കരുത് അതുപോലെ കപ്പലുകളില്‍ നിന്ന് പിടിച്ചുകൊണ്ടുപോകുന്ന ജീവനക്കാരെ വിട്ടയക്കണമെന്നും വൈറ്റ് ഹൗസ് അറിയിച്ചു.

‘ചെങ്കടലില്‍ ഇസ്രഈല്‍ കപ്പലുകള്‍ക്ക് അമേരിക്ക സുരക്ഷ ഒരുക്കട്ടെ. അവര്‍ എത്ര സുരക്ഷ ഒരുക്കിയാലും ആ കപ്പലുകള്‍ ഞങ്ങള്‍ ചെങ്കടലില്‍ തടയും. ചെങ്കടലില്‍ ഇസ്രഈലിലേക്ക് പോകുന്ന ഒരു കപ്പല്‍ കൂടി സൈന്യം പിന്തുടരുന്നുണ്ട്,’ യെമന്‍ വക്താവ് പറഞ്ഞു.

ഇനിയും ആക്രമണം തുടര്‍ന്നാല്‍ വിമതര്‍ക്കെതിരെ യു.എസ് നേരിട്ട് ആക്രമണം നടത്താന്‍ ആലോചിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. കൂടാതെ ജീവനക്കാരുടെ ജീവനും സമ്പദ്‌വ്യവസ്ഥയ്ക്കും ദോഷകരമാകുന്ന തരത്തില്‍ ചെങ്കടലില്‍ നടത്തുന്ന ആക്രമണങ്ങളുടെ മുഴുവന്‍ പരിണിതഫലങ്ങളും ഹൂത്തികള്‍ തന്നെ വഹിക്കണമെന്ന് യു.എസ് പറഞ്ഞു.

ബുധനാഴ്ച ചെങ്കടലില്‍ ഒരു വ്യാപാര കപ്പലിന് നേരെ ആക്രമണം ഉണ്ടായിരുന്നു. ഇതിന്റെ ഉത്തരവാദിത്തം ഹൂത്തികള്‍ ഏറ്റെടുത്തിരുന്നു. അതുപോലെ യെമന്‍ സായുധ സേന സി.എം.എ സി.ജി.എം ടാഗ് എന്ന കപ്പല്‍ ലക്ഷ്യമിട്ട് ഒരു ഓപ്പറേഷന്‍ നടത്തിയതായും ഹൂത്തികള്‍ എക്സില്‍ പറഞ്ഞു.

എന്നാല്‍ കപ്പലിന് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നും അപകടം ഉണ്ടായിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.
ഈജിപ്തിലേക്കാണ് കപ്പല്‍ പോകുന്നതെന്ന് സി.എം.എ സി.ജി.എം അധികൃതര്‍ വ്യക്തമാക്കി.

തിരക്കേറിയ ജലപാതയായ ചെങ്കടലിലെ ആക്രമണങ്ങള്‍ ഫലസ്തീനികള്‍ക്കുള്ള ഐക്യദാര്‍ഢ്യമാണെന്ന് ഇറാന്‍ പറഞ്ഞു. ഇസ്രഈലുമായി ബന്ധമുള്ള കപ്പലുകള്‍ മാത്രമാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് ഹൂത്തികള്‍ വ്യക്തമാക്കി.

യു.എസ്.എസ്, യു.എസ്.എസ് ഡൈ്വറ്റ് ഡി ഐസന്‍ഹോവര്‍ എന്നീ വിമാനവാഹിനിക്കപ്പലിനെ ചെങ്കടല്‍ ഭാഗത്തേക്ക് നിരീക്ഷണത്തിനായി അയച്ചതായും റിപ്പോര്‍ട്ടുണ്ട്. നിലവില്‍ ബാബ് അല്‍ മന്ദാബ് കടലിടുക്കിലാണ് ഇസ്രഈല്‍ കപ്പലിനെതിരെ ഹൂത്തികള്‍ പ്രത്യാക്രമണം നടത്തുന്നത്.

Content Highlights: Yemen says American support will not protect Israeli ship in red sea