വിലക്ക് ലംഘിച്ചു; അറബിക്കടലിൽ പുതിയ കപ്പലിനെ ലക്ഷ്യം വെച്ചതായി ഹൂത്തികൾ
World News
വിലക്ക് ലംഘിച്ചു; അറബിക്കടലിൽ പുതിയ കപ്പലിനെ ലക്ഷ്യം വെച്ചതായി ഹൂത്തികൾ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 19th October 2024, 1:33 pm

സന: അറബിക്കടലിൽ ഡ്രോണുകൾ ഉപയോഗിച്ച് മെഗലോപോളിസ് എന്ന കപ്പലിനെ ആക്രമിച്ചെന്ന വെളിപ്പെടുത്തലുമായി ഹൂത്തികൾ.

എൽ.എസ്.ഇ.ജി ഡാറ്റ അനുസരിച്ച്, മാൾട്ടയുടെ പതാകയുള്ള കണ്ടെയ്നർ കപ്പലായ മെഗലോപോളിസ് ഒമാനിലെ സലാല തുറമുഖത്തേക്കുള്ള യാത്രയിലായിരുന്നു.

അധിനിവേശ ഫലസ്തീനിലെ തുറമുഖങ്ങളിൽ പ്രവേശിക്കുന്നതിനുള്ള തങ്ങളുടെ വിലക്ക് ലംഘിച്ചതിനെ തുടർന്നാണ് കപ്പൽ ലക്ഷ്യമിട്ടതെന്ന് ഹൂത്തികളുടെ സൈനിക വക്താവ് യഹ്‌യ സാരി ഒരു ടെലിവിഷൻ പ്രസ്താവനയിൽ പറഞ്ഞു.

‘ഫലസ്തീൻ, ലെബനീസ് ചെറുത്തുനിൽപ്പുകൾക്ക് പിന്തുണയായി, ഞങ്ങളുടെ സൈന്യം നിരവധി ഡ്രോണുകൾ ഉപയോഗിച്ച് അറബിക്കടലിൽ മെഗലോപോളിസ് എന്ന കപ്പൽ ലക്ഷ്യമാക്കി ഒരു ഓപ്പറേഷൻ നടത്തി. ഓപ്പറേഷൻ അതിൻ്റെ ലക്ഷ്യങ്ങൾ വിജയകരമായി നേടി,’ ഹൂത്തികൾ നടത്തുന്ന അൽ-മസീറ ടി.വി സംപ്രേഷണം ചെയ്ത പ്രസ്താവനയിൽ സംഘത്തിൻ്റെ സൈനിക വക്താവ് യഹ്‌യ സരിയ പറഞ്ഞു.

കപ്പലിൻ്റെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് ഇസ്രായേലുമായി ഇടപാടുകൾ ഉള്ളതിനാലാണ് കപ്പൽ ലക്ഷ്യമിട്ടതെന്ന് അദ്ദേഹം പറഞ്ഞു.

യെമനിലെ ഹൂത്തി പോരാളികൾ നവംബർ മുതൽ ചെങ്കടൽ കടക്കുന്ന കപ്പലുകൾക്ക് നേരെ നൂറോളം ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. ഗസയിൽ ഇസ്രഈൽ നടത്തുന്ന ഒരു വർഷം നീണ്ടുനിൽക്കുന്ന യുദ്ധത്തിൽ ഫലസ്തീനികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് ഹൂത്തികൾ ആക്രമണം നടത്തുന്നത്. അവർ ഇത് വരെ രണ്ട് കപ്പലുകൾ മുക്കുകയും മറ്റൊന്ന് പിടിച്ചെടുക്കുകയും , കുറഞ്ഞത് നാല് നാവികരെയെങ്കിലും കൊല്ലുകയെങ്കിലും ചെയ്തു.

Content Highlight: Yemen’s Houthis say they targeted ship in Arabian sea with drones