തിരിച്ചടികള്‍ ഉണ്ടായാലും ഇസ്രഈലിനെതിരായ പോരാട്ടം തുടരുമെന്ന് യെമനിലെ ഹൂത്തികള്‍
World News
തിരിച്ചടികള്‍ ഉണ്ടായാലും ഇസ്രഈലിനെതിരായ പോരാട്ടം തുടരുമെന്ന് യെമനിലെ ഹൂത്തികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 28th December 2024, 9:29 am

സനാ: യെമനില്‍ ഇസ്രഈല്‍ സൈന്യം ആക്രമണം ശക്തമാക്കുമ്പോഴും ഇസ്രഈലിനെതിരെ നടത്തുന്ന പോരാട്ടം തുടരുമെന്ന് അറിയിച്ച് യെമനിലെ ഹൂത്തികള്‍. ഗസയിലെ വംശഹത്യ അവസാനിപ്പിക്കുന്നത് വരെ ഇസ്രഈല്‍ തങ്ങളുടെ സൈനിക ലക്ഷ്യമായിരിക്കുമെന്ന് ഹൂത്തി രാഷ്ട്രീയ ഉദ്യോഗസ്ഥന്‍ മുഹമ്മദ് അല്‍ ബുഖൈതി പറഞ്ഞു.

വ്യാഴാഴ്ച ഇസ്രഈല്‍ യെമനിലെ പ്രധാനമേഖലകളില്‍ വ്യോമാക്രമണം നടത്തിയിരിന്നു. യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് യെമന്‍ തലസ്ഥാനമായ സനായിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലും ചെങ്കടല്‍ തീരത്തെ തുറമുഖങ്ങളിലും പവര്‍ സ്റ്റേഷനുകളിലും ഇസ്രഈല്‍ ആക്രമണം നടത്തി. ഈ ആക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം.

കഴിഞ്ഞ ദിവസം സനാ വിമാനത്താവളത്തിന് നേരെ ഇസ്രഈല്‍ ആക്രമണം നടത്തുമ്പോള്‍ ലോകാരോഗ്യ സംഘടനാ (ഡബ്ല്യു.എച്ച്.ഒ) തലവന്‍ ടെഡ്രോസ് അഥ്നോം ഗബ്രിയേയൂസ് സംഭവസ്ഥലത്ത് ഉണ്ടായിരുന്നു. തലനാരിഴയ്ക്കാണ് അദ്ദേഹം ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്.

ടെഡ്രോസും മറ്റ് ഡബ്ല്യു.എച്ച്.ഒ സഹപ്രവര്‍ത്തകരും വിമാനത്തില്‍ കയറാന്‍ പോകുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ വിമാനത്തിലെ ഒരു ജീവനക്കാരന് പരിക്കേറ്റിരുന്നു.

അതേസമയം ഡ്രോണുകള്‍, മിസൈലുകള്‍ എന്നിവ ഉപയോഗിച്ച് ഹൂത്തികളെ ആക്രമിക്കുന്നത് തുടരുമെന്ന് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഹൂത്തികള്‍ ഇസ്രഈലിന് നേരെ ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ചു. എന്നാല്‍ അത് രാജ്യത്ത് എത്തുന്നതിനുമുമ്പ് തന്നെ തടഞ്ഞുവെന്ന് ഇസ്രഈല്‍ സൈന്യം പ്രതികരിച്ചു.

അതേസമയം ഇരുരാജ്യങ്ങളും തമ്മിലുള്ള ആക്രമണങ്ങള്‍ വര്‍ധിച്ചതില്‍ താന്‍ അതീവ ആശങ്കാകുലനാണെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടറസ് പ്രതികരിച്ചു. വിമാനത്താവളത്തിലെയും തുറമുഖങ്ങളിലെയും ആക്രമണങ്ങള്‍ ഭയാനകമാണ്. ഇത് ഗുരുതരമായ അപകടസാധ്യതകള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഇറാന്‍ പിന്തുണയുള്ള ഹൂത്തി സംഘം ഒരു വര്‍ഷത്തിലേറെയായി ഗസയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇസ്രഈലിനെ ആക്രമിക്കുന്നുണ്ട്.

Content Highlight: Yemen’s Houthis will continue fighting against Israel despite setbacks